We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
01/06/2023
മെൽബൺ: മെൽബൺ സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി. മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. വൈകീട്ട് 4.45ന് ബഹുമാനപ്പെട്ട മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. മെൽബൺ രൂപത മെത്രാൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്വാഗതം ആശംസിച്ചു. മാർ ജോൺ പനംതോട്ടത്തിലിനെ മെൽബൺ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ടുള്ള പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ഓസ്‌ട്രേലിയായിലെ അപ്പസ്‌തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു. തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മെൽബൺ സീറോമലബാർ രൂപത സ്ഥാപിക്കാനായി എല്ലാ സഹായവും ചെയ്തുതന്ന ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോൺഫ്രൻസിനും പ്രത്യേകിച്ച് അന്തരിച്ച മുൻ സിഡ്നി ബിഷപ്പ് ജോർജ്ജ് പെല്ലിനും മെൽബൺ ബിഷപ്പായിരുന്ന ഡെന്നീസ് ഹാർട്ടിനും നന്ദി പറഞ്ഞു. സിഡ്നിയിലും റോമിലും വച്ച് ഓസ്ട്രേലിയൻ ബിഷപ്സ് കോൺഫ്രൻസിൽ തനിക്ക് ലഭിച്ച ഹൃദ്യമായ സ്വീകരണം മറക്കാനാവാത്തത് ആണെന്ന് പിതാവ് അനുസ്മരിച്ചു. കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഈ രൂപതയെ ഒത്തിരിയേറെ നന്മകളിലേക്ക് നയിച്ച ബോസ്കോ പുത്തൂർ പിതാവിനെയും പിതാവിൻ്റെ വലംകൈയ്യായി നിന്ന് പ്രവർത്തിച്ച മോൺസിഞ്ഞോർ ഫ്രാൻസിൻ കോലഞ്ചേരിയെയും പിതാവ് പ്രത്യേകം അഭിനന്ദിച്ചു .
സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ മാർ ബോസ്‌കോ പുത്തൂർ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി തിരുക്കർമ്മങ്ങളിൽ ആർച്ച് ഡീക്കനായി പങ്കെടുത്തു.
വിശുദ്ധ കുർബാനക്കും സ്ഥാനാരോഹണ ചടങ്ങിനും ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ വച്ച് രൂപതയുടെ ഉപഹാരമായി ബോസ്‌കോ പുത്തൂർ പിതാവിന്, മോൺ. ഫ്രാൻസിസ് കോലഞ്ചേരി, പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ അംഗം എൽസി ജോയി എന്നിവർ ചേർന്ന് മൊമെന്റൊ സമ്മാനിച്ചു. തുടർന്ന് മാർ ബോസ്‌കോ പുത്തൂർ പിതാവും മാർ ജോൺ പനന്തോട്ടത്തിൽ പിതാവും ചടങ്ങുകൾക്ക് നന്ദി അർപ്പിച്ചു.മാർ ബോസ്‌കോ പുത്തൂർ പിതാവിൻ്റെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീറിൻ്റെ പ്രകാശനകർമ്മം മോൺ. ഫ്രാൻസിസ് കോലഞ്ചേരിയും ,സുവനീർ കമ്മിറ്റി കൺവീനർ ഗവിൻ ജോർജ് എന്നിവർ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റും പെർത്ത് അതിരൂപത ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ തിമോത്തി കോസ്റ്റെല്ലൊക്ക് നൽകികൊണ്ട് നിർവ്വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോബി ഫിലിപ്പ് കൃതഞ്ജത അർപ്പിച്ചു.
യുറോപ്പിലെ സീറോമലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ജഗ്ദൽപുർ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ഓളം ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന മുഴുവൻ വൈദികരും ഓസ്‌ട്രേലിയയിലും ന്യുസിലാൻഡിലും മറ്റു രൂപതകളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി വൈദികരും രൂപതയുടെ വിവിധ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തോളം അത്മായരും സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയൻ ഫെഡറൽ-വിക്‌ടോറിയ സംസ്ഥാനതല മന്ത്രിമാരും സാമുഹീക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.