We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
11/10/2023
സീറോമലബാർ സഭയിലുൾപ്പെടെ പൗരസ്ത്യ സഭകളിൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന അസംബ്ലികൾ നടന്നുവരുന്നുണ്ട്. സീറോമലബാർസഭയിൽ അടുത്ത മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റിൽ നടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രൂപതകളിലും സമാനമായ രീതിയിൽ പ്രാദേശിക സിനഡൽ അസംബ്ലികൾ, സഭയുടെ പ്രത്യേക നിയമം നിർദേശിക്കുന്നതനുസരിച്ച് നടന്നുവരുന്നുണ്ടെന്നും മാർ ആലഞ്ചേരി പറഞ്ഞു.
സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിൽ എക്സ് ഒഫിഷ്യോ ആയി സംബന്ധിക്കുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
ഈ അസാധാരണ സിനഡിനു ശേഷം സഭയിൽ അങ്ങ് വിഭാവനം ചെയ്യുന്ന നവീകരണം എന്തൊക്കെയാണ്?
സീറോമലബാർസഭയിലെ സിനഡാത്മകത സഭയുടെ എല്ലാ ഘടനകളിലും സമിതികളിലും പൂർണമായി പ്രാവർത്തികമാക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്നുള്ളതാണ് എന്റെ മനസിലെ ചിന്ത. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു പ്രാർഥനാപൂർവം ദൈവജനം മുഴുവൻ സഭയുടെ എല്ലാ സമിതികളിലും ഒന്നിച്ച് ആലോചിച്ചു തീരുമാനങ്ങൾ എടുക്കുകയും ആരും ആരുടെമേലും അധീശത്വം പുലർത്താതെ, സഭയിൽ സ്നേഹക്കൂട്ടായ്മയുടെയും പരസ്പരമുള്ള ശുശ്രൂഷയുടെയും ആത്മീയ സംസ്കാരം സൃഷ്ടിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ മെത്രാന്മാരോ അല്മായരോ വൈദികരോ സമർപ്പിതരോ ആരുതന്നെയായാലും സഭ പ്രാർഥനാപൂർവം സഭയുടെ ഒന്നിച്ചുള്ള യാത്രയ്ക്കായി, ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾക്കെതിരേ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കും എന്നാണ് എന്റെ പ്രതീക്ഷ.
സിനഡ് തീരുമാനങ്ങളിൽ മാർപാപ്പയുടെ പങ്ക് എന്താണ്? ഏകപക്ഷീയമായ തീരുമാനങ്ങൾ ഫ്രാൻസിസ് മാർപാപ്പയിൽനിന്നു പ്രതീക്ഷിക്കുന്നുണ്ടോ?
മാർപാപ്പമാർ ഒരിക്കലൂം ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാറില്ല. വിശ്വാസവും സന്മാർഗവും സംബന്ധിച്ച കാര്യങ്ങളിൽ സാർവത്രിക സൂനഹദോസുകളുടെയും മെത്രാൻ സംഘത്തിന്റെയും സിനഡുകളുടെയും നിർദേശങ്ങളിലൂടെ മാത്രമേ മാർപാപ്പ തീരുമാനങ്ങൾ അറിയിക്കുകയും നിർദേശങ്ങൾ നല്കുകയും നിയമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുകയുള്ളൂ. ഇങ്ങനെ തീരുമാനങ്ങളും നിർദേശങ്ങളും നിയമങ്ങളും നല്കുന്ന രീതിയിലും മാർപാപ്പ അവധാനപൂർവമാണ് പ്രവർത്തിക്കുന്നത്. എന്നാൽ, മാർപാപ്പയ്ക്ക് സ്വയമേവ പുറപ്പെടുവിക്കാവുന്ന നിയമങ്ങളും നിർദേശങ്ങളുമുണ്ട്, കൂടാതെ സഭയുടെ വിവിധ കാര്യാലയങ്ങളിലൂടെ നൽകുന്ന നിർദേശങ്ങളും ഉണ്ട്. ഓരോന്നിന്റെയും പ്രാധാന്യം അനുസരിച്ച് അവ സ്വീകരിക്കാൻ സഭാംഗങ്ങൾ കടപ്പെട്ടവരാണ്. സഹശുശ്രൂഷകരായ മെത്രാന്മാരെയും പ്രാദേശിക സഭകളെയും ശക്തിപ്പെടുത്തി നേതൃത്വ ശുശ്രൂഷ നിർവഹിക്കുകയെന്നത് പത്രോസിലൂടെ മാർപാപ്പമാർക്ക് ലഭിച്ച കർത്തവ്യമാണ്. മാർപാപ്പമാരുടെ ഈ ഉത്തരവാദിത്വത്തിനു വിധേയരാകാത്തവർ കത്തോലിക്കാ സഭയുടെ കൂട്ടയ്മയിലാണ് എന്നു പറയുക പ്രയാസമാണ്.
