Progressing
ചരിത്ര പ്രസിദ്ധമായ കബനീ നദിയുടെ തീരത്ത് സ്ഥിതിചെയുന്ന ഒരു കൊച്ചു ദേവാലയമാണ് എള്ളുമന്നം സെന്റ് ജോർജ് ദേവാലയം.നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം എടവക ഗ്രാമ പ്രഞ്ചയത്തിലെ 01, 02, 11 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ്. ചെറുകിട കർഷകരും കൂലിപ്പണിക്കാരും തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് ഏകദേശം 20 ശതമാനത്തോളം പേർ ആദിവാസികൾ ആണ്. ആയിരത്തി തൊള്ളായിരത്തി നാല്പതുകളിലാണ് ഈ പ്രദേശത്തേക്ക് ആദ്യ കുടിയേറ്റം നടക്കുന്നത്. ഇല്ലിക്കൽ വർക്കി, പള്ളിക്കമാലിൽ ഔസേഫ്, തലച്ചിറ ഉലഹന്നാൻ, തോട്ടുംകര ഉലഹന്നാൻ, പുത്തൻപുര ചാക്കോ, ഇല്ലിക്കൽ മത്തായി തുടങ്ങിയവർ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ കുടിയേറ്റക്കാർ.
എള്ളുമന്നം സെറ്റ് ജോർജ് ദേവാലയത്തിന്റെ ചരിത്രം ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിന്റെ ചരിത്രത്തിൽനിന്ന് ആരംഭിക്കണം. മാനന്തവാടി രൂപതയ്ക്ക് കീഴിൽ 1975 ൽ എള്ളുമന്നം, തനിയാട് , രണ്ടെന്നാൽ, പന്നിച്ചാൽ പ്രദേശങ്ങളിൽ താമസിച്ചിരുന്ന മാനന്തവാടി കത്തീട്രൽ പള്ളി ഇടവകക്കാരായിരുന്ന ഏകദേശം 200 ഓളം കുടുബങ്ങൾക്കു വേണ്ടി രൂപതയുടെ പ്രഥമ മെത്രാൻ ബഹുമാനപ്പെട്ട ജേക്കബ് തൂംങ്കുഴി പിതാവ് പടുത്തുയർത്തിയതാണ് ദീപ്തിഗിരി സെന്റ് തോമസ് ദേവാലയം. തിരുവല്ല മലങ്കര കത്തോലിക്ക രൂപതയുടെ കിഴിൽ ഉണ്ടായിരുന്ന ഒന്നര ഏക്കർ ഭൂമിയും ഒരു കൊച്ചു ദേവാലയവും തൂംങ്കുഴി പിതാവ് ഏറ്റെടുത്ത് ഒരു സ്വതന്ത്ര ഇടവക രൂപീകരിച്ചു. എള്ളുമന്നം പ്രദേശത്തുകാർക്ക് വേണ്ടി ആദ്യമായി എള്ളുമന്നത് വിശുദ്ധ കുർബാന അർപ്പിച്ചുതുടങ്ങിയത് ദീപ്തിഗിരി ദേവാലയത്തിലെ വികാരിയായി ബഹുമാനപെട്ട മാത്യു കാറ്റാടിയച്ചനും അസിസ്റ്റന്റ് വികാരി ആയി ബഹുമാനപെട്ട വിൻസെന്റ് താമരശ്ശേരി അച്ഛനും സേവനം ചെയ്ത കാലഘട്ടത്തിൽ ആണ്. 1973 -1974 കാലഘട്ടത്തിൽ യാതൊരുവിധ യാത്ര സ്വാകര്യങ്ങളും ഇല്ലാത്ത കാലത്ത് ഈ രണ്ട് വൈദികരും മാറി മാറി എള്ളുമന്നത് വരികയും വൈകുന്നേരം 04.30 ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യമാരുന്നു. ഇതോടൊപ്പം വൈകുന്നേരം മൂന്ന് മണിമുതൽ വേദപാഠവും നടത്തി വന്നിരുന്നു. എള്ളുമന്നം അനന്തൻ നബ്യാർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ആണ് വിശുദ്ധ കുര്ബാനക്കും വേദപാഠത്തിനും