Progressing

Fathima Matha Church, Theneri

ഫാത്തിമ മാതാ ചർച്ച്‌ തെനേരി

Parish History

Parish History

വയനാട് ജില്ലയിൽ മുട്ടിൽ പഞ്ചായത്തിൽ കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ കാക്കവയൽ ജംഗ്ഷനിൽ നിന്ന് വാഴവറ്റ റോഡിൽ ഒന്നര കിലോമീറ്റർ അകലെയാണ് മാനന്തവാടി രൂപത കൽപ്പറ്റ ഫെറോനയിൽ ഉൾപ്പെടുന്ന തെനേരി ഫാത്തിമ മാതാ ദേവാലയം. ഇപ്പോൾ മുട്ടിൽ, മീനങ്ങാടി പഞ്ചായത്തുകളിൽ ഉൾപ്പെട്ട മാണ്ടാട്, കരിങ്കണ്ണികുന്ന്, കല്ലുപാടി, തെനേരി, കാക്കവയൽ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് 1948ൽ സ്ഥാപിതമായ തെനേരി ഇടവക. 1938-48 കാലം കരിങ്കണ്ണികുന്ന്, വാഴവറ്റ, ഏഴാംചിറ, ചീങ്ങേരി, മുട്ടിൽ, കൊളവയൽ എന്നീ പ്രദേശങ്ങളിലേയ്ക്ക് ഒറ്റക്കായും കൂട്ടമായും, ക്രൈസ്തവ കുടുംബങ്ങൾ കുടിയേറി. ഈ കുടുംബങ്ങളത്രയും തുടക്കത്തിൽ തെനേരി കേന്ദ്രീകരിച്ചാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസകൂട്ടായ്മ വളർത്തിയതും ശക്തിപ്പെടുത്തിയതും. ഇതിന് നേതൃത്വവും പ്രചോദനവും നൽകിയ പ്രധാന കുടുംബങ്ങൾ തുറപ്പാട്ട്, ചൂടിയാങ്കൽ, നെല്ലിനിൽക്കുംതടത്തിൽ, ഭവനത്തുംകുടി, പച്ചിക്കൽ, ഒറവനാംതടം, ചക്കാല, പുലവേലിൽ, കൈതമറ്റം, മുഴുവഞ്ചേരി, പീച്ചാട്ട്കുടി, കണ്ണംകല്ലേൽ, പള്ളിക്കൽ, വട്ടേലിൽ, കൊറ്റുകുന്നത്ത് എന്നിവരായിരുന്നു. ചുണ്ടേൽ ഇടവക വികാരിയായിരുന്ന ബഹു. സുക്കോള SJ എന്ന കോഴിക്കോട് രൂപതാംഗമായ ഈശോസഭാ വൈദീകനാണ് ഇവിടേയ്ക്ക് കടന്നുവന്ന ആദ്യ വൈദീകൻ. പ്രാദേശികമായി ഭവനങ്ങളിൽ ബലിയർപ്പിച്ചും കൂദാശകൾ നൽകിയും പ്രാർത്ഥിച്ചും സന്ദർശിച്ചും സഹായിച്ചു. ഈ കുടുംബങ്ങളിൽ വിശ്വാസം ശക്തിപ്പെടുത്താനും സജീവമാക്കാനും സുക്കോളച്ചന് സാധിച്ചുവെന്നതും നന്ദിയോടെ സ്മരിക്കണം. പിന്നീട് തെനേരി ഇടവക രൂപീകരിക്കപ്പെട്ടപ്പോൾ ചുണ്ടേൽ ഇടവക വികാരി സ്ഥാനത്തോടൊപ്പം തെനേരിയുടെ ചുമതല കൂടി വഹിച്ച് ഫാ. സുക്കോള SJ തെനേരി ഇടവകയുടെ പ്രഥമ വികാരിയായി.

