Progressing

St. Peter & Paul Church, Mananthavady Town

സെന്റ് പീറ്റർ & പോൾ ചർച്ച് (ടൗൺ ചർച്ച്, മാനന്തവാടി)

Parish History

Parish History

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള മാനന്തവാടി ടൌൺ ഇടവക, അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് 2004 ഡിസംബർ 8 തീയതി പുറപ്പെടുവിച്ച ഡിക്രി പ്രകാരം (Prot. No. 1292/2004) 2004 ഡിസംബർ 12 തീയതി സ്ഥാപിതമായി.  വയനാട് ജില്ലയിൽ മാനന്തവാടി കത്തീഡ്രൽ ഇടവകാതിർത്തിക്കുള്ളിൽ മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരത്തായി കോ-ഓപ്പറേറ്റീവ് പ്രസ് റോഡിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. കച്ചവടം, ജോലി, പഠനം മുതലായ കാരണങ്ങളാൽ മാനന്തവാടി ടൌൺ പരിസരത്ത് താമസമാക്കിയവരുടേയും മാനന്തവാടി കത്തീഡ്രൽ, ആറാട്ടുതറ, കമ്മന, തോണിച്ചാൽ, ദീപ്തിഗിരി എന്നീ ഇടവകകളിൽപ്പെട്ട ടൌണിനോട് ചേർന്ന് കിടക്കുന്ന കുടുംബങ്ങളുടേയും അജപാലന സൌകര്യാ‍ർത്ഥവും ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി മാനന്തവാടിയിലെത്തുന്ന സീറോ മലബാർ സഭാംഗങ്ങൾക്ക് വി.കുർബാനയിൽ സംബന്ധിക്കുവാനുള്ള സൌകര്യാർത്ഥവുമാണ് മാനന്തവാടി ടൌണിൽ ഒരു പുതിയ ഇടവക സ്ഥാപിതമായത്. 160 കുടുംബങ്ങളിലായി 600 ആളുകൾ ഇപ്പോൾ ഈ ഇടവകയിലുണ്ട്.

മാനന്തവാടി ടൌണിനോടനുബന്ധിച്ച് പുതിയ ഒരു ഇടവക എന്ന അഭിലാക്ഷവുമായി മേല്പറഞ്ഞ സ്ഥലങ്ങളിലെ  ബഹു. വികാരിമാരും കുടുംബനാഥന്മാരുമായി 30 പേർ പങ്കെടുത്ത് പ്രഥമയോഗം 1999 ഫെബ്രുവരി 27 തീയതി മാനന്തവാ‍ടി രൂപതാ വികാരി ജനറാളായിരുന്ന മോൺസിഞ്ഞോർ ജോർജ് ഞരളക്കാട്ടച്ചന്റെ (പിന്നീട് മാണ്ഡ്യരൂപതാ മെത്രാനും തലശ്ശേരി ആർച്ച് ബിഷപ്പുമായി നിയമിതനായി) അദ്ധ്യക്ഷതയിൽ മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ ചേരുകയും ടൌണിൽ ഒരു പള്ളി വേണമെന്ന ആഗ്രഹം അന്നത്തെ രൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ  മാർ എമ്മാനുവേൽ പോത്തനാമൂഴി പിതാവിനെ അറിയിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടും പ്രത്യേക താല്പര്യത്തോടും കൂടെ രൂപതാ പ്രോകുറേറ്ററായിരുന്ന ബഹു. ജോർജ്ജ് മൈലാടൂരച്ചന്റെ നേതൃത്വത്തിൽ താഴെ പേരു കൊടുത്തിരിക്കുന്ന 9 അംഗ കർമ്മ സമിതി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. അംഗങ്ങൾ 1. മേച്ചരിൽ പി.എ. മാത്യു (കുഞ്ഞേട്ടൻ) 2. ഇല്ലിപറമ്പിൽ അഡ്വ.ജോസിച്ചൻ കോര 3. കാവനമാലിൽ പത്രോസ് 4. ചൂരനോലിക്കൽ സാബു 5. വാഴേപ്പറമ്പിൽ അഡ്വ. വി.എം. ജോസ് 6. ഇടമല ദേവസ്യ 7. കടമ്പമറ്റം തോമസ് 8. കണ്ടത്തിക്കുടി തോമസ് 9. ചെറുവത്താക്കൽ ഷാജി.

