Progressing
വയനാട്ടില്‍ 1935 മുതല്‍ കുടിയേറ്റം ആരംഭിച്ചു. തോണിച്ചാലിലെ ആദ്യകുടിയേറ്റം 1939 ലാണ് നടന്നത.് ശ്രീ. ജോസഫ് വട്ടക്കുളത്തിലാണ് ആദ്യത്തെ കുടിയേറ്റക്കാരന്‍. ചാക്കോ ചാത്തംകോട്ട്, സ്കറിയ വട്ടക്കുടി, ജോസഫ് വട്ടയാടി, ജോസഫ് കുരിശിങ്കല്‍, ഉലഹന്നന്‍ കിഴക്കേപറമ്പില്‍, തോമസ് കല്ലോലിക്കല്‍ തുടങ്ങിയ 20 കുടുംബങ്ങള്‍ 1944 ഓടുകൂടെ തോണിച്ചാലിലെത്തി. യാത്രാ സൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഒരു സാഹചര്യം നിലനിന്നു. മലമ്പനിയും മറ്റു രോഗങ്ങളും നിരവധി ജീവിതങ്ങളെ തകര്‍ത്തു.
ആദ്യകാല കുടിയേറ്റക്കാര്‍ ആധ്യാത്മിക കാര്യങ്ങള്‍ക്ക് സമീപിച്ചത് മാനന്തവാടിയിലെ പരി. അമലോത്ഭവ മാതാവിന്‍റെ ദേവാലയവും പള്ളിക്കുന്നിലെ ലൂര്‍ദ് മാതാ ദേവാലയവുമാണ്. കോഴിക്കോട് രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരും വൈദികരും കുടിയേറ്റക്കാരുടെ ആദ്ധ്യാത്മിക ഭൗതീകകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. പള്ളികളില്‍ നിന്നും മരുന്നുകള്‍ കൊടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു.
ആദ്യത്തെ സുറിയാനി ദേവാലയം
1953 ല്‍ തലശ്ശേരി രൂപത നിലവില്‍ വന്നു. 1954 മാനന്തവാടിയില്‍ ആദ്യത്തെ സീറോ മലബാര്‍ ദേവാലയം സ്ഥാപിതമായി. സെന്‍റ് ജോസഫ്സ് ആസ്പത്രി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് ഒരു കൊച്ചു കെട്ടിടത്തില്‍ ബഹു. ജോര്‍ജ്ജ് കഴിക്കച്ചാലിലച്ചന്‍റെ നേതൃത്വത്തിലാണ് ദേവാലയം ആരംഭിച്ചത്. ഇന്നത്തെ കത്തീഡ്രല്‍ ഇടവകയുടെ തുടക്കം കുറിച്ചത് ഈ കൊച്ചു ദേവാലയമാണ്. പേരിയ മുതല്‍ പനമരം വരെയുള്ള ക്രിസ്തീയ വിശ്വാസികളുടെ ആരാധനാകേന്ദ്രമായിരുന്നു അന്നത്. തുടര്‍ന്ന് ചെറുകാട്ടൂര്‍, കെല്ലൂര്‍, പയ്യംപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിതമായി. തോണിച്ചാല്‍ കണിയാരത്തിന്‍റെ ഭാഗമായി തുടര്‍ന്നു.
