x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

31/08/2023

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ അപലപനീയം

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സീറോമലബാർസഭയുടെ സിനഡ് നിശ്ചയിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. പ്രസ്തുത കമ്മിറ്റിയുടെ ചർച്ചകൾ തുടരവേ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചർച്ചകളിലെ ധാരണകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ തീർത്തും തെറ്റിദ്ധാരണാജനകമായ വാർത്ത ഒരു പ്രമുഖ ദിനപത്രത്തിലും സാമൂഹ്യ മാധ്യമങ്ങളിലും കാണാനിടയായി. ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാര ശ്രമങ്ങളെ അട്ടിമറിക്കാനാഗ്രഹിക്കുന്നവർ നൽകുന്ന ഇത്തരം വാർത്തകൾ അങ്ങേയറ്റം അപലപനീയമാണെന്ന് സീറോമലബാർസഭ പി.ആർ.ഒ. ഫാ. ഡോ. ആന്‍റണി വടക്കേകര വി.സി. പ്രസ്താവനയിൽ പറഞ്ഞു.

സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാർപാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾക്കായി സിനഡ് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മെത്രാന്മാരുടെ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻകീഴിലായതിനാലും പ്രശ്നപരിഹാരത്തിനായി മാർപാപ്പ പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നതിനാലും പരിശുദ്ധ പിതാവിൻ്റെ സമ്മതത്തോടെ മാത്രമേ പ്രശ്നപരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച് 2022 മാർച്ച്‌ 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്‌ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.

ചർച്ചകളിൽ ഒരുതരത്തിലും ഇടപെടാത്ത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചർച്ചകളെ അട്ടിമറിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാർത്തകൾ നൽകുന്നവർ അതിൽനിന്നും പിന്മാറേണ്ടതാണെന്നും വിശ്വാസികളും പൊതുസമൂഹവും ഇപ്രകാരമുള്ള വ്യാജവാർത്തകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണമെന്നും പി.ആർ.ഒ. ഫാ. ഡോ. ആന്‍റണി വടക്കേകര വി.സി. അഭ്യർത്ഥിച്ചു.

Related Updates


east