x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

12/06/2023

സീറോമലബാർ സഭാ സിനഡിൻ്റെ പ്രത്യേക സമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ജൂൺ 12-ാം തിയ്യതി സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ സിനഡ് പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. തന്റെ ഉദ്ഘാടന സന്ദേശത്തിൽ ദിവംഗതനായ അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ നിസ്തുലങ്ങളായ സേവനങ്ങളെയും ധീരമായ നേതൃത്വത്തെയും മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. സഭയ്ക്കും സമൂഹത്തിനും അഭിവന്ദ്യ പിതാവിൻ്റെ വിയോഗം വലിയ നഷ്ടമാണെന്നും മേജർ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

സിനഡിലെ നവാഗതരായ മെൽബൺ രൂപതാദ്ധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ പിതാവിനെയും മാനന്തവാടി രൂപതയുടെ സഹായമെത്രാനായ മാർ അലക്സ് താരാമംഗലം പിതാവിനെയും മേജർ ആർച്ചുബിഷപ്പ് പ്രത്യേകമായി സ്വാഗതം ചെയ്തു. മെൽബൺ രൂപതയുടെ ആദ്യ മെത്രാനെന്ന നിലയിൽ മാർ ബോസ്കോ പുത്തൂർ പിതാവ് നൽകിയ സമാനതകളില്ലാത്ത മഹത്തായ സംഭാവനകളെ മേജർ ആർച്ചുബിഷപ്പ് പ്രകീർത്തിച്ചു. സഭ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ-കാർഷിക മേഖലകളിലെ വിവിധ പ്രതിസന്ധികളെ മേജർ ആർച്ചുബിഷപ്പ് തൻ്റെ ഉദ്‌ഘാടന സന്ദേശത്തിൽ പരാമർശിച്ചു. മണിപ്പൂർ കലാപത്തിൽ ക്രൈസ്തവർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള ഉദാസീനത തികച്ചും കുറ്റകരമാണ്.

കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നിൽക്കുന്നു എന്ന സത്യം സംസ്ഥാന സർക്കാർ മനസ്സിലാക്കണം. കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകൻ്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപക്കാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിനഡിൻ്റെ പ്രത്യേക സമ്മേളനം ചേരുന്നത്. സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻ്റെ തലവൻ ആർച്ചുബിഷപ്പ് ക്ലൗഡിയോ ഗുജറോത്തിയും സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ വെളിച്ചത്തിലാണ് സിനഡിലെ ചർച്ചകൾ മുന്നോട്ടുനീങ്ങുന്നത്. ജൂൺ 16 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സിനഡുസമ്മേളനം സമാപിക്കും.

Related Updates


east