വിഭജനത്തിന്‍റെ പാതയില്‍
വാഹനസൗകര്യങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മാനന്തവാടി പുഴ ചങ്ങാടത്തില്‍ കടന്ന് കണിയാരത്ത് എത്തി ആധ്യാത്മിക കാര്യങ്ങള്‍ നടത്തേണ്ടിയിരുന്നു തോണിച്ചാലിലെ ദൈവജനത്തിന്. തോണിച്ചാലില്‍ ഒരു പള്ളിയുണ്ടാകണമെന്ന ആശയം വളര്‍ന്നു. കണിയാരം പള്ളി അധികൃതര്‍ ഇതിനെ എതിര്‍ത്തു. തോണിച്ചാലിലെ ജനം മാനന്തവാടി പള്ളിയുമായി ബന്ധപ്പെട്ടു. ഇന്ന് മാനന്തവാടി രൂപതാ കേന്ദ്രം സ്ഥിതി ചെയ്യുന്ന കല്‍ക്കണ്ടിക്കുന്നില്‍ ദിവ്യബലിയര്‍പ്പിക്കാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും ക്രമീകരണമുണ്ടായി. ഒരു ചെറിയ ഷെഡില്‍ 1961 മുതല്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാന്‍ തുടങ്ങി. കല്‍ക്കണ്ടിക്കുന്ന് സെന്‍റ് തോമസ് മൗണ്ടായി മാറി. ബഹു. ജേക്കബ് നരിക്കുഴിയച്ചനും ഫാ. അബ്രാഹം തോണക്കര, ഫാ. പോള്‍ മണക്കാട്ട്മറ്റം എന്നിവര്‍ സെന്‍റ് തോമസ് മൗണ്ടില്‍ സേവനമനുഷ്ഠിച്ചു.
തോണിച്ചാല്‍ ഇടവക രൂപീകരണം
1967 ല്‍ ഒന്നര ഏക്കര്‍ സ്ഥലം പള്ളിക്കായി വിലയ്ക്ക് വാങ്ങി. വടകര ജോണ്‍, പിലാപ്പിള്ളി ഐപ്പ്, കോക്കണ്ടത്തില്‍ വര്‍ക്കി, കല്ലോലില്‍ തോമസ്, കുരിശിങ്കല്‍ മത്തായി, ചുണ്ടാനയില്‍ മാണി, മാളിയേക്കത്തടത്തില്‍ വര്‍ക്കി, മണ്ഡപത്തില്‍ തൊമ്മന്‍, വന്‍മേലില്‍ ചെറിയാന്‍, കോട്ടൂര്‍ ഐപ്പ്, വന്‍മേലില്‍ ജോസഫ്, കീഴോത്ത് ദേവസ്യ, തകരപ്പള്ളി മാണി, തകരപ്പള്ളി ദേവസ്യ തുടങ്ങിയവര്‍ തോണിച്ചാല്‍ പള്ളി പണിയുന്നതിന് മുന്‍കൈ എടുത്തു. കേവലം 8 ദിവസത്തെ കഠിനാധ്വാനത്തിലൂടെ പള്ളി പണിതു.
ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ഫാ. പോള്‍ മണക്കാട്ടുമറ്റം പറയുന്നു,
" 1967 ലെ പുതുഞായറാഴ്ചയുടെ തലേദിവസം ശനിയാഴ്ച മഴ തിമര്‍ത്ത് പെയ്യുന്നു. പച്ചക്കട്ടകൊണ്ട് ഭിത്തി കെട്ടി. കാളിപ്പന പൊട്ടിച്ച് ചെത്തിയുണ്ടാക്കിയ കഴുക്കോലുപയോഗിച്ച് മേല്‍ക്കൂട് കയറ്റിയിട്ട് 24 മണിക്കൂര്‍ പോലുമായില്ല, ഭിത്തിയുടെ മുകള്‍ നിരയിലെ പച്ചക്കട്ട മഴ നനഞ്ഞ് കുതിര്‍ന്നു താഴേയ്ക്ക് വീഴാന്‍ തുടങ്ങി. മേയാനുള്ള ഓട് വാങ്ങാന്‍ തലശ്ശേരിക്ക് പോയ കുരിശിങ്കല്‍ മത്തായി ചേട്ടന്‍ അപ്പോഴേയ്ക്കും ഓടുമായി എത്തി. ഓടിക്കൂടിയ ജനം മണിക്കൂറുകള്‍ക്കുള്ളില്‍ ഓടുമേഞ്ഞു".