ഈ സിനഡിലെ തീരുമാനങ്ങൾ പൗരസ്ത്യ സഭകൾക്ക് എത്രമാത്രം ബാധകമാണ്?
പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിച്ചിടത്തോളം ഈ സിനഡിലെ തീരുമാനങ്ങൾ ലത്തീൻ സഭയിലെന്നപോലെതന്നെ ബാധകമാണ്. പൗരസ്ത്യ സഭകൾക്കായുള്ള പ്രത്യേക തീരുമാനങ്ങളും സിനഡിനുശേഷം പരിശുദ്ധ പിതാവ് പുറപ്പെടുവിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഉണ്ടാകും. അത്തരം നിർദേശങ്ങൾ പൗരസ്ത്യ സഭകൾക്കു മാത്രം ബാധകമായുള്ളവയാണ്. ഒരുപക്ഷേ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിലൂടെ ഈ സിനഡിലെ തീരുമാനങ്ങളുടെ വെളിച്ചത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകാനും സാധ്യതയുണ്ട്.
സിനഡ് തുടങ്ങുന്നതിനു മുൻപ് പരിശുദ്ധ പിതാവിന് അഞ്ചു കർദിനാൾമാർ ചേർന്നയച്ച ചോദ്യങ്ങൾ വലിയ ചർച്ചയായിരുന്നല്ലോ. അവയെപ്പറ്റി അങ്ങേക്കുള്ള അഭിപ്രായം എന്താണ്?
ചില മാധ്യമങ്ങൾ ആ ചോദ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഊഹാപോഹങ്ങൾക്കും അനാവശ്യമായ ചർച്ചകൾക്കും ഇടയാക്കിയത്. ആ ചോദ്യങ്ങൾ വന്നത് സഭയ്ക്കുവേണ്ടി ജീവിതകാലം മുഴുവൻ മാറ്റിവച്ച പിതാക്കന്മാരിൽനിന്നാണ് എന്ന കാര്യം നമ്മൾ വിസ്മരിക്കരുത്. ‘തിരുസഭയ്ക്കു വേണ്ടി ജീവിച്ച ഞങ്ങൾ സഭയെ തകർക്കാൻ ശ്രമിക്കും എന്ന ചിന്ത യുക്തിരഹിതമാണ്’ എന്ന് അവർതന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വർത്തമാനകാലത്തെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ഏതൊരു വിശ്വാസിയും ചോദിക്കുന്ന ചോദ്യങ്ങൾ ഒരു പിതാവിനോട് എന്നപോലെ ചോദിക്കുകയാണ് അവർ ചെയ്തത്.
സഭയിലെ എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിൽ ഇപ്പോൾ സുതാര്യമായ ചർച്ചയാവുന്നുണ്ടല്ലോ? കൂടാതെ എല്ലാവരെയും കേൾക്കണം എന്ന മാർപാപ്പയുടെ വാക്കുകൾതന്നെ നമുക്കു മുന്നിലുണ്ട്. അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് തന്റെ മുൻഗാമികളുടെ വാക്കുകളിലൂടെയും സഭാപഠനങ്ങൾ മുൻനിർത്തിയും പരിശുദ്ധ പിതാവ് ഉത്തരം നല്കിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി പരസ്യമായി ചർച്ചകൾക്ക് അടിസ്ഥാനമില്ല എന്നാണ് എന്റെ അഭിപ്രായം. ഏതൊരു വിഷയത്തിലും ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നവർക്ക് സഭ ആധികാരികമായ മറുപടി നൽകിക്കഴിഞ്ഞാൽ അത് സ്വീകരിക്കാൻ എല്ലാവരും തയാറാവേണ്ടതാണ്.