തൽ‌ഫലമായി തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഉടമസ്ഥതയിൽ മാനന്തവാടിയിൽ ഉണ്ടായിരുന്ന സ്ഥലത്തുനിന്നും 50 സെന്റ് സ്ഥലം പള്ളിയ്ക്ക് വേണ്ടി രൂപത വിലയ്ക്ക് വാങ്ങിയ്ക്കുകയും 2002 ഓഗസ്റ്റ്  15  ന് അഭിവന്ദ്യ മാർ എമ്മാനുവേൽ പോത്തനാമുഴി പിതാവ് പള്ളിയുടെ ശിലാസ്ഥാ‍പനം നിർവ്വഹിക്കുകയും ചെയ്തു. രൂപതയുടെയും ഇടവകാംഗങ്ങളുടെയും ക്രോൺ‌ട്രാക്റ്റർ അപ്പുക്കുട്ടന്റെയും പരിശ്രമഫലമായി ഒരു വർഷം കൊണ്ട് താഴത്തെ നിലയുടെ പണി പൂർത്തിയാക്കി 2003 ഓഗസ്റ്റ് മാസം 15 þmw    തീയതി രൂപതാ അഡ്‌മിനിട്രേറ്ററായിരുന്ന റവ. മോൺ.ജോർജ് ഞരളക്കാട്ട് പള്ളിയുടെ വെഞ്ചരിപ്പ് നടത്തി വി.കുർബാന സ്ഥാപിക്കുകയും തുടർന്ന് രൂപതാ പ്രൊക്കുറേറ്റർ ആയിരുന്ന ബഹു. ജോർജ് മൈലാടൂരച്ചന്റെ നേതൃത്വത്തിൽ സ്വതന്ത്രമായി അജപാലന പ്രവർത്തനങ്ങൾ ആരംഭിച്ച് മുന്നോട്ട് പോവുകയും ചെയ്തു.

പിന്നീട് കൂടിയ പൊതുയോഗ തീരുമാനങ്ങളും പ്രവർത്തനങ്ങളും കണക്കിലെടുത്ത് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് 2004 ഡിസംബർ  12 þmw തീയതി മാനന്തവാ‍ടി  ടൌൺ പള്ളിയെ വി.പത്രോസ് –പൌലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള സ്വതന്ത്ര ഇടവകയായി ഉയർത്തുകയും ഇടവകയുടെ പ്രഥമ വികാരിയായി രൂപതാ പ്രൊക്കുറേറ്ററായിരുന്ന ബഹു.ഗർവ്വാസീസ് മറ്റം അച്ചനെ നിയമിക്കുകയും ചെയ്തു. 2007 മുതൽ വീണ്ടും ബഹു.ഗർവ്വാസീസ് മറ്റം അച്ചൻ വികാരിയായി നിയമിതനായപ്പോൾ രണ്ടാം നിലയുടെ അതായത് നിലവിലുള്ള ദേവാലയത്തിന്റെ പണി ആരംഭിച്ചു. ബഹു. വികാരിയച്ചന്റെയും കൈക്കാരന്മാരായിരുന്ന മുട്ടുതോട്ടിൽ പൌലോസ്, പ്ലാക്കൽ ജോർജ്, മനേലിൽ ഗ്രേസി ജോർജ്, കമ്മറ്റിക്കാർ എന്നിവരുടെയും, കോൺട്രാക്റ്റർ എം. ജെ. സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ രൂപതയുടെ ഉദാരമായ സാമ്പത്തിക സഹായവും ഇടവക ജനത്തിന്റെ സഹകരണം കൊണ്ട് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. 2008 ഏപ്രിൽ 5 þmw    തീയതി രൂപതാദ്ധ്യക്ഷ്യൻ മാർ ജോസ് പൊരുന്നേടം പിതാവ് ദേവാലയ പ്രതിഷ്ഠ നടത്തി ദിവ്യബലി അർപ്പിച്ചു. ദേവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ച് നടത്തിയ തിരുനാൾ ദിനങ്ങളിൽ ഏപ്രിൽ 6  þmw   തീയതി മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവ് തിരുനാൾ ദിവ്യബലി അർപ്പിക്കുകയും ഏപ്രിൽ 7 þmw   തീയതി ഡീക്കൻ മാത്യു (മനോജ്) കറുത്തേടത്ത് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിന്റെ കൈവയ്പ്പ് ശ്രുശ്രൂഷവഴി പൌരോഹിത്യം സ്വീകരിച്ച് മാനന്തവാടി ടൌൺ ഇടവക രൂപീകരിച്ച ശേഷമുള്ള പ്രഥമ വൈദികനായി അഭിഷിക്തനാവുകയു ചെയ്തു.