1967 മെയ് മാസത്തില്‍ പുതുഞായറാഴ്ച ദിവസം തോണിച്ചാല്‍ ഇടവകസ്ഥാപിച്ചുകൊണ്ടും ഫാ. പോള്‍ മണക്കാട്ടുമറ്റത്തിനെ പ്രഥമവികാരിയായി നിയമിച്ചുകൊണ്ടും ഉള്ള കല്പന വള്ളോപ്പിള്ളി പിതാവ് നല്കി. വി. സെബസ്ത്യാനോസിന്‍റെ നാമധേയത്തില്‍ തോണിച്ചാല്‍ ഇടവക യാഥാര്‍ത്ഥ്യമായി. ഫാ. ജി.സി. ടീലാര്‍ ദേവാലയ പ്രതിഷ്ഠ നടത്തി. ഫാ. പോള്‍ മണക്കാട്ടുമറ്റം പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. തലശ്ശേരി രൂപതയുടെ അന്നത്തെ പ്രൊക്കുറേറ്റര്‍ ആയിരുന്ന ഫാ. അഗസ്റ്റ്യന്‍ നടുവിലേക്കുറ്റും, ഫാ. പോള്‍ മണക്കാട്ടുമറ്റവും നല്കിയ സംഭാവന അവിസ്മരണീയമാണ്. സെമിത്തേരി നിര്‍മ്മാണമായിരുന്നു അടുത്ത വിഷയം. എതിര്‍പ്പുള്ളവര്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. സംഘടിതയത്നത്തിലൂടെ ജനം കേസ് വിജയിച്ചു. ടീലാറച്ചന്‍റെ നേതൃത്വം വലിയ ഒരനുഗ്രഹമാരുന്നു.
പള്ളിമുറി
ആദ്യകാല വികാരിമാര്‍ സെന്‍റ് തോമസ് മൗണ്ടില്‍ താമസിച്ചുകൊണ്ടാണ് ഇടവക ഭരണം നടത്തിയിരുന്നത്. ഫാ. ജോസ് നടുപ്പറമ്പിലച്ചന്‍റെ നേതൃത്വത്തില്‍ പള്ളിമുറി പണി ആരംഭിച്ചു. മുണ്ടക്കല്‍ ആഗസ്തി, മാടപ്പള്ളിക്കുന്നേല്‍ ആഗസ്തി, ഒറവച്ചാലില്‍ വര്‍ക്കി, മാമാട്ടി വര്‍ക്കി, മണ്ണൂരാന്‍ ചാക്കോ, വടകര ഓനച്ചന്‍, വെള്ളാനയില്‍ മത്തച്ചന്‍ എന്നിവരുടെ സേവനം പ്രത്യേകം പ്രസ്താവ്യമാണ്. 1970 ല്‍ വള്ളോപ്പിള്ളി പിതാവിന്‍റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി പള്ളിമുറി വെഞ്ചരിച്ചു. ഫാ. ജോസഫ് മുരിയംവേലില്‍ കാപ്പിയും കുരുമുളകും റബറും കൃഷിചെയ്യുവാന്‍ നേതൃത്വം നല്കി. തുടര്‍ന്ന് വികാരിയായി വന്ന ഫാ. ഫിലിപ്പ് സി.എം.ഐ. മദ്യവര്‍ജ്ജന പ്രസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുണ്ടക്കല്‍ അഗസ്തി കോക്കണ്ടത്തില്‍ ഐപ്പ് തുടങ്ങിയവര്‍ അച്ചനോടൊപ്പം പ്രവര്‍ത്തിച്ചു.
