Syro Malabar
25/10/2025
മോൺ. ആന്റണി കാട്ടിപ്പറമ്പിൽ കൊച്ചി രൂപത ബിഷപ്പ്
കൊച്ചി: മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 55-കാരനായ മോണ്‍. കാട്ടിപ്പറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയാണ്.
റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ മോണ്‍. കാട്ടിപ്പറമ്പില്‍ 1998 ഓഗസ്റ്റ് 15-ന് ബിഷപ് ഡോ. ജോസഫ് കുരീത്തറയില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും, അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ അസിസ്റ്റന്റ് വികാരിയായട്ടായിരുന്നു പ്രഥമ നിയമനം. തോപ്പുംപടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തിലും കുറച്ചു കാലം സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ കൊച്ചി രൂപതയുടെ വിവാഹ ട്രൈബ്യൂണലില്‍ നോട്ടറിയായും പ്രവര്‍ത്തിച്ചു.
2002 മുതല്‍ 2005 വരെ പ്രാറ്റോയിലെ ചീസ ഡി സാന്‍ ഫ്രാന്‍സെസ്‌കോയില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് കൊച്ചി രൂപതയില്‍ മടങ്ങിയെത്തിയ മോണ്‍. കാട്ടിപ്പറമ്പില്‍ നിരവധി പ്രധാന ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. സിനഡിനായുള്ള രൂപതാ കോണ്‍ടാക്റ്റ് പേഴ്സണ്‍, എപ്പിസ്‌കോപ്പല്‍ വികാരി എന്നീ ഉത്തരവാദിത്വങ്ങളും ഇപ്പോള്‍ വഹിക്കുന്നുണ്ട്.
മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകയിലെ പരേതരായ ജേക്കബ്-ട്രീസ ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയവനാണ് മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍.
2024 മാര്‍ച്ച് 2-ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ കൊച്ചി രൂപതയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് ഇപ്പോഴത്തെ നിയമനം.