  1. ഇടദിവസങ്ങളിൽ രാവിലെ 6.30 ന് ദിവ്യബലിയും ഞാ‍യറാഴ്ചകളിൽ രാവിലെ 6.30 നും 9.00 മണിയ്ക്കും 9 മണിയ്ക്കത്തെ കുർബാനയ്ക്ക് ശേഷം വേദപാഠവും തിങ്കളാഴ്ച്ചകളിൽ വൈകുന്നേരം 4 മണിയ്ക്ക് കുമ്പസാരവും  4.30 ന് വി.കുർബാനയും വി.യൂദാതദേവൂസിന്റെ നൊവേനയും
  2.  പൊതുജനങ്ങൾക്കായി എല്ല വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കുമ്പസാ‍രത്തിന് അവസരമൊരുക്കുന്നു.
  3. ഞാ‍യറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലുമൊഴികെ ശനിയാഴ്ച ഉൾപ്പെടെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 7.15 മുതൽ വൈകിട്ട് 5 മണി വരെ ബഹു. ആരാധനാ സന്യാസിനീ സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പൊതുജനത്തിന് നിത്യാരാധന ചാപ്പലിൽ ആരാധനയ്ക് അവസരം ഒരുക്കിയിട്ടുണ്ട്.
  4. മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആവശ്യാർത്ഥം രോഗീ ലേപന ശ്രുശ്രൂഷ ചെയ്ത് വരുന്നു.
  5. കുമ്പസാരത്തിനെത്തുന്നവർക്ക് വൈദികരുടെ ലഭ്യത അനുസരിച്ച് പകൽ ഏത് സമയത്തും അവസരമൊരുക്കുന്നു.  
  6. വാർഡുകളിൽ പ്രാർത്ഥനാ യോഗങ്ങളും പ്രത്യേക അവസരങ്ങളിൽ ദിവ്യ ബലിയും നടത്തുന്നു.
  7. സമീപ പ്രദേശങ്ങളിലെ ഇടവക ജനത്തിന്റെ സൌകര്യാർത്ഥം വിവാഹം, മാമ്മോദീസ  മുതലായ കൂദാശകൾ പരികർമ്മം ചെയ്യുവാൻ അവസരമൊരുക്കി കൊടുക്കുന്നു.
  8. ഭക്ത് സംഘടനകളുടെ രൂപതാ - മേഖലാ തല ഒത്തുചേരലുകൾക്ക് സൌകര്യമൊരുക്കി കൊടുക്കുന്നു.
  9. വിവിധ ആവശ്യങ്ങളിൽ ടൌണിൽ എത്തുന്ന നിർധനരായ വ്യക്തികൾക്ക് ഇടവകയുടെ ജീവകാരുണ്യ ഫണ്ടിൽ നിന്നും ആവശ്യാനുസരണം ധന സഹായം ചെയ്ത് വരുന്നു.

 

 ഇടവകയിൽ നിന്നുള്ള വൈദികരും സമർപ്പിതരും

മാനന്തവാടി രൂപതയ്ക്ക് വേണ്ടി അഭിഷിക്തരായ ബഹു. ജോസ് മേച്ചരിൽ അച്ചൻ, ബഹു. മനോജ് കറുത്തേടത്തച്ചൻ, TOR സന്യാസ സഭാംഗമായ ബഹു. ബൈജു പൂവത്തും മൂട്ടിൽ  എന്നിവരാണ് ഇടവകയിൽ നിന്നുള്ള വൈദികർ. റവ.സി.ലിസ ജേക്കബ് കിഴക്കേമണ്ണൂർ AC,  റവ. സി. പ്രീത തോമസ് കണ്ണംതറ DSS, റവ.സി. സജന തോമസ് കണ്ണംതറ SAB, റവ.സിൻസി കണ്ണംതറ DSS എന്നിവരാണ് ഈ ഇടവകയിൽ നിന്നുള്ള സമർപ്പിതർ.