ഉപയോഗിച്ചിരുന്നത്. എന്നാൽ രണ്ട് വർഷത്തോളം മാത്രമേ ഇത്തരത്തിൽ വിശുദ്ധ കുർബാന അർപ്പണം നടത്തിയിട്ടുള്ളു. കണിയാരത്തുനിന്നും കാൽനടയായി യാത്ര ചെയ്‌ത് കബനി പുഴ തോണിയിൽ കയറി വന്ന് വേദപാഠം പഠിപ്പിച്ചിരുന്ന സിസ്റ്റേഴ്സ് തോണി മറിഞ്ഞു അപകടത്തിൽ പെട്ടതും നാട്ടുകാർ രക്ഷപെടുത്തിയതും ഈ കാലഘട്ടത്തിൽ ആണ്
എള്ളുമന്നത് ഒരു കുരിശടി എങ്കിലും ഉണ്ടാകുക എന്നത് ഈ പ്രദേശതുകാരുടെ ഒരു ചിരകാല അഭിലാക്ഷമായിരുന്നു. സ്വന്തായി സ്ഥലമില്ലാത്തതിനാൽ ഇത് സാദ്ധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 1978 ൽ പരേതയായ തലച്ചിറ അന്നക്കുട്ടി വർക്കി ഒരു സെനറ്റ് സ്ഥലം പള്ളിക്ക് ദാനമായി നൽകിയത്. ഇവിടെ ഇതേ വർഷം തന്നെ പരേതനായ പിണക്കാട്ടുപറമ്പിൽ ചാക്കോയുടെ നേതൃത്വത്തിൽ മനോഹരമായ ഒരു കുരിശടി നിർമ്മിക്കുകയും നേർച്ച പെട്ടി വയ്ക്കുകയും ചെയ്തു. എല്ലാദിവസവും വൈകുന്നേരങ്ങളിൽ ഈ കുരിശടിയിൽ നാനാ ജാതി വിഭാഗത്തിൽ പെട്ട വിശ്വാസികൾ തിരി തെളിയിക്കുകയും നേർച്ച കാഴ്ച്ചകൾ സമർപ്പിച്ചു വരികയും ചെയ്തിരുന്നു. എങ്കിലും വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ദേവാലയം നിർമ്മിക്കുന്നതിന് സ്ഥലം ഇല്ലാത്തത് ഈ പ്രദേശത്തെ വിശ്വാസ സമൂഹത്തിന് ഏറെ വിഷമകരമായിരുന്നു. ബഹുമാനപ്പെട്ട ജോസഫ് നെച്ചിക്കാട്ട് അച്ചൻ ദീപ്തിഗിരി വികാരി ആയിരുന്ന സമയത്ത് എടവക ഗ്രാമ പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡിറ്റിനും പൊതു പ്രവർത്തകനുമായ ബഹുമാനപെട്ട പി കുഞ്ഞിരാമൻ നായർ ഒരു ദേവാലയം നിർമ്മിക്കുന്നതിന് 05 സെനറ്റ് സ്ഥലം നിലവിൽ ഉള്ള കുരിശടിയോട് ചേർന്ന് സൗജന്യമായി നൽകുകയുണ്ടായി. 1988 ൽ ഈ സ്ഥലത്ത് ബഹുമാനപെട്ട നെച്ചിക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു കുരിശുപള്ളി സ്ഥാപിക്കുകയുണ്ടയി. 2020 വരെ ഈ കുരിശുപള്ളി ആയിരുന്നു ഈ പ്രദേശത്തുകാരുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം. എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശുദ്ധ കുർബാന അർപ്പിച്ചു വന്നു. കൂടാതെ വിശേഷ അവസരങ്ങളിൽ എല്ലാം ദീപ്തിഗിരി ദേവാലയത്തോടൊപ്പം ഇവിടെയും വിശുദ്ധ കുർബാന അർപ്പണം നടന്നിരുന്നു. എല്ലാ വർഷവും നടത്തി വന്നിരുന്ന തിരുനാളുകൾ ഈ പ്രദേശത്തിന്റെ മഹാ ഉത്സവം ആയിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഇവിടുത്തെ തിരുന്നാൾ ആഘോഷങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് ഇവിടുത്തെ നാനാജാതി മതസ്ഥർ ആയിരുന്നു. കാലാകാലങ്ങളിൽ മാറി മാറി വന്ന വികാരിമാർ ഈ ദേവാലയം നവീകരിക്കുന്നതിനും കൂടുതൽ സ്വകാര്യങ്ങൾ ഒരുക്കുന്നതിനും ശ്രദ്ധ ചെലുത്തിയിരുന്നു. റെവ.