പുതിയ പള്ളി പണിയുന്നു
1967 വളരെ പെട്ടന്ന് പൂര്‍ത്തിയാക്കിയ പള്ളി 1978 ആയപ്പോഴേയ്ക്കും ജീര്‍ണ്ണിച്ച് തുടങ്ങി.6-3-1977ന് മാര്‍ ജേക്കബ് തൂങ്കുഴിയുടെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ചേര്‍ന്നു പള്ളി പുതുക്കി പണിയുന്നതിന് തീരുമാനിച്ചു. ഇടവകാംഗങ്ങള്‍ 30000 പണമായും 20000 രൂപ പണിയായും തുല്യതുക രൂപതാ കേന്ദ്രത്തിന്‍ നിന്നും മുടക്കി ഏകദേശം ഒരു ലക്ഷം രൂപ ചെലവില്‍ പുതിയ പള്ളി പണിയാന്‍ തീരുമാനിച്ചു. ഒറവച്ചാലില്‍ വര്‍ക്കി, ആര്യപ്പള്ളി വര്‍ക്കി, കീഴേത്ത് ദേവസ്യ പിലാപ്പള്ളി ജോണ്‍ എന്നിവര്‍ കൈക്കാരന്മാരായിരുന്നു. ഫാ. പ്ലാസിഡിന്‍റെയും ഫാ. ജോസഫ് പൊന്നമ്പേലിന്‍റേയും നേതൃത്വത്തില്‍ പണിപൂര്‍ത്തിയാക്കിയ പള്ളി 1980 ല്‍ വെഞ്ചരിച്ചു. സന്യാസ സമൂഹത്തിന്‍റെ ഗണ്യമായ സാമ്പത്തിക സഹായം നന്ദിയോടെ ഓര്‍ക്കുന്നു. ഫാ. വര്‍ഗ്ഗീസ് പെരിഞ്ചേരി സ്ഥലം മാറിയപ്പോള്‍ ഫാ. മാത്യു പാംബ്ലാനി വികാരിയായി വന്നു. സണ്‍ഡേ സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. അച്ചന്‍റെ സേവനകാലത്താണ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വന്ന ഫാ. തോമസ് മുള്ളൂര്‍ സി.എസ്.ടി. സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഫാ. മാത്യു കൊല്ലിത്താനമാണ് സണ്‍ഡേസ്കൂളിന്‍റെ പണി പൂര്‍ത്തിയാക്കിയത്. ഫാ. ജോണ്‍ പുത്തന്‍പുര, ഫാ. മാത്യു കുരുവന്‍പ്ലാക്കല്‍, ഫാ. സിറിയക് വളച്ചിനാത്ത്, ഫാ. അബ്രാഹം മഠത്തില്‍ എന്നിവര്‍ ഇടവകയില്‍ സേവനമനുഷ്ഠിച്ചു. ഫാ. അബ്രാഹത്തിന്‍റെ കഠിനാധ്വാന ഫലമാണ് 2009 ല്‍ പണി പൂര്‍ത്തിയാക്കിയ പുതിയപള്ളിമുറി.
വികാരിമാരും പ്രവര്‍ത്തനകാലഘട്ടവും
ഫാ. പോള്‍ മണക്കാട്ടുമറ്റം 1967-1968, ഫാ. ജോസഫ് നടുപ്പറമ്പില്‍ 1968-1971, ഫാ. ജോസഫ് മുരിയംവേലില്‍ 1971-1973, ഫാ. പോള്‍ മണക്കാട്ടുമറ്റം 1973-1974, ഫാ.ഫിലിപ്പ് പുത്തന്‍പറമ്പില്‍ 1974-1976, ഫാ. പ്ലാസിഡ് ടി.ഒ.ആര്‍. 1976-1982, ഫാ. വര്‍ഗ്ഗീസ് പെരിഞ്ചേരില്‍ 1982-1985, ഫാ. തോമസ് മുള്ളൂര്‍ സി.എസ്.ടി. 1987-1991, ഫാ. മാത്യു കൊല്ലിത്താനത്ത് 1991-1994, ഫാ. ജോണ്‍ പുത്തന്‍പുര 1994-1999, ഫാ. മാത്യു കുരുവന്‍പ്ലാക്കല്‍ 1999-2000, ഫാ. സിറിയക് വളച്ചനാത്ത് 2000-2003, ഫാ. അബ്രാഹം മഠത്തില്‍ 2003-2009, ഫാ. ജെയിംസ് കുളത്തിനാല്‍ 2009-15, ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ (2015-2018) ഫാ. ജെയിംസ് കുറ്റിമാക്കല്‍ (2018-2020), ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് (2020 - )
അസിസ്റ്റന്‍റ് വികാരിമാരും റസിഡന്‍റ് വൈദികരും
ഫാ. അനീഷ് കാട്ടാത്ത് , ഫാ. ജിന്‍റോ തട്ടുപറമ്പില്‍ (2019-2021), ഫാ. ബിവാള്‍ഡിന്‍ തേവര്‍കുന്നേല്‍ (2021-