1948-51 കാലം കുടിയേറ്റം ശക്തമായി. കൂടുതൽ കുടുംബങ്ങൾ എത്തി ക്കൊണ്ടിരുന്നു. ഭവനങ്ങളിലെ ബലിയർപ്പണവും പ്രാർത്ഥനാകൂട്ടായ്മയും ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. പക്ഷേ സൗകര്യങ്ങളുടെ പരിമിതി നമുക്കും വേണം ഒരു പള്ളി എന്ന ചിന്ത സജീവമാക്കി. ഗവ. ഭൂമി പള്ളിക്ക് അനുവദിക്കാതിരുന്ന കാലം. കാരണവന്മാർ കൂടിയാലോചിച്ച് മുട്ടിൽ ശ്രീ. രാധാഗോപി മേനോൻ എന്ന പൊതു പ്രവർത്തകന്റെ സഹായത്തോടെ ഗവ. ഭൂമിയിൽ പള്ളി നിർമ്മിക്കാനുള്ള അനുമതി വാങ്ങി. പുന്നയ്ക്കപ്പടവിൽ ഉലഹന്നൻ ചേട്ടന്റെ നേതൃത്വത്തിൽ ഇന്ന് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടുന്ന 633 ഐ എ/ഐ എ1 സർവ്വേ നമ്പറിൽപ്പെട്ട 5 ഏക്കർ ഭൂമി പള്ളിക്കായി വെട്ടിതെളിച്ച് അതിര് നിർണ്ണയിച്ചു. ആ സ്ഥലത്തിന്റെ നടുവിലായി 1948ൽ ഒരു മരക്കുരിശ് സ്ഥാപിച്ചുകൊണ്ട് തെനേരി പള്ളിയുടെ ആരംഭം കുറിച്ചു.