ഫാ.തോമസ് ജോസഫ് തേരകം,റെവ.ഫാ.ജോസഫ് മഞ്ചുവള്ളി, റെവ.ഫാ.കുര്യാക്കോസ് കുന്നത്ത്, റെവ.ഫാ.മത്തായി പള്ളിച്ചാൻകുടി, റെവ.ഫാ.അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, റെവ.ഫാ.ഡൊമിനിക് വളകുടിയിൽ, റെവ.ഫാ.ജെയിംസ് കുടിലിൽ, റെവ.ഫാ.ജോസഫ് പരുവമ്മേൽ, റെവ.ഫാ. ജസ്റ്റിൻ മൂന്നാനാൽ, റെവ.ഫാ.മാത്യു മാടപ്പള്ളിക്കുന്നേൽ, റെവ.ഫാ.മനോജ് കക്കോനാൽ, റെവ.ഫാ.ജോസ് കപ്യാരുമല എന്നീ വൈദീകർ ഈ ദേവാലയത്തിന്റെ പുരരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. ആരംഭകാലത്തിൽ കണിയാരം ആരാധന സമൂഹത്തിലെ ബഹുമാനപെട്ട സിസ്റ്റേഴ്‌സും, തുടർന്ന് ക്രിസ്തുദാസി സമൂഹത്തിലെ ബഹുമാനപെട്ട സിസ്റ്റേഴ്‌സും ഈ ദേവാലയത്തിന്റെ വളർച്ചയിൽ നിർലോഭമായ സഹായങ്ങൾ ചെയ്തിട്ടുണ്ട്. നിലവിൽ ദീപ്തിഗിരി ക്രിസ്തുദാസി സമൂഹത്തിലെ സഹോദരിമാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
ബഹുമാനപെട്ട ജോസ് കൊട്ടാരത്തിൽ അച്ചൻ ദീപ്തിഗിരി ദേവാലയത്തിലെ വികാരി ആയിരുന്ന (2017 -2020 ) കാലഘട്ടത്തിൽ ആണ് എള്ളുമന്നം ഇടവക ഒരു സ്വന്തത്ര കുരിശുപള്ളിയായി ഉയർത്തുന്നതിനെകുറിച്ചുള്ള ആലോചനകൾ ശക്തമായത്. എള്ളുമന്നം കേന്ദ്രീകരിച്ച് ഒരു സ്വതന്ത്ര കുരിശുപള്ളി അനുവദിച്ചു തരണമെന്ന് അവശ്യപെട്ട് ദീപ്തിഗിരി ദേവാലയപരിധിയിൽ പെടുന്ന സെന്റ് സേവ്യർ, ലിറ്റിൽ ഫ്ലവർ, അമ്മ ത്രേസ്യ, സെന്റ് അഗസ്റ്റിൻ, സെന്റ് അൽഫോൻസ, സെന്റ് വിയാനി എന്നീ വാർഡുകളിലെ 80 കുടുബനാഥൻമാർ ഒപ്പിട്ട അപേക്ഷ 30/ 05 / 2019 ന് ദീപ്തിഗിരി വികാരിയായിരുന്ന ബഹുമാനപെട്ട ജോസ് കൊട്ടാരത്തിൽ അച്ചൻ വഴി അഭിവന്ദ്യ ജോസ് പിതാവിന് സമർപ്പിച്ചു. അപേക്ഷയോടൊപ്പം, സ്വന്തത്ര കുരിശുപള്ളിയായി ഉയർത്തേണ്ട പ്രദേശത്തിന്റെ ഒരു മാപ്പും തയ്യാറാക്കി മാനന്തവാടി രൂപതാ അദ്ധ്യക്ഷന് സമർപ്പിക്കുകയുണ്ടായി. 