സവിശേഷമായ സാഹചര്യങ്ങളോടെയാണ് മീനങ്ങാടിയിലെ സുറിയാനി കത്തോലിക്കരുടെ ഇടവക കൂട്ടായ്മ രൂപപ്പെട്ടു വന്നത് . ഒരു ഹൃദയവും ഒരു ആത്മാവുമായി ദൈവത്തിന്റെ അപരിമേയമായ കരുതൽ അതിനെ മെനഞ്ഞെടുത്തപ്പോൾ കൂട്ടായ്മയുടെ ഒരു സാക്ഷ്യമായി വളർന്ന ചരിത്രമാണ് ഈ ഇടവകയുടേത്. ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പുറപ്പാട് യാത്രക്കൊടുവിൽ ഈ പ്രദേശത്ത് കുടിയേറിയവരുടെ ആദ്ധ്യാത്മിക ദൃഢതയിലാണ് ഈ ദേവാലയ സമൂഹത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് . മീനങ്ങാടിയിലെ വിശ്വാസസമൂഹത്തെ ദൈവികപദ്ധതിക്കൊത്ത് രൂപപ്പെടുത്തുവാനുള്ള വൈദികരുടെ പ്രേഷിത സമർപ്പണത്തിന്റെ ഫലമായിരുന്നു ഇടവക ദേവാലയവും കൂട്ടായ്മയും.
ഒരു ദേവാലയമുയർന്നത് ഇങ്ങനെയായിരുന്നു.
.തെനേരി,വാഴവറ്റ,ബത്തേരി എന്നിവിടങ്ങളിലായിരുന്നു മീനങ്ങാടി പ്രദേശത്തിനടുത്തുള്ള ദേവാലയങ്ങൾ സ്ഥിതി ചെയ്തിരുന്നത്. ഈ ദേശത്തുള്ളവരുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾക്ക് ആശ്രയമായത് ബാലേശുഗിരിയിലെ ആശ്രമത്തിലുള്ള വിൻസെൻഷ്യൻ വൈദികരായിരുന്നു . മതബോധനവും സംഘടനാ പ്രവർത്തനങ്ങളുമൊക്കെ ആരംഭിക്കുന്നത് അവരുടെ നേതൃത്വത്തിലാണ് . 1975 ൽ ദിവ്യകാരുണ്യ നാഥന്റെ ആരാധനാ സന്യാസിനി സമൂഹം മീനങ്ങാടിയിൽ മഠം സ്ഥാപിച്ചു . ആ സന്യാസിനികളുടെ സ്നേഹത്തണലിൽ മഠത്തോട് ചേർന്നുള്ള ചാപ്പ ലിൽ വി.ബലിയർപ്പണം ആരംഭിച്ചു . അസ്സീസ്സി ആശ്രമത്തിലെ ഭക്ഷണമുറി , ആശ്രമത്തിനു താഴെയുള്ള ചെറിയ കെട്ടിടം എന്നിവിടങ്ങളിലൊക്കെ ആരാധനയ്ക്കായും വി . ബലിയർപ്പണത്തിനായും ഒന്നുചേർന്നവരുടെ പ്രാർത്ഥനകൾ ചേർത്തുവെച്ച വിശുദ്ധ ദേവാലയം ആശീർവദിക്കപ്പെടുന്നത് 1984 ഡിസംബർ 21 നാണ് . 1981 ആഗസ്റ്റ് 1 ന് ഇടവക സ്ഥാപിച്ചുകൊണ്ട് മാർ ജേക്കബ് തൂങ്കുഴി പിതാവ് കൽപ്പന പുറപ്പെടുവിച്ചു.