 ഇടവകയിൽ സേവനം ചെയ്ത് വൈദികർ

റവ.ഫാ. ജോർജ് മൈലാടൂർ (2003-2004)

റവ.ഫാ.ഗർവ്വാസീസ് മറ്റം (2004-2005, 2007-2008)

റവ ഫാ.കുര്യൻ വാഴയിൽ (2005-2006)

റവ. ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ (2009-2011)

റവ.ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ (2011-2016)

റവ.ഫാ. അഗസ്റ്റ്യൻ നിലയ്ക്കപ്പിള്ളിൽ (2016-2019)

 ഫാ. ജോസഫ് പരുവുമ്മേൽ (2019- 2022)

റവ. ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ (2005), റവ.ഫാ.സജി കാട്ടാംകോട്ടിൽ (2006) റവ.ഫാ.ഷാജു മുളവേലിക്കുന്നേൽ (2009) എന്നിവരുടെ സഹായവും ഈ ഇടവകയ്ക്ക് ലഭിച്ചിട്ടുണ്ട്.  രുപതയുടെ ആർകിവിസ്റ്റ് എന്ന ഉത്തരവാദിത്വത്തോടൊപ്പം 2020 മുതൽ 2022 വരെ ഈ ഇടവകയുടെ അസി.വികാരിയായിരുന്ന ബഹു. വിപിൻ കളപ്പുരയ്ക്കൽ അച്ചന്റെ സേവനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്.   

 സ്ഥാപനങ്ങൾ

രൂപതയുടെ ആ‍സ്ഥാനമായ ബിഷപ്പ്സ് ഹൌസ്, മൈനർ സെമിനാരിയായ മൌണ്ട് മേരി കോളേജ്,  എസ്.കെ.ഡി. സിസ്റ്റേഴ്സിന്റെ നോവിഷീറ്റ് ഹൌസ്,  സെന്റ് ജോസഫ് മിഷൻ ആശുപത്രി, രൂപതയുടെ അഗതി അനാഥ വ്യദ്ധമന്ദിരമായ സമരിറ്റൻ ഭവൻ, എസ്.ഡി. സിസ്റ്റേഴ്സിന്റെ ജീവൻ ധാര മാനസിക പുനരാരോഗ്യ കേന്ദ്രം, സെന്റ് ആൻസ് സിസ്റ്റേഴ്സിന്റെ വ്യദ്ധമന്ദിരമായ ആൻസ് ഭവൻ, സെന്റ് ആൻസ് സിസ്റ്റേഴ്സിന്റെ തേർഷ്യേറ്റ് ഹൌസായ അനുഭവ സ്പിരിച്ച്വാലിറ്റി സെന്റർ,  വിദ്യാഭ്യാസ പരിശീലന രംഗത്തെ രൂപതയുടെ പുതിയ പ്രസ്ഥാനമായ ഫെഡാർ ഫൗണ്ടേഷൻ എന്നിവ ഈ ഇടവകാതിർത്തിയിൽ സ്ഥിതി ചെയ്യുന്നു.

സന്യാസിനി സമൂഹങ്ങൾ

  FCC (സ്ഥാപിതം 14-9-1980), SAB. ( Annes Bhavan സ്ഥാപിതം 17-3-1998), , SDS (സ്ഥാപിതം 6-12-2007),  SH (സ്ഥാപിതം 11-6-2013 )  SABS (സ്ഥാപിതം 14-8-2018 ) SD (സ്ഥാപിതം 7-2-2002 ),  SKD (സ്ഥാപിതം 1-5-1979 ),  CMC (സ്ഥാപിതം 15-10-1975), എന്നീ സന്യാസിനീ സമൂഹങ്ങൾ വിവിധ അജപാലന ശുശ്രൂഷകളുമായി ഇടവകാതിർത്തിയിൽ സേവനം ചെയ്യുന്നു.

 

മതബോധനം -  ഭക്ത സംഘടനകൾ

 ഒന്നാം ക്ലാസ്സുമുതൽ 12  ക്ലാസ്സുവരെയുള്ള വിശ്വാസ പരിശീലനം  പ്രധാന അധ്യാപകൻ തോമസ് ചെമ്മരപ്പള്ളിലിന്റെ നേതൃത്വത്തിൽ ബഹു. സിസ്റ്റേഴ്സ് ഉൾപ്പെടെയുള്ള 15 അംഗ അധ്യാപകരുടെ സഹകരണത്തോടെ നടന്നു വരുന്നു.  ഇടവകയിൽ മിഷൻ ലീഗ്, തിരുബാലസംഖ്യം, അൾത്താരസംഘം,  കെ.സി.വൈ.എം മാതൃവേദി എന്നീ ഭക്ത സംഘടനകൾ സജീവമായി    പ്രവർത്തിക്കുന്നു.