വനിതാ പൗരോഹിത്യം, സ്വവർഗ വിവാഹം എന്നിവയൊക്കെ ഈ സിനഡിന് മുൻപ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാര്യങ്ങളാണ്. സിനഡിന്റെ വെളിച്ചത്തിൽ ഇവയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?
ഇവയൊക്കെ കാലാകാലങ്ങളിൽ മാർപാപ്പമാർ വ്യക്തമായ പ്രബോധനങ്ങൾ നല്കിയിട്ടുള്ള കാര്യങ്ങളാണ്. ഈ വിഷയങ്ങളൊന്നും ഇപ്പോഴത്തെ സിനഡിൽ ചർച്ച ചെയ്യുന്നില്ല. ഈ സിനഡ് സഭയുടെ സിനഡാത്മകത, ഇവ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും എങ്ങനെ പ്രാവർത്തികമാക്കാം എന്ന കാര്യങ്ങളിലാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാ സിനഡ് കൂടുമ്പോഴും ഇത്തരം വിഷയങ്ങൾ മാധ്യമങ്ങൾ ചർച്ചയാക്കാറുണ്ട്. അത് അവർ ചെയ്യേണ്ടതാണെന്നാണ് അവരുടെ പക്ഷം. ഏതായാലും ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം എല്ലാ രാജ്യങ്ങളും കൊടുക്കുന്നില്ല. ഇന്ത്യയിൽ ഇക്കാര്യങ്ങൾ ആരുംതന്നെ പ്രധാനപ്പെട്ട ചർച്ചയായി ഉയർത്തുന്നില്ലല്ലോ? എന്നാൽ, ചില രാജ്യങ്ങൾ ഇക്കാര്യങ്ങൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യം നമ്മുടെ മാധ്യമങ്ങളും ഏറ്റുപിടിക്കുന്നു എന്നുമാത്രം. ഈ ചർച്ചകൾക്ക് അവ അർഹിക്കുന്ന പരിഗണനയേ നമ്മുടെ സമൂഹം നൽകുന്നുള്ളൂ എന്നാണ് എന്റെ ധാരണ.
വിവാദമായ ഇത്തരം കാര്യങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളോ ചർച്ചകളോ സിനഡിൽ ഉണ്ടായാൽ, സീറോമലബാർസഭയ്ക്ക് മറിച്ചൊരു തീരുമാനമെടുക്കാൻ സാധിക്കുമോ?
സീറോമലബാർസഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഒരു വ്യക്തിസഭയാണ്. ഈ സഭ എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. അതിനുവേണ്ടി ചരിത്രത്തിൽ വളരെയേറെ കഷ്ടതകൾ അനുഭവിച്ചിട്ടുള്ള സഭയാണ് സീറോമലബാർസഭ. അങ്ങനെയുള്ള നമ്മുടെ സഭയ്ക്ക് സ്വീകരിക്കാൻ സാധിക്കാത്ത ഒരു തീരുമാനവും ഈ സിനഡിൽനിന്നോ പരിശുദ്ധ മാർപാപ്പമാരിൽനിന്നോ ഉണ്ടാവുകയില്ല. കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ ഇപ്പോഴില്ലാത്ത ഓർത്തഡോക്സ് സഭകളെയും ഇതര സഭാ സമൂഹങ്ങളെയുംകൂടി ചേർത്തുപിടിച്ചു പ്രവർത്തിക്കാനാഗ്രഹിക്കുന്ന കത്തോലിക്കാസഭ, ഇപ്പോൾതന്നെ ഈ കൂട്ടായ്മയിൽ ശക്തമായി നിലനിൽക്കുന്ന പൗരസ്ത്യസഭകൾക്കെതിരായി എന്തെങ്കിലും തീരുമാനം എടുക്കുമെന്ന് ആർക്കെങ്കിലും ചിന്തിക്കാനാവുമോ?