കാരുണ്യ നിവാസ്
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലത്തിനും പുനരധിവാസത്തിനും ഉതകുന്ന ഒരു വേദി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോടും പരിശീലനത്തിനോടൊപ്പം സൗജന്യതാമസസൗകര്യം നല്‍കുന്നു. 1991 മെയ് 2-ാം തീയ്യതി ഉദ്ഘാടനം നടന്നു. ആലുവായിലെ ചുണങ്ങംവേലിയില്‍ ജനറലേറ്റും കോഴിക്കോട് പ്രൊവിന്‍ഷ്യലേറ്റും ഉള്ള ദിവ്യകാരുണ്യ മിഷണറി സഭയുടെ ഒരു ഘടകമാണ് കാരുണ്യനിവാസ്. കേരളസര്‍ക്കാര്‍ അംഗീകരിച്ച ഒരു കമ്പ്യൂട്ടര്‍ പഠനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. നിലവില്‍ തോണിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അരമായിയ ഇന്‍റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്നത് കാരുണ്യനിവാസാണ്. ഫാ. മനോജ് പ്ലാത്തോട്ടത്തില്‍ എം.സി.ബി.എസ്സാണ് ഇപ്പോഴത്തെ സുപ്പീരിയര്‍.
എമ്മാവൂസ് വില്ല
തൃശൂര്‍ ആസ്ഥാനമായ മലബാര്‍ മിഷണറി സഭാസമൂഹത്തിന്‍റെ ഒരു ശാഖ 1990 സെപ്തംബര്‍ 8ന് ഇവിടെ പ്രവര്‍ത്തനം ആരഭിച്ചു. ബ്രദര്‍ ദേവരാജ് പ്ലാക്കയില്‍ സുപ്പീരിയറായി വന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും പുനരധിവാസവും മുന്‍നിര്‍ത്തി സ്പെഷ്യല്‍ സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു. 2010ല്‍ സംസ്ഥാനതലത്തില്‍ ഏറ്റം നല്ല സ്കൂളായി അംഗീകരിക്കപ്പെട്ടു. തൊഴില്‍ പരിശീലന രംഗത്തു ഊന്നല്‍ നല്‍കികൊണ്ട് കുട്ടികളുടെ കലാകായിക സാംസ്കാരിക വികസനത്തിനായി യത്നിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നടത്തപ്പെടുന്ന മത്സരങ്ങളില്‍ ഈ സ്ഥാപനത്തിലെ കുട്ടികള്‍ അംഗീകാരം നേടിയിട്ടുണ്ട്. ബ്രദര്‍ ഫ്രാങ്കോ എം.എം.ബിയാണ് ഇപ്പോഴത്തെ സുപ്പീരിയര്‍.
ക്രിസ്തുദാസി മദര്‍ഹൗസ്, റീജിയണല്‍ ഹൗസ്
1986 ഒക്ടോബര്‍ 29 ന് തോണിച്ചാലില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപക പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി ആശീര്‍വ്വാദം നിര്‍വ്വഹിച്ചു. സി. ജനറല്‍ മരീനായും ഹൗസ് സുപ്പീരിയര്‍ സി. ഗ്രെയ്സ് മേരിയും സിസ്റ്റേഴ്സ് സ്റ്റെല്ല, സോഫിയ, ബ്രിജിറ്റ്, ജെസ്സി, സില്‍വിയ എന്നിവരും ആദ്യബാച്ചില്‍ ഈ സ്ഥാപനത്തില്‍ എത്തി. 28.10.2018 ന് ജനറലേറ്റ് കോഴിക്കോട്ടേക്ക് മാറ്റി സ്ഥാപിക്കുന്നതുവരെ ക്രിസ്തുദാസി സമൂഹത്തിന്‍റെ ജനറലേറ്റായിരുന്ന ഈ ഭവനം, പിന്നീട് മദര്‍ഹൗസായും റീജിയണല്‍ ഹൗസായും മാറി. ഈ ഭവനം കേന്ദ്രീകരിച്ച് ഒരു സ്റ്റിച്ചിംഗ് സെന്‍ററും, കൗണ്‍സിലിംഗ് സെന്‍ററും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. സി. ലിന്‍സ എസ്.കെ.ഡി. റീജിയണല്‍ സുപ്പീരിയറായും, സി. മരീറ്റ എസ്.കെ.ഡി. ഹൗസ് സുപ്പീരിയറായും സേവനം ചെയ്യുന്നു.