പിന്നീടുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലായിരുന്നു. പള്ളിയെന്ന ആവശ്യം ഒരാവേശമായി. ഇന്നത്തെ സിമിത്തേരിക്ക് സമീപം നിന്ന ഒരു വറങ്ങ് മര ത്തിന്റെ തലമുറിച്ച് നെടുംതൂണാക്കി വറങ്ങേൽപ്പള്ളി എന്നറിയപ്പെടുന്ന ഒരു ഷെഡ് നിർമ്മിച്ചു. തെനേരിയിൽ ആദ്യദേവാലയമായി. മരവും മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ച മനോഹരമായ ദേവാലയത്തിൽ സുക്കോളച്ചൻ ആദ്യ ബലിയർപ്പിച്ചു. തെനേരി, വാഴവറ്റ, ഏഴാംചിറ, കൊളവയൽ, എടപ്പെട്ടി, മുട്ടിൽ പ്രദേശങ്ങളിലുള്ളവരെല്ലാം തെനേരിയിൽ തന്നെ ഒരുമിച്ചുകൂടി ബലിയർപ്പണവും കൗദാശിക ജീവിതവും ശക്തിപ്പെ ടുത്തി. വാഴവറ്റ, കൊളവയൽ, എടപ്പെട്ടി എന്നിവ സ്വതന്ത്ര ഇടവകകളാകും വരെ ഈ കൂട്ടായ്മ തെനേരിയിൽ തന്നെ തുടർന്നുപോന്നു. തീക്ഷണമതിയായ സുക്കോളച്ചൻ തന്നെ പള്ളിക്ക് ഫാത്തിമ മാതാവിന്റെ നാമധേയം നൽകി. അങ്ങനെ തെനേരി ഫാത്തിമ മാതാവിന്റെ വയനാട്ടിലെ ആദ്യദേവാലയം എന്നറിയപ്പെടുന്നു. സുക്കോളച്ചനെ തുടർന്നു ബഹു. സ്ലീവാച്ചൻ തെനേരിയിലെ ശുശ്രൂഷകൾ നടത്തിവരവെ 1953ൽ തലശ്ശേരി രൂപത നിലവിൽ വന്നു. ഇടവക തലശ്ശേരി രൂപതയുടെ ഭാഗമായി. ആത്മീയനും ത്യാഗവരിയനുമായ വട്ടപ്പാറ സർഗ്ഗീസച്ചൻ ബത്തേരി ഇടവകവികാരിയായി ജോലിചെയ്തുവരുന്ന കാലം, സ്ലിവാച്ചനിൽനിന്നും തെനേരിയുടെ ചുമതലയുടെ കൂടെ വട്ടപ്പാറ സർഗ്ഗീസച്ചന് ഏൽപ്പിക്കപ്പെട്ടു. ബത്തേരിയൽ താമസിച്ചുകൊണ്ട് തെനേരിയുടെ അധിക ചുമതല വഹിച്ചു. സർഗ്ഗീസച്ചനെക്കുറിച്ച് പറയുമ്പോൾ തെനേരിക്കാർക്ക് ഇന്നും നൂറു നാക്കാണ്. 1954ൽ ആദ്യ ഇടവകാ തിരുനാൾ ആഘോഷിച്ചു. മഞ്ഞപ്പള്ളി പാപ്പുചേട്ടൻ ഏറ്റുകഴിച്ച തിരുനാളിൽ തൊട്ടിത്തറ പൗലോസ് (പാപ്പു) നൽകിയ ഫാത്തിമ മാതാവിന്റെ സ്വരൂപവും, കൈതമറ്റം മത്തായി നൽകിയ ഗീവർഗ്ഗീസ് പുണ്യവാളന്റെ രൂപവും പ്രദക്ഷിണത്തിൽ ആനയിക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് വറങ്ങേൽപ്പള്ളിക്ക് പല മാറ്റങ്ങളുണ്ടായത്. പള്ളിമുറിയോട് ചേർന്ന് 1955ൽ ബഹു. സർഗ്ഗീസച്ചൻ സ്‌കൂളാകൃതിയിൽ നിർമ്മിച്ച പള്ളിയാണ് പുതിയ പള്ളിപണിയുവാൻ 1993ൽ പൊളിച്ചുനീക്കിയത്. 1955-1990 കാലയളവിൽ അൾത്താര, മുഖവാരം, മുറ്റം എന്നിവയുടെയെല്ലാം നവീകരണങ്ങളും വിപുലീകരണവും നടന്നെങ്കിലും കാലപ്പഴക്കം വരുത്തിയ കേടുപാടുകളും വലിപ്പക്കുറവ് മൂലം ഉണ്ടായ അസൗകര്യങ്ങളും പാവപ്പെട്ട ഇടവകക്കാരിൽ പുതിയൊരു ദേവാലയം എന്ന ചിന്ത അങ്കുരിച്ച് ശക്തിപ്പെടുവാൻ കാരണമായി. 1955ൽ സർഗ്ഗീസച്ചൻ തന്നെ കാക്കവയൽ, വാഴവറ്റ റോഡരികിൽ 2 ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങി. അവിടെയാണ് ഇപ്പോൾ പീടിക പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. 1957-1958ൽ തെനേരിക്ക് സ്വന്തമായി ഒരു വികാരിയെ ലഭിച്ചു. ഫാ. കുര്യൻ പാണ്ടിയാംമാക്കൽ, തെനേരി, വാഴവറ്റ, കൊളവയൽ ഇവ മൂന്നും അച്ചൻ നോക്കിയിരുന്നു. 1958മുതൽ 1963വരെ ഇടവകയെ നോക്കിയത് വിൻസെൻഷ്യൻ വൈദീകരാണ്. ആദ്ധ്യാത്മീകമായും ഭൗതീകമായും ഇടവകയെ വളർത്തുന്നതിൽ ഇവർ പ്രകടിപ്പിച്ച ആത്മാർത്ഥതയും അർപ്പണമനോഭാവവും മാതൃകാപരമാണ്. ഇവരിൽ ഫാ. ജോസഫ് തുരുത്തി ക്കാട്ട്, ഫാ. ജോൺ മാളിയേക്കൽ എന്നിവർ പ്രത്യേക സ്മരണീയരാണ്. ബഹു. ജോസഫ് മഴുവഞ്ചേരി അച്ചന്റെ കാലത്താണ് തെനേരിക്ക് സൺഡേസ്‌കൂൾ കെട്ടിടം ഉണ്ടാകുന്നത്. മതബോധന രംഗത്ത് പ്രധാനാദ്ധ്യാപകരായി ദീർഘകാലം സേവനം ചെയ്ത് നിത്യതയിലേക്ക് കടന്നുപോയ മരിയാലയത്തിൽ ചാക്കോ മാസ്റ്ററും, പുന്നയ്ക്കാപടവിൽ ജോണും, വിൻസെന്റ് ഡിപോൾ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പരേതനായ കരുമാലിൽ ജോസഫും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. സഭയോടൊത്ത് ചിന്തിക്കുകയും സഭയിലും സമൂഹത്തിലും വർഷങ്ങളോളം പ്രവർത്തിച്ച് അവരായിരുന്ന തലങ്ങളിൽ ഉന്നത നേതൃത്വത്തിലേയ്ക്ക് വളർന്നുവന്നവരിൽ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും രൂപതാതല സെക്രട്ടറിയുമായി തീർന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രഥമ അന്തർദ്ദേശീയ പ്രസിഡന്റുമായ ശ്രീ. തോമസ് ഏറണാട്ടും, മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റും ബത്തേരി എം.എൽ.എ.-യുമായിരുന്ന നെല്ലിനിൽക്കുംതടത്തിൽ ശ്രീ. എൻ.ഡി. അപ്പച്ചനും തെനേരിയുടെ അഭിമാനമാണ്.

