We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
24/07/2023
കൊച്ചി: മണിപ്പുരിന്റെ കണ്ണീരൊപ്പാന്‍ സ്നേഹവും കരുതലുമായി കേരളം കൈകോര്‍ക്കുന്നു. ദുരിതബാധിത മേഖലകളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കളും മറ്റു സഹായങ്ങളും എത്തിക്കാനുള്ള ദൗത്യത്തിലാണ് മലയാളികളുടെ കാരുണ്യത്തിന്റെ കരങ്ങളെത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളുമായി ആദ്യവാഹനം കൊച്ചിയില്‍നിന്ന് ഇന്നലെ പുറപ്പെട്ടു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ സമാഹരിച്ച് അയച്ചത്. മണിപ്പുരിലെ കാങ്പോംഗ്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എട്ടു ടണ്‍ നിത്യോപയോഗ സാധനങ്ങള്‍ ചരക്കുലോറിയില്‍ എത്തിക്കും. വസ്ത്രങ്ങള്‍, സോപ്പുകള്‍, ടോയ്ലറ്റ് സാമഗ്രികള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയ്ക്കു പുറമേ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളും എത്തിക്കുന്നുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നാണ് അവശ്യസാധനങ്ങള്‍ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അറിയിച്ചു. എട്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ആദ്യ വാഹനത്തില്‍ അയച്ചിട്ടുള്ളത്.
അടുത്ത ഘട്ടത്തില്‍ ദുരിതബാധിത മേഖലകളുടെ പുനരധിവാസത്തിനായി സാമ്പത്തികസഹായം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇടവകകള്‍ക്കു പുറമേ വിവിധ സംഘടനകളും വ്യക്തികളും മണിപ്പുരിലേക്ക് സഹായമെത്തിക്കാന്‍ കൈകോര്‍ത്തു. ഇംഫാല്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വേലിക്കകം വഴിയാണ് സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് എത്തിക്കുക. കാരിത്താസ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും പദ്ധതിക്കുണ്ട്.
കാങ്പോംഗ്കി സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിക്കുന്ന സാധനങ്ങള്‍ അവിടെനിന്ന് മറ്റു ക്യാമ്പുകളിലേക്കും കൈമാറും. നേരത്തേ ചെന്നൈയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോള്‍ സമാനമായ രീതിയില്‍ എറണാകുളത്തുനിന്ന് വാഹനങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിച്ചിരുന്നു.