ചാവറസദന്‍
കര്‍മ്മലീത്ത സഭയുടെ മാനന്തവാടി പ്രൊവിന്‍സിന്‍റെ ഒരു ഘടകം തോണിച്ചാല്‍ ഇടവകയില്‍ പായോട് എന്ന സ്ഥലത്ത് 1987 ജൂണ്‍ 18-ാം തീയ്യതി ആരംഭമിട്ടു. 2013ല്‍ തോണിച്ചാല്‍ ഇടവകയില്‍ നിന്ന് മാറി ദ്വാരക ഇടവകയുടെ ഭാഗമായി മാറി.
സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദ ഹോളി ക്രോസ്
1984 ല്‍ ഈ സമര്‍പ്പിത സമൂഹം തോണിച്ചാലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു നേഴ്സറിസ്കൂളും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ പഠനസൗകര്യാര്‍ത്ഥം ഒരു ഭവനവും പ്രവര്‍ത്തിച്ച് വരുന്നു. പാലിയേറ്റീവ് കെയര്‍ രംഗത്തും മതാധ്യാപനരംഗത്തും ഇവര്‍ പ്രവര്‍ത്തിക്കുന്നു.
തോണിച്ചാല്‍ തിറ : ചരിത്രപ്രാധാന്യം
അതിപുരാതനകാലം മുതലേ തിറ ആഘോഷിച്ച് വരുന്നു. കുംഭമാസം ഒന്നും രണ്ടും തീയ്യതികളില്‍ ആദിവാസികളായ കുറിച്യര്‍, പണിയര്‍, അടിയാര്‍, കുറുമര്‍, കാട്ടുനായ്ക്കന്മാര്‍ എന്നിവരും മറ്റു നാനാജാതിമതസ്ഥരും തോണിച്ചാല്‍ ക്ഷേത്രത്തില്‍ സമ്മേളിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇതു തുടര്‍ന്നു പോരുന്നു.
കപ്പേളകള്‍, കുരിശടികള്‍, ഗ്രോട്ടോ
തോണിച്ചാല്‍ ഇടവകയുടെ കീഴില്‍ 3 കപ്പേളകളും ഒരു കുരിശടിയും ഒരു ഗ്രോട്ടോയുമാണുള്ളത്. വി. യൂദാശ്ലീഹായുടെ നാമത്തില്‍ തോണിച്ചാല്‍ ടൗണിലും, മാതാവിന്‍റെ നാമത്തില്‍ പൈങ്ങാട്ടരിയിലും, വി. സെബസ്ത്യാനോസിന്‍റെ നാമത്തില്‍ കല്ലടിക്കുന്നിലും കപ്പേളകലും കുന്ദമംഗലത്ത് കുരിശടിയും, മെയിന്‍ റോഡില്‍നിന്ന് പള്ളിയിലേക്ക് കയറുന്ന വഴിയുടെ വലതുവശത്ത് പരി. അമ്മയുടെ ഗ്രോട്ടോയും സ്ഥിതിചെയ്യുന്നു.
കുടുംബങ്ങള്‍
ഇപ്പോള്‍ തോണിച്ചാല്‍ ഇടവകയില്‍ 21 യൂണിറ്റുകളിലായി 280 കുടുംബങ്ങളാണുള്ളത്.
കടമുറികള്‍
തോണിച്ചാല്‍ ടൗണില്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി 14 കടമുറികള്‍ പ്രവര്‍ത്തിക്കുന്നു.