ചരിത്ര സ്മാരകം

  ബ്രട്ടീഷ്‌കാർക്ക് എതിരെ സ്വാതന്ത്ര സമരത്തിന് നേതൃത്വം കൊടുത്ത് വീരമൃതു വരിച്ച പഴശ്ശി രാജാവിന്റെ ഭൌതികശരീരം അന്ത്യ വിശ്രമം കൊള്ളുന്ന ചരിത്രസ്മാരകം ഈ ഇടവകാതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

മെഡിക്കൽ കോളേജ്

മാനന്തവാ‍ടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ഈ ഇടവകാതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

സിമിത്തേരി

 19-09-2004 ന്  ചേർന്ന പൊതുയോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിമിത്തേരി കമ്മറ്റി അംഗങ്ങളായ മേച്ചേരിൽ മാത്യു, ഇല്ലിപറമ്പിൽ അഡ്വ. ജോസിച്ചൻ കോര, വികാരി റവ.ഫാ. ഗർവ്വാസീസ് മറ്റം  എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമകരമായ പരിശ്രമത്തിന്റെയും ഇടവകക്കാരുടെ സഹകരണത്തിന്റെയും ഫലമായി 2007 ആരംഭത്തിൽ ഇടവകയ്ക്ക് സ്വന്തമായി ഒരു സിമിത്തേരി എന്ന അഭിലാഷം സാക്ഷാൽക്കരിക്കപ്പെട്ടു. സിമിത്തേരിയിലേയ്ക്കുള്ള പ്രവേശന പാതയ്ക്ക് വേണ്ടി വന്ന സ്ഥലം ഉദാരമായ നിരക്കിൽ അയൽവാസിയായിരുന്ന ശ്രീ വളപ്പായി അശോകൻ പള്ളിക്ക് നൽകിയത് അനുഗ്രഹമായി. 2012 -ൽ കല്ലറകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

    ബഹു. മാത്യു പെരുമാട്ടിക്കുന്നേൽ വൈദികമന്ദിരം നിർമ്മിക്കുകയും റവ.ഫാ. അഗസ്റ്റ്യൻ നിലക്കപ്പിള്ളിൽ സിമിത്തേരിയുടെ നിർമ്മാണവും ദേവാലയത്തിലെ സീലിങ്ങിന്റെ പുനർനിർമ്മാണവും പാരീഷ് ഹാളിന്റെ മുൻപിലുള്ള ചുറ്റുമതിലിന്റെ നവീകരണവും പൂർത്തിയാക്കി.

                 ഇപ്പോഴത്തെ വികാരി ബഹു. ജോസഫ് പരുവമ്മേലച്ചന്റെ നേതൃത്വത്തിൽ നിത്യാരാധന ചാപ്പൽ എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലത്തു മനോഹരമായി പുനർനിർമ്മിച്ചത്  ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ഇടവകജനത്തിനും വിവിധ ആവശ്യങ്ങൾക്ക് ടൗണിൽ വന്നുപോകുന്നവർക്കും ഏറെ സഹായകമാണ്. കൂടാതെ നിത്യാരാധന ചാപ്പലിന്റെ മുമ്പിൽ മനോഹരമായ ഒരു ഗ്രോട്ടോയും  സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ദൈവാലയത്തിന്റെ അകത്ത്‌ തിരുസ്വരൂപങ്ങൾ സ്ഥാപിക്കുന്നതിനുള്ള രൂപക്കൂട്, ദീർഘകാലമായി പള്ളിയുടെ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചോർച്ച പരിഹരിക്കുന്നതിനുള്ള റൂഫിംഗ്, സണ്ഡേസ്ക്കൂൾ കെടിടത്തിന്റെ ചോർച്ച പരിഹരിക്കൽ,  പള്ളിക്കകത്തുണ്ടായിരുന്ന  കയർ മാറ്റിന് പകരം കോട്ടൺ മാറ്റ് വിരിക്കൽ എന്നീ  പ്രവർത്തനങ്ങൾ കോവിഡിന്റെ ഈ പ്രതിസന്ധി കാലഘട്ടത്തിലും  പൂർത്തിയാക്കാൻ ഇടവക ജനത്തിന്റെ നിർലോഭമായ സഹകരണത്താൽ  അച്ചന് സാധിച്ചിട്ടുണ്ട്.

                    വിവിധയിടങ്ങളിൽ നിന്ന് ടൗണിൽ എത്തുന്നവർക്ക് ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ആത്‌മീയ കാര്യങ്ങൾ നിർവഹിക്കുന്നതിനും  മാനന്തവാടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയം സൗകര്യമൊരുക്കുന്നു.