x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

06/06/2024

ഇന്ത്യന്‍ ജനാധിപത്യത്തിൻ്റെ വിജയം – കെസിബിസി

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പത്രകുറിപ്പ് പൊതു തിരഞ്ഞെടുപ്പ്:

കൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിൻ്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിൻ്റെ ഫലം ഉയർത്തിക്കാണിക്കുന്നു. വർഗീയ ധ്രുവീകരണങ്ങൾക്കോ വെറുപ്പിൻ്റെ പ്രബോധനങ്ങൾക്കോ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ വേർതിരിവുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്കാരത്തിൽ എല്ലാവരേയും ചേർത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു രാജ്യമായി. രാജ്യം ഒരു കാരണവശാലും വിഭജിതമാകരുത് എന്ന ബോധ്യം ഇന്ത്യൻ പൗരന്മാർക്ക് ഉണ്ട് എന്നതും തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികൾക്കും കേരള കത്തോലിക്കാസഭയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്തവും രാഷ്ട്രനിർമ്മാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാനും ഈ അവസരം അവർ പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ പൊതുവികാരം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ ഒന്നായി കാണാനും വിഭജനത്തിൻ്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയാനും രാജ്യസുരക്ഷയ്ക്കും പൗരക്ഷേമത്തിനും വേണ്ടി യത്നിക്കാനും ഭരണഘടനയോട് വിധേയത്വം പുലർത്തുന്നതിനും രൂപീകൃതമാകുന്ന പുതിയ സർക്കാരിനു കഴിയട്ടെയെന്നും ആശംസിക്കുന്നു.

  1. മേജർസുപ്പീരിയേഴ്സ്-മെത്രാൻ സമിതി യോഗം:

കേരള കത്തോലിക്കാസഭയിലെ വിവിധ സമർപ്പിത സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും മെത്രാൻ സമിതിയും സംയുക്തമായി സഭ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രതിസന്ധികളെ സംബന്ധിച്ച് ചർച്ച ചെയ്യുകയുണ്ടായി. വിശ്വാസം പരിരക്ഷിക്കുന്നതിനും വെല്ലുവിളികൾ കൂട്ടായ പരിശ്രമത്തോടെ നേരിടുന്നതിനും പരസ്പരം ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. സഭയുടെ ചൈതന്യവും ശക്തിയുമായ യുവജനങ്ങളെ സഭാപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കുകാരാക്കുവാൻ കഴിയുംവിധം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു.

  1. സെമിനാരി പരിശീലനം:

കേരള കത്തോലിക്കാസഭയിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനം സംബന്ധിച്ച വിശകലനാത്മക പഠനം തൃശ്ശൂരിലെ പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ നടത്തുകയുണ്ടായി. പ്രസ്തുത പഠന റിപ്പോർട്ട് ഗൗരവമായ ചർച്ചയ്ക്കും പഠനത്തിനും മെത്രാൻ സമിതി വിധേയമാക്കി. മാനുഷിക, ആദ്ധ്യാത്മിക, ബൗദ്ധിക, അജപാലന, പ്രേഷിത പരിശീലന മേഖലകളിൽ കാലികമായി വരുത്തേണ്ട ഭേദഗതികളും

ഉൾചേർക്കലുകളും എന്തൊക്കെയെന്നും വിലയിരുത്തി, അത് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ മെത്രാൻ സമിതി ആവിഷ്ക്കരിച്ചു. മൂന്നു സഭകളുടെയും (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) തലവന്മാർക്ക് പ്രസ്തുത റിപ്പോർട്ട് നല്കികൊണ്ട് പ്രായോഗിക നിർദേശങ്ങളും കർമ്മപദ്ധതികളും നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെസിബിസി നിർദേശിച്ചു.

  1. യുവജനവർഷം:

യുവജനവർഷമായി ആചരിക്കുന്ന ഈ വർഷത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച് മെത്രാൻസമിതി വിലയിരുത്തി. സഭയുടെ പ്രതീക്ഷ'യായ യുവജനങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ സമർപ്പണത്തെ സഭ വിലമതിക്കുന്നു. ആത്മീയ പരിശീലനത്തിനുള്ള താല്പര്യവും വിശ്വാസത്തെ സംബന്ധിച്ച ആഴമേറിയ ബോധ്യം നേടാനുള്ള ഔത്സുക്യവും യുവജനങ്ങൾക്ക് ഉണ്ടെന്ന് മെത്രാൻ സമിതി വിലയിരുത്തി. വൈദികരും യുവജനങ്ങളോട് അടുത്ത് ഇടപെടുന്ന സന്ന്യസ്തരും യുവജനങ്ങളുടെ ആത്മീയ വളർച്ചയെയും സാമൂഹിക ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം സഹഗമനം നടത്തുകയും വേണം. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ സഹായഹസ്തരുമായി മുന്നോട്ടുവരുവാൻ വൈദികർക്കും സന്ന്യസ്തർക്കും കഴിയണം. യുവജനവർഷാചരണം സഭയോടും സഭാപ്രവർത്തനങ്ങളോടും കൂടുതൽ ആഭിമുഖ്യവും താല്പര്യവും സ്നേഹവും യുവജനങ്ങളിൽ സൃഷ്ടിക്കാൻ സഹായകരമാകണമെന്നും മെത്രാൻസമിതി വിലയിരുത്തി. മൂന്നു വ്യക്തിഗതസഭകളിലെയും യുവജനപ്രസ്ഥാനങ്ങൾക്ക് അതിന്റേതായ അസ്ഥിത്വം നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയും. യൂത്ത് കമ്മീഷൻ എല്ലാ യുവജനസംഘടനകളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി സിനഡാത്മക ശൈലിയിൽ പ്രവർത്തിക്കുന്നതിനെയും മെത്രാൻസമിതി അഭിനന്ദിച്ചു.