തെനേരിയിലെ സന്യാസിനി സാന്നിദ്ധ്യം 1982ൽ ആരാധനമഠത്തിന്റെ സ്ഥാപന ത്തോടെയാണ് തുടങ്ങിയത്. തേക്കനാടി ജോസച്ചൻ പ്രത്യേക താൽപര്യമെടുത്ത് ആരംഭിച്ച എസ്.എ.ബി.എസ്. മഠത്തിലെ ആദ്യത്തെ സുപ്പീരിയർ ബഹു. ലിഗോരിയമ്മ ആയിരുന്നു. ഇടവകയിലെ ആദ്ധ്യാത്മിക വളർച്ചയ്ക്ക് പ്രാമുഖ്യം നൽകുന്ന പ്രേക്ഷിത ശൈലി സ്വീകരിച്ച സന്യാസിനികൾ കുടുംബ സന്ദർശനവും മതബോധനവും സംഘടനാ നേത്യ ത്വവും തങ്ങളുടെ പ്രധാന പ്രവർത്തനങ്ങളായി തിരഞ്ഞെടുത്തു. ഒപ്പം നേഴ്സറി സ്‌കൂളിന്റെ പ്രവർത്തനവും സന്യാസിനികളുടെ സാന്നിദ്ധ്യവും ഇടവകയിൽ ദൈവവിളി വർദ്ധനവിന് കാരണമായി. 1998ൽ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്റ് മേരി( എസ്.സി .ജെ. എം) സന്യാസ സഭയുടെ ഒരു മഠം കൂടി സ്ഥാപിതമായി. ബെൽജിയത്തിൽ ആരംഭിച്ച് വടക്കേ ഇന്ത്യയിലെ അവികസിത മേഖലകളിലും അസംഘടിത ജനവിഭാഗങ്ങൾക്കിടയിലും ചൂഷിതരും പീഡിതരുമായ പിന്നോക്ക വിഭാഗങ്ങൾക്കിടയിലും ക്രിസ്തു സന്ദേശം പകർന്ന പരിചയ സമ്പത്തുമായി തെനേരിയിൽ ആരംഭിച്ച എസ്. സി. ജെ. എം. കോൺവെന്റ് 2002ൽ ഒരു അഗതിമന്ദിരം തുടങ്ങിയെങ്കിലും തുടർന്ന് പ്രവർത്തിക്കാൻ സാധിക്കാതെ നിറുത്തേണ്ടി വന്നു. അതിന്റെ തന്നെ ഭവന സന്ദർശനവും പ്രാഥമിക ശുശ്രൂഷയും മതബോധനവും സംഘടനാ നേതൃത്വവും നേഴ്സറി സ്‌കൂളും, ട്യൂഷനും ഫലപ്രദമായി നടത്തുവാൻ ശ്രദ്ധിക്കുന്നു. സ്ഥാപക സുപ്പീരിയർ സിസ്റ്റർ ലില്ലി സെബാസ്റ്റ്യൻ ആയിരുന്നു. തെനേരിയിലെ വികാരിയായിരുന്ന എല്ലാ വൈദീകരും നാടിന്റെ നാനാവിധ പുരോഗതിക്ക് തങ്ങളാലാകും വിധം നേതൃത്വം നൽകിയവരാണ്. തെനേരിയിൽ നിന്ന് കരിങ്കണ്ണികുന്നിലേക്കും അവിടുന്ന് മാണ്ടാടിനും വാഴവറ്റക്കും പോകുന്ന റോഡ് മനുഷ്യപ്രയത്ന റോഡ് എന്ന പേരിൽ ബഹു. ജോൺ കളരിപ്പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ നാട്ടുകാർ ദിവസങ്ങളോളം പണി എടുത്ത് സഞ്ചാര യോഗ്യമാക്കിയതാണ്. തെനേരി മാണ്ടാട് റോഡും കളരിപ്പറമ്പിൽ അച്ചന്റെ മറ്റൊരു സംഭാവനയാണ്.

