We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
21/05/2023
തൃശൂർ: മാനവ സമൂഹത്തിന്റെ ഐക്യം ആത്മീയതയിലാണെന്ന് തെളിയിക്കുന്നതാണ് മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷിക്കുന്ന മാർ ജേക്കബ് തൂങ്കുഴിയുടെ ജീവിതമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലൂർദ്ദ് കത്തീഡ്രൽ ഹാളിൽ മാർ തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണജൂബിലിയാഘോഷവും തൃശൂർ അതിരൂപത ദിനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദിനാൾ. വ്യക്തിബന്ധങ്ങൾ ഹൃദയബന്ധങ്ങളാക്കി മാറ്റുന്നതിനുള്ള മാർ തൂങ്കുഴിയുടെ കഴിവ് അപാരമാണ്.
മൂന്നു രൂപതകളിൽ ശുശ്രൂഷ ചെയ്ത മെത്രാൻ എന്ന ഭാഗ്യം ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ആർക്കുമില്ല. മൂന്നു രൂപതകളിലും തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണ്. പുരോഹിതരോടുള്ള സ്നേഹവും വാത്സല്യവും നൽകി ഒരു വൈദിക സംസ്കാരത്തിനുതന്നെ രൂപം നൽകാൻ മാർ ജേക്കബ് തുങ്കുഴിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കർദിനാൾ പറഞ്ഞു.
ചടങ്ങിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, യാക്കോബായ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, റായ്പുർ ആർച്ച്ബിഷപ് ഡോ. ജോസഫ് അഗസ്റ്റിൻ, കോട്ടാർ ബിഷപ് ഡോ. പീറ്റർ റെമിജിയൂസ്, ബിജ്നോർ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവർ ആശംസയർപ്പിച്ചു. മാർ ജേക്കബ് തൂങ്കുഴി മറുപടി പ്രസംഗം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മാർ ജേക്കബ് തൂങ്കുഴിയെ പൊന്നാടയണിയിച്ചു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതവും മോണ്‍. ജോസ് കോനിക്കര നന്ദിയും പറഞ്ഞു.