  1. സഭാനവീകരണം മഹാജൂബിലി ആഘോഷം:

കേരളസഭാനവീകരണത്തിൻ്റെ മൂന്നാംഘട്ടം മിഷൻ വർഷമായും മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷാചരണമായും നടത്തുന്നതിന് തീരുമാനിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളെയും അഞ്ചുമേഖലകളായി തിരിച്ച് അതാതു മേഖലകളിൽ ആഘോഷങ്ങൾ ക്രമപ്പെടുത്താൻ തീരുമാനിച്ചു. യുവജനവർഷ സമാപനത്തിൽ മിഷൻ വർഷം ആരംഭിക്കുന്നതും മേഖലകളിൽ മിഷൻ എക്സ്പോ, തീർഥാടനങ്ങൾ, പ്രതിനിധി സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ച് വിപുലമായ പരിപാടികളോടെ സഭാനവീകരണാചരണത്തിൻ്റെ സമാപനവും ജൂബിലി വർഷാചരണവും നടത്തുന്നതാണ്. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം നിഖ്യാ സൂനഹദോസ് ക്രോഡീകരിച്ചതിൻ്റെ 1600-ാം വാർഷികവും ഉചിതമായി ആചരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു.

  1. സഭ നേരിടുന്ന വെല്ലുവിളികൾ:

ഭാരതത്തിലും കേരളത്തിലും സഭ നേരിടുന്ന വിവിധ വെല്ലുവിളികളെ മെത്രാൻസമിതി വിലയിരുത്തി. പ്രതിസന്ധികളിൽ അകപ്പെടുന്ന സഭാംഗങ്ങളെ സഹായിക്കാൻ സഭയിലെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ചും ഇടവകകൾക്കും സംഘടനകൾക്കും അതാതിടങ്ങളിൽ വേണ്ട ജാഗ്രതയോടെ ഇടപെടാൻ കഴിയണം. വൈദികരും സന്ന്യസ്തരും അല്മായ നേതൃത്വങ്ങളും സംഘടനകളും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സദാ സന്നദ്ധരായിരിക്കണം. അജപാലന സാമൂഹിക വിഷയങ്ങളിൽ സഭാനേതൃത്വത്തെയും സഭാസംഘടനകളെയും നിരന്തരം അടിസ്ഥാനരഹിതമായി വിമർശിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നവരെകുറിച്ച് ജാഗ്രത പുലർത്താൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

  1. പരിസ്ഥിതി പരിപോഷണപ്രവർത്തനം:

"ശുദ്ധ ഊർജ്ജ’ത്തിലേക്ക് മാറണമെന്ന COP 28 ഉച്ചക്കോടി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. ഫ്രാൻസിസ് മാർപാപ്പ കാർബൺ ഉദ്വമനം പരമാവധി കുറയ്ക്കുന്നതിനുതകുന്ന ജീവിത രീതി പിൻതുടരാൻ സഭാഗംങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇടവകകളും സ്ഥാപനങ്ങളും കാർബൺ ന്യൂട്രൽ ആക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവർ നേതൃത്വം കൊടുക്കണമെന്ന് മെത്രാൻസമിതി ആവശ്യപ്പെട്ടു. മാർപാപ്പായുടെ ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ അപ്പസ്തോലിക ആഹ്വാനങ്ങൾ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും പഠനവിഷയമാക്കാൻ സെമിനാറുകളും ക്ലാസുകളും നടത്തുന്നതിന് നേതൃത്വം കൊടുക്കണം. മഹാജൂബിലി ആഘോഷം പരിസ്ഥിതി പരിപോഷണത്തിനു സഹായകരമാകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചുകൊണ്ട് നടപ്പാക്കണം എന്നും മെത്രാൻസമിതി ആവശ്യപ്പെട്ടു.

  1. നിയമനങ്ങൾ:

സാമൂഹിക ഐക്യ-ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസിനെ തിരഞ്ഞെടുത്തു. sc/ST/BC കമ്മീഷൻ സെക്രട്ടറിയായി കാഞ്ഞിരപ്പിള്ളി രൂപതാംഗം റവ. ഫാ. ജോസുകുട്ടി എടത്തിനകത്തെ നിയമിച്ചു.

Related Updates


east