ക്ഷീരകർഷകരെ സംഘടിപ്പിച്ച് തെനേരിയിൽ ഒരു പാൽ സൊസൈറ്റി സ്ഥാപിക്കുവാൻ നേതൃത്വം നൽകിയ ബഹു. പോൾ പുത്തൻപ്പുരയച്ചൻ തെനേരിക്കാർക്ക് എന്നും പ്രിയങ്കരനായിരുന്നു. തെനേരിയുടെ സാംസ്‌കാരിക പുരോഗതിയിൽ നിർണ്ണായക സ്വാധീനമായ സിറ്റിസൺസ് ലൈബ്രറിയ്ക്ക് കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി നൽകി മാതൃകയായതും തെനേരി ഇടവകയാണ്.

മനോഹരമായ ഇന്നത്തെ ദേവാലയം വലിയൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. ഇല്ലായ്മയിലും വിശ്വാസ സമൂഹം നെഞ്ചിലേറ്റി പൂവണിയിച്ച സ്വപ്നമാണ് ഇന്നത്തെ പള്ളിയും പള്ളിമുറിയും. ഇടവക ജനത്തിന്റെ ആദ്ധ്യാത്മീകതയുടെ ആവേശവും ഐക്യവും സഹകരണവും പ്രകടമാക്കുന്നതായിരുന്നു നിർമ്മാണ കാലഘട്ടം. 1991ൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി 1994ൽ അവസാനിച്ചു. അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവ് വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. പള്ളിയുടേയും പള്ളിമുറിയുടേയും നിർമ്മാണത്തിന് നേതൃത്വം നൽകിയത് ബഹു. തോമസ് തൈക്കുന്നുംപുറത്തച്ചനും നർമ്മാണകമ്മറ്റി സെക്രട്ടറി ശ്രീ. ജോസഫ് ചക്കാലക്കലുമാണ്. അതിന്റെ തന്നെ ഇരുവരും ചരിത്രത്തിന്റെ ഭാഗമായി ആദരിക്കപ്പെടേണ്ടവർ. ഇടവകയുടെ വിവിധ ഭാഗങ്ങളിൽ കപ്പേളകൾക്കും കുരിശ്ശടിക്കുമായി സ്ഥലം നൽകിയവരും നിർമ്മാണത്തിൽ സഹകരിച്ചവരും പ്രത്യേകം നന്ദി അർഹിക്കുന്നു. കാക്കവയലിൽ പുന്നയ്ക്കാപ്പടവിൽ ഉലഹന്നാനും കല്ലുപാടിയിൽ തെക്കേകുറ്റ് മത്തായിയും കരിങ്കണ്ണിക്കുന്നിൽ മഞ്ഞപ്പള്ളി ഫിലിപ്പ് മാസ്റ്ററും മങ്ങാട്ട് തേൻപള്ളി എമ്മാനുവേലും കുപ്പാടിയിൽ പുളിങ്ങാപ്പള്ളി മത്തായിയുമാണ് സ്ഥലം നൽകിയത്.