പൗരസ്ത്യ സഭകളുടെ തലവന്മാരുടെ സമ്മേളനം ഈ സിനഡിനിടയിൽ സംഭവിക്കുമോ? അങ്ങനെ സംഭവിച്ചാൽ എന്തൊക്കെ കാര്യങ്ങളാവും ചർച്ചയ്ക്കു വിഷയമാവുന്നത്?
പൗരസ്ത്യസഭാ മേലധ്യക്ഷന്മാർ പ്രത്യേകമായി സമ്മേളിച്ച് ഈ സിനഡിന്റെയോ അല്ലാതെയോ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പതിവ് ആഗോള സിനഡിന് ഇടയിലില്ല. പൗരസ്ത്യ സഭകളെല്ലാം എപ്പോഴും മാർപാപ്പയോടും മറ്റ് സിനഡ് അംഗങ്ങളോടും ചേർന്നുതന്നെയാണ് പ്രവർത്തിക്കുന്നത്.
മാർപാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം - ‘ലൗദാത്തെ ദേവും’ - പ്രകൃതി ദുരന്തങ്ങളാൽ വലയുന്ന കേരളത്തിനു നൽകുന്ന പ്രചോദനം എന്താണ്?
ഫ്രാൻസിസ് മാർപാപ്പ ഇതിനോടകം ‘ലൗദാത്തോ സി’ എന്ന ഒരു ചാക്രിക ലേഖനവും ‘ലൗദാത്തെ ദേവും’എന്ന ഒരു അപ്പസ്തോലിക പ്രബോധനവും പരിസ്ഥിതി വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ചാക്രിക ലേഖനം പരിസ്ഥിതി വിഷയങ്ങളെ മുഴുവനായും സ്പർശിക്കുന്ന പ്രബോധനമാണെങ്കിൽ ‘ലൗദാത്തെ ദേവും’ ആഗോള താപനമാണ് പ്രധാന വിഷയമായി ചർച്ച ചെയ്യുന്നത്. അതിൽ ലോക രാഷ്ട്രങ്ങൾക്കുള്ള ഉത്തരവാദിത്വവും മനുഷ്യവംശത്തെ മുഴുവൻ ഒരു പൊതുകുടുംബമായിക്കണ്ട് ഓരോ വ്യക്തിയും നമ്മുടെ അമ്മയായ ഭൂമിയുടെ സംരക്ഷണത്തിന് ഇറങ്ങേണ്ടതിന്റെ ആവശ്യകതയും മാർപാപ്പ വ്യക്തമാക്കുന്നു.
നമ്മുടെ കേരളത്തിൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാമെത്രയോ അലംഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഓരോരുത്തരും ആത്മപരിശോധന ചെയ്യുന്നത് നല്ലതാണ്. നമ്മുടെ തെരുവുകളും പാതയോരങ്ങളും മലിനമാകാതെ സൂക്ഷിക്കാൻ നമുക്കിനിയും സാധിച്ചിട്ടില്ല. പ്രധാന നഗരങ്ങളിലെ മാലിന്യ സംസ്കരണം എങ്ങുമെത്താതെ നിൽക്കുന്നു. മാലിന്യം എവിടെയും എറിഞ്ഞിട്ടു പോകുന്നത് ഇന്നും പലരും ചെയ്യുന്ന കാര്യമാണ്. പല വീടുകളിലും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള അവബോധം ഇനിയും എത്തിയിട്ടില്ല.
ജലമലിനീകരണമാകട്ടെ സർവസാധാരണമായി നടക്കുന്നു. വീടുകളിൽനിന്നും ഫാക്ടറികളിൽനിന്നുമൊക്കെ നദികളിലേക്കും ജലാശയങ്ങളിലേക്കും മാലിന്യം തള്ളിവിടുന്നത് സാധാരണ നടപടിയായി മാറുന്നുണ്ട്. നദികളിൽ കലരുന്ന ഈ രാസമാലിന്യം കാരണം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഇന്നും നമ്മൾ കാണുന്നുണ്ടല്ലോ. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും നിർലോപം നടക്കുന്നതുമൂലം കാൻസർ പോലെയുള്ള മാര