2019 ജൂലൈ മാസത്തിൽ ബഹുമാനപെട്ട ജോസ് അച്ചൻ എല്ലാ കുടുബനാഥൻ മാരെയും നേരിട്ട് കാണുകയും സ്വതന്ത്ര കുരിശുപള്ളിയായി ഉയർത്തുന്നതിനെ കുറച്ച് അഭിപ്രായും ആരായുകയും ചെയ്തു. മുഴുവൻ കുടുബങ്ങളും പൂർണ്ണ സമ്മതം അറിയിച്ചതതിനാൽ സ്വതന്ത്ര കുരിശുപള്ളി എന്ന ആശയവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. ഇതിൻ പ്രകാരം 2019 നവംബർ മാസം 10 തീയതി ദീപ്തിഗിരി ദേവാലയത്തിൽ ചേർന്ന പൊതുയോഗത്തിൽ വെച്ച് എള്ളുമന്നത്ത് നിലവിൽ ഉള്ള കുരിശുപള്ളിയെ ഒരുസ്വന്തത്ര കുരിശുപള്ളിയായി ഉയർത്തുവാനും, ഈ ആവശ്യം അനുവദിച്ചുകിട്ടികയാണെകിൽ ഈ ആവശ്യത്തിലേക്കു പുതിയ സ്ഥലം വാങ്ങുവാനും പള്ളി നിർമ്മിക്കുവാനും ദീപ്തിഗിരി ദേവാലയത്തിന് കീഴിൽ താനിയാടുള്ള ഒരു ഏക്കർ സ്ഥലം വിൽക്കുവാനും അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ രൂപതാ അദ്ധ്യക്ഷന് സമർപ്പിക്കുവാൻ തീരുമാനിച്ചു. 2019 നവംബർ 29 ന് ചേർന്ന രൂപതാ കച്ചേരി (Prot. No . 22631/2019) എള്ളുമന്നം കുരിശുപള്ളിയെ താൽക്കാലികമായി സ്വതന്ത്ര കുരിശുപള്ളിയായി ഉയർത്തി. ഇതോടൊപ്പം തന്നെ എള്ളുമന്നത്ത് ഒരുസ്വന്തത്ര കുരിശുപള്ളി പണിയുന്നതിനു ഈ ആവശ്യത്തിലേക്ക് തനിയാട് പ്രദേശത്ത് ദീപ്തിഗിരി ദേവാലയത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരേക്കർ ഭൂമി വിൽക്കുവാനുമുള്ള അനുമതി രൂപതാ കേന്ദ്രത്തിൽനിന്നും ലഭിക്കുകയുണ്ടായി . അതിൻ പ്രകാരം എള്ളുമന്നം ടൗണിൽ പറയിടത്തിൽ ജോസഫിന്റെ പേരിൽ ഉണ്ടായിരുന്ന ഒന്നര ഏക്കർ സ്ഥലം ദേവാലയത്തിന് വേണ്ടി വിലക്ക് വാങ്ങി. പുതിയ സ്ഥലം വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായി 02 ലക്ഷം രൂപ എള്ളുമന്നം പ്രദേശത്തെ 80 കുടുബങ്ങളും സംഭാവനയായി നൽകുകയുണ്ടായി. 2020 ജനുവരി മാസം 18 തീയതി പുതിയ സ്ഥലത്തെ കാട് വെട്ടി തെളിച്ച് പള്ളി നിർമ്മിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിന്റെ തറ കല്ലിടീൽ കർമ്മം ജനുവരി മാസം 27 തീയതി നടക്കുകയുണ്ടായി. ബഹുമാനപെട്ട ജോസ് കൊട്ടാരത്തിൽ അച്ചനാണ് പുതിയ ദേവാലയത്തിന്റെ തറക്കൽ ഇട്ടത്. കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ദേവാലയ നിർമ്മാണം ഉദ്ദേശ്ശിച്ചതിൽ നിന്നും അല്പം നീണ്ടുപോയി. ബഹുമാനപെട്ട ചാണ്ടി പുന്നക്കാട്ട് ദീപ്തിഗിരി ദേവാലയത്തിൽ വികാരി ആയി വന്നതിന് ശേക്ഷം ആണ് ദേവാലയനിർമ്മാണം പൂർത്തിയത്. 2021 നവംബർ 20 തീയതി പുതുതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം ഉത്സവ അന്തരീക്ഷത്തിൽ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവ്വഹിക്കുകയുണ്ടായി.