കാക്കവയൽ ജംഗ്ഷനിൽ തല ഉയർത്തി നിൽക്കുന്ന ജവാൻ സ്മൃതി തെനേരി കെ.സി.വൈ.എം. യൂണിറ്റിന്റെ ആശയമാണ്, അദ്ധ്വാനഫലമാണ്. തെനേരിയുടെ ആത്മീയ നേതൃത്വത്തിൽവന്ന എല്ലാ വൈദീകരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമർത്ഥരും ആദ്ധ്യാത്മിക നിറവുള്ളവരും പ്രവർത്തന നിരതരുമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതീകവുമായ വളർച്ചയ്ക്ക് ഉതകുന്ന നിരവധി കർമ്മ പദ്ധതികൾ ആലോചിച്ച് നടപ്പിലാക്കിയവരാണ്. 1999ൽ ഫാ. ജോർജ്ജ് കിഴക്കുംപുറം കല്ലറകളും ചുറ്റുമതിലുകളും സ്മൃതിമണ്ഡപവും നിർമ്മിച്ചുകൊണ്ട് സിമിത്തേരി നവീകരണം നടത്തി. ഫാ. ജെയിംസ് കുളത്തിനാൽ പള്ളിക്കുള്ളിൽ സീലിംഗും, പള്ളിക്കുചുറ്റും വരാന്തയും, പള്ളിമുറി നവീകരണവും നടത്തി. ഫാ. പോൾ വാഴപ്പള്ളി ഫാത്തിമ മാതാവിന്റെ പ്രത്യേക രൂപം ഫാത്തിമായിൽനിന്ന് കൊണ്ടുവന്ന് പള്ളിയിൽ പ്രതിഷ്ഠിക്കുകയും, പ്രത്യേകം നെവേനയും, രണ്ടാം ശനി ആചരണവും ആരംഭിച്ചത്. സഹന ജപമാല പടവും, പടവിനുതുടക്കത്തിൽ മനോഹരമായ കവാടവും കവാടത്തിൽ തിരുസ്വരൂപങ്ങളും പിയാത്തയും പോളച്ചന്റെ നേത്യ ത്വത്തിലാണ് പൂർത്തീകരിച്ചത്. തെനേരിയിലെ ഗ്രോട്ടോ ഫാ. കുര്യൻ മണിക്കുറ്റിയാണ് രൂപകൽപ്പന ചെയ്തത്. മരിയഭക്തനും ഭാവനാസമ്പന്നനുമായ ബഹു. കോട്ടായിൽ സജി അച്ചനാണ് മനോഹരമായ മരിയൻ തീർത്ഥവും, അവിടുത്തെ ഭക്താനുഷ്ഠാനങ്ങളും ദേവാലയ മുറ്റവും പരിസരവും, വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കുകയും ഭംഗിയാക്കുകയും ചെയ്തത്. 2023ൽ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയും, പള്ളിയുടെ മദ്ബഹാ പുനർനിർമ്മിച്ചുകൊണ്ട് തെനേരി ഫാത്തിമ മാതാ ദൈവലായത്തെ കൂടുതൽ സ്വർഗ്ഗാന്മുഖമാക്കുകയും ചെയ്തത് ബഹു. ഫാ. ജോർജ് ആലുക്കായുടെ നേതൃത്വത്തിലാണ്.

