We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
07/08/2023
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രാര്‍ഥനയും പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ച്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് മാർ സിറിള്‍ വാസില്‍ അതിരൂപതയിലെ വിശ്വാസികള്‍ക്ക് കത്തെഴുതി. സീറോമലബാര്‍സഭയുടെ മെത്രാന് സിനഡ് നിശ്ചയിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കാന്‍ സഹായിക്കുകയാണ് തന്റെ നിയമനത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. മാർപാപ്പയുടെ തീരുമാനത്തിന് പൂര്‍ണമായും വിധേയപ്പെട്ടും ദൈവത്തില്‍ ശരണപ്പെട്ടുമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അതിരൂപതയിലെ അല്മായര്, സമര്‍പ്പിതര്‍, വൈദികവിദ്യാര്‍ഥികള്‍, വൈദികര്‍ എന്നിവരുള്‍ക്കൊള്ളുന്ന അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ഥനയില്‍ ഒന്നുചേരണം. ദൈവഹിതത്തിന് പൂര്‍ണമായി യോജിച്ച ഒരു പരിഹാരം നമുക്ക് അന്വേഷിക്കാം.
തന്റെ നിയോഗത്തിനായി ഈ മാസം ആറിനും 15നുമിടയില്‍ ഒരു മണിക്കൂര്‍ അതത് പള്ളികളില്‍ ആരാധനയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഇടവക വൈദികരോടും തീര്‍ഥാടനകേന്ദ്രങ്ങളിലെയും മൈനര്‍ സെമിനാരികളിലെയും റെക്ടര്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ജപമാലയിലും മറ്റു പ്രാര്‍ഥനകളിലും ഈ നിയോഗം ഉള്‍പ്പെടുത്തണം. കുര്‍ബാന അര്‍പ്പിക്കുന്നതു സംബന്ധിച്ച പ്രശ്നം സമാധാനപരമായും ഉദാരമനസോടെയും പരിഹരിക്കുന്നത്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന മറ്റു പ്രധാന കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ നമ്മെ പ്രാപ്തരാക്കും. മനസുകളുടെയും ഹൃദയങ്ങളുടെയും ഐക്യത്തില്‍ ഈ ലക്ഷ്യം നമുക്കു നേടാനാകും. കൂട്ടായ പ്രയത്നത്തിലൂടെ ശാശ്വതമായ പരിഹാരം കണ്ടെത്താനും. കൂടുതല്‍ ശക്തവും യോജിച്ചതുമായ ക്രിസ്തീയ സമൂഹമായി മുന്നോട്ടു പോകാനും നമുക്കു കഴിയുമെന്നും ആര്‍ച്ച്ബിഷപ് സിറിള്‍ വാസില്‍ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. കത്ത് ഇന്നു പള്ളികളില്‍ വായിച്ചോ സമൂഹമാധ്യമങ്ങള്‍ വഴിയോ വിശ്വാസികളെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.