ശ്രീ ഷാജൻ തലച്ചിറ ചെയർമാനും ജോഷി തോണിക്കുഴി കൺവീനറുമായിട്ടുള്ള നിർമ്മാണ കമ്മിറ്റിയാണ് പള്ളി പണിക്ക് നേതൃത്വം നൽകിയത്. അന്ന് മുതൽ ബഹുമാനപ്പെട്ട ചാണ്ടി പുന്നക്കാട്ട് വികാരി ആയി സേവനം അനുഷ്ഠിച്ചു വന്നു. 2023 ഡിസംബർ 13 തീയതി അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് എള്ളുമന്നം താൽക്കാലിക സ്വതന്ത്ര കുരിശുപള്ളിയെ പൂർണ്ണ അർത്ഥത്തിൽ സ്വതന്ത്ര കുരിശുപള്ളിയായി ഉയർത്തി (Prot. No . 25556 /2021 ). 2022 മെയ് 15 ന് എള്ളുമന്നം സ്വന്തത്ര കുരിശുപള്ളിയുടെ അസ്സോസിയേറ്റ് വികാരി ആയി ബഹു. മാത്യു (വിപിൻ) കളപ്പുരക്കൽ അച്ചൻ നിയമിതനായി. അച്ചൻ നിയമിതനായ ശേക്ഷം ഒരു ഇടവകയ്ക്ക് തക്ക പ്രവർത്തനങ്ങൾ ഈ ദേവാലയത്തിൽ നടപ്പിലാക്കി. 2022 മെയ് മാസം 22 തീയതി ചേർന്ന് പൊതുയോഗം ഇവിടെ വേദപാഠം ഈ അദ്ധ്യായന വർഷം മുതൽ ആരംഭിക്കുവാൻ തീരുമാനമെടുത്തു. കൂടാതെ ചെറുപുഷ്പ മിഷൻ ലീഗ്, കെ സി വൈ എം, മാതൃവേദി, തിരുബാല സഖ്യം എന്നിവ വളരെ കാര്യക്ഷമമാക്കി. 2023 സെപ്റ്റംബർ മാസം 23 തീയതി അഭിവന്ദ്യ ജോസ് പിതാവ് ബഹുമാനപെട്ട വിപിൻ കളപ്പുരക്കൽ അച്ചനെ പ്രൊ വികാരി ആയി ഉയർത്തുകയും സ്വതന്ത്ര ചുമതല നൽകുകയും ചെയ്തു (Prot. No . 28177 /2023). നിലവിൽ ആറ് വാർഡുകളിലായി 87 കുടുബങ്ങൾ ഈ ദേവാലയത്തിലെ അംഗങ്ങൾ ആണ്. മാനന്തവാടി രൂപതയ്ക്ക് വേണ്ടി വൈദിക പഠനം നടത്തുന്ന ഡീക്കൻ ഫെബിൻ റോബർട്ട് തലച്ചിറ, സഭാ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സിസ്റ്റർ റെജി മരിയ പാറയിൽ, സിസ്റ്റർ അഞ്ചു ജോസ് ഇല്ലിക്കൽ MSA, സിസ്റ്റർ അഞ്ജിത ഇല്ലിക്കൽ SD, സിസ്റ്റർ ഇസബെൽ മരിയ പുത്തൻപുര FCC, സിസ്റ്റർ മരിയ ജീസസ് പുത്തൻപുര FCC എന്നിവർ ഈ ഇടവകയിൽ നിന്നും ദൈവവിളി സ്വീകരിച്ചവർ ആണ്. ജൈവകൃഷിയുടെ അന്താരാക്ഷ്ട്ര അംബാസിഡർ, ദേശീയ വോൾളിബോൾ റഫറി, ദേശീയ റഫറീസ് ഫോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോസ് പുളിയർമാറ്റത്തിൽ, ദേശീയ സംസ്ഥാന ക്രിക്കറ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലീന മലേക്കുടി, അലീന തോണിക്കുഴി എന്നവർ ഈ ഇടവകയുടെ അഭിമാനങ്ങൾ ആണ് ഇന്ന് ഒരു ഇടവക പള്ളിക്ക് സമാനമായ രീതിയിൽ എല്ലാ കൂദാശകളും ഇവിടെ പാരികർമ്മം ചെയ്യുന്നു. സെമിത്തേരി ആവശ്യത്തിന് മാത്രമാണ് മാതൃ ഇടവകയായ ദീപ്തിഗിരി ദേവാലയത്തെ ആശ്രയിക്കുന്നത് . അധികം വൈകാതെ ഒരു സ്വതന്ത്ര ഇടവകയായി എള്ളുമന്നം സെന്റ് ജോർജ് ദേവാലയം ഉയർത്തപ്പെടും എന്ന പ്രതീക്ഷയിൽ ആണ് ഇവിടുത്തെ വിശ്വാസ സമൂഹം .