തെനേരി ഇടവകയിൽ സേവനം ചെയ്ത വൈദീകർ

റവ.ഫാ. സുക്കോൾ SJ (1948-1951)

റവ.ഫാ. സ്ലീവാ SJ (1952)

റവ.ഫാ. സർഗ്ഗീസ് വട്ടപ്പാറ (1953-1953)

റവ.ഫാ. കുര്യൻ പാണ്ടിയംമാക്കൻ (1957-1958)

റവ.ഫാ. പ്ലാത്തോട്ടം (1958)

റവ.ഫാ. ജോസഫ് തുരുത്തിക്കാട്ട് VC (1958-1960)

റവ.ഫാ. ഫ്രാൻസിസ് പുളിക്കൽ VC (1960-1962)

റവ.ഫാ. ജോസഫ് പീച്ചനാട്ട് VC (1962)

റവ.ഫാ. ജോൺ മാളിയേക്കൽ VC (1962-1963)

റവ.ഫാ. ജോർജ് കഴുക്കച്ചാൽ (1963-1968)

റവ.ഫാ. അഗസ്റ്റ്യൻ കിഴക്കരക്കാട്ട് (1968-1969)

റവ.ഫാ. മാത്യു മുറിഞ്ഞുകല്ലേൽ (1969)

റവ.ഫാ.ജേക്കബ് വെള്ളക്കട (1970)

റവ.ഫാ. ജോസഫ് മഴുവഞ്ചേരി (1970-1971)

റവ.ഫാ. മാത്യു മണ്ണുകുശുമ്പിൽ (1971)

റവ.ഫാ. ജോൺ കളരിപ്പറമ്പിൽ (1971-1973)

റവ.ഫാ. പോൾ പുത്തൻപ്പുര (1973-1976)

റവ.ഫാ. കുര്യൻ തലച്ചിറക്കുഴി (1976-1979)

റവ.ഫാ. ജോസ് തേക്കനാടി (1979-1984)

റവ.ഫാ. ജോസ് പിണക്കാട്ട് (1984-1987)

റവ.ഫാ. സെബാസ്റ്റ്യൻ കോയിപ്പുറം (1987-1990)

റവ.ഫാ. മാത്യു പ്ലാബ്ലാനി (1990-1992)

റവ.ഫാ. തോമസ് തൈക്കുന്നുംപുറം (1992-1995)

റവ.ഫാ. കുര്യാക്കോസ് പറമ്പിൽ (1995-1997)

റവ.ഫാ. ജോർജ് കിഴക്കുമ്പുറം (1997-2001)

റവ.ഫാ. ജെയിസൺ എംഎസ്ടി (2001-2003)

റവ.ഫാ. ജെയിംസ് കുളത്തിനാൽ (2003-2004)

റവ.ഫാ. പോൾ വാഴപ്പിള്ളി (2004-2010)

റവ.ഫാ. കുര്യൻ മണിക്കുറ്റിയിൽ (2010-2011)

റവ.ഫാ. സജി കോട്ടായിൽ (2011-2017)

റവ.ഫാ. ജോസ് കളപ്പുര (2017-2019)

റവ.ഫാ. ജോസ് മുണ്ടക്കൽ (2019-2020)

റവ.ഫാ. ജെയിംസ് കുന്നത്തേട്ട് (2020-2022)

റവ.ഫാ. ജോർജ് ആലുക്കാ (2022-2025)

റവ.ഫാ. പോൾ ഇടയക്കൊണ്ടാട്ട് (2025-

ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ച വൈദീകർ

റവ.ഫാ. ആന്റണി തൊട്ടിത്തറ VC

റവ.ഫാ. ജോസഫ് സത്യാനന്ദ് നെല്ലി ക്കാട്ടിൽ IMS

റവ.ഫാ. വിജയാനന്ദ് മരിയാലയം

റവ.ഫാ. കുര്യൻ തൃക്കോണമാലിൽ TOR

റവ.ഫാ. ജോൺസൺ പുൽപ്പറമ്പിൽ OFM Cap.

