We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
12/05/2023
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭ 2025 വിശുദ്ധ വർഷമായി ആചരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലോഗോ പുറത്തിറക്കി. ‘പ്രത്യാശയുടെ തീർഥാടകർ’ എന്നതാണ് 2025 ജൂബിലിയുടെ ചിന്താവിഷയം. വിശുദ്ധ വർഷാചരണത്തിന്റെ ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് പരിപാടികളുടെ ഏകോപന ചുമതലയുള്ള കാര്യാലയത്തിലെ പ്രോ-പ്രിഫെക്ട് ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല അറിയിച്ചു. ലോകമെമ്പാടുമുള്ള രൂപതകൾ ജൂബിലിയാചരണത്തിന്റെ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇറ്റലിയിലെ വിവിധ രൂപതകളിലെ 212 പ്രതിനിധികളുമായും ബിഷപ്സ് കോൺഫറൻസുകളുടെ 90 പ്രതിനിധികളുമായും ഇതിനകം കൂടിക്കാഴ്ച നടത്തിയതായും ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല പത്രസമ്മേളനത്തിൽ പറഞ്ഞു. നിഖ്യാ സൂനഹദോസിന്റെ 1700-ാമതു വാർഷികാഘോഷവും വിശുദ്ധ വത്സരത്തിൽ നടക്കും. സെപ്റ്റംബറിൽ വത്തിക്കാനിൽ നടക്കുന്ന എൽ ഗ്രേക്കോ രചിച്ച മൂന്നു വിശ്വപ്രസിദ്ധ ചിത്രങ്ങളുടെ പ്രദർശനത്തോടെ വിശുദ്ധ വർഷാചരണത്തിന്റെ പ്രാരംഭ നടപടികൾക്കു തുടക്കമാകും. വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീർഥാടകർ വത്തിക്കാൻ സന്ദർശിക്കുമെന്നാണു കരുതുന്നത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഇറ്റാലിയൻ സർക്കാരുമായും ലാസിയോ സംസ്ഥാനത്തെ അധികൃതരുമായും ഇതുസംബന്ധിച്ച് കൂടിക്കാഴ്ചകൾ നടത്തും. ഈ വർഷം സെപ്റ്റംബർ മുതൽ തീർഥാടകർക്ക് ജൂബിലി പരിപാടികൾക്കും വിശുദ്ധ വാരത്തിലേക്കുള്ള തീർഥാടനത്തിനും രജിസ്റ്റർ ചെയ്യാമെന്നും ആർച്ച്ബിഷപ് റിനോ ഫിസിഷെല്ല അറിയിച്ചു. സെപ്റ്റംബറിൽത്തന്നെ പുതിയ മൊബൈൽ ആപ്പ് പ്രവർത്തനക്ഷമമാകും.