റവ.ഫാ. കുര്യാക്കോസ് പൈനുങ്കൽ

റവ.ഫാ. ജിനോയ് കൈതമറ്റം OFM Cap.

റവ.ഫാ. സജീഷ് തൃക്കോടമാലിൽ

റവ.ഫാ. ദീപു തൈത്തറ CSSR

റവ.ഫാ. അമൽ മുളങ്ങാട്ടിൽ

റവ.ഫാ. അമൽ മണ്ണുശ്ശേരി CMI

ഇടവകയിൽനിന്നുള്ള വൈദീക വിദ്യാർത്ഥി

ബ്ര. അശ്വിൻ വെട്ടിക്കൽ CMI

ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ച സിസ്റ്റേഴ്‌സ്

സി. പൗളിൻ തൈത്തറിയിൽ SH

സി. ലീലാമ്മ പൂവംനില്ക്കുന്നതിൽ SKD

സി. വിനീത മാത്യു തൃക്കോടമാലിൽ SH

സി. സിസിലി തൃക്കോടമാലിൽ SH

സി. ജ്യോതി മരിയ പീച്ചാട്ടുകുടി MC

സി. മീതാ മരിയ പീച്ചാട്ടു കുടി CMC

സി. ജ്യോഷിത ആക്കാമറ്റം CMC

സി. മേരി ജോൺ ഊരോത്ത് DST

സി. വിനയ ഫിലിപ്പ് മടുക്കിയിൽ SH

സി. റീത്ത കാരാടിയിൽ MSMA

സി. കൊച്ചുറാണി പാങ്കോട്ട് SABS

സി. ഫിലോ ജോസ് പാങ്കോട്ട് SABS

സി. ഫിൻസി പാങ്കോട്ട് SABS

സി. മരിയ പാങ്കോട്ട് SABS

സി. ലിനിറ്റ് ആന്റോ പോളക്കുഴിയിൽ SABS

സി.അനിലിറ്റ് തളിയാടിയിൽ SABS

സി. മെർലിൻ ചർളക്കുഴുയിൽ SABS

സി. ഷിമ്മി തെക്കേ അറക്കൽ SABS

സി. മേരി ജോയിസ് മരിയാലയം FDM

സി. ലിനിറ്റ് ഒഴുകയിൽ SABS

സി. ലിൻസി ഓലിക്കുന്നേൽ SH

സി. ഗ്രീന ആൻസി കരിവേപ്പിൽ CMC

സി. ഷിൻസി കരിവേപ്പിൽ CMC

സി. വിൻസി മാത്യു കുറിഞ്ഞിക്കാലായിൽ OSV

സി. ഷാന്റി വടക്കോലിക്കൽ

സി. ജിനി തച്ചിലേടത്ത് MCC

സി. ഡോണ മണ്ണുശ്ശേരി SCVC

സി. സോണി പാലയ്ക്കാതടത്തിൽ SVC

സി. നോബിസ് അമല തളിയാടിയിൽ SABS

ഫാത്തിമ മാതാ ഇടവക തെനേരി-ഒറ്റനോട്ടത്തിൽ

കുടുംബയൂണിറ്റുകൾ : 20

കുടുംബങ്ങൾ : 335

ഇടവകാംഗങ്ങൾ : 1720

ഇടവകയിൽ നിന്നുള്ള വൈദികർ : 12

ഇടവകയിൽ നിന്നുള്ള സമർപ്പിതർ : 21

സമർപ്പിത ഭവനങ്ങൾ : 2

കുരിശുപള്ളി/കുരിശ്ശടി/ഗ്രോട്ടോ : 4