We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
15/05/2024
അയർലണ്ട്: പ്രവാസ ജീവിതത്തിനിടയിലും സ്വന്തം വിശ്വാസ പാരമ്പര്യങ്ങളും ആചാരമര്യാദകളും, ജീവിത ശൈലികളും കളയാതെ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവരാണെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെ സീറോമലബാർ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ചു. നമ്മുടെ വിശ്വാസ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറ്റപ്പെടണം. നമ്മുടെ മതബോധന വിശ്വാസപരിശീലനം എന്ത് വിലകൊടുത്തും കാത്തുസൂക്ഷിക്കണം. അത് കേവലം പ്രാർത്ഥന പഠിപ്പിക്കൽ മാത്രമല്ല, നല്ല ജീവിത ശൈലിയിലേയ്ക്ക് നയിക്കേണ്ടതാകണം. നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോമലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്പ്.നിങ്ങൾ ഭവനത്തിൽ കൊടുക്കുന്ന പരിശീലനം ഒരു കാറ്റിക്കിസം ക്ലാസുകളിലും കിട്ടില്ല, കാറ്റിക്കിസം ക്ലാസുകൾ ഒരു അക്കാദമിക് ലാബാണെങ്കിൽ ഭവനം ഒരു ലൈഫ് ലാബ് ആണെന്ന് പിതാവ് കൂട്ടിച്ചേർത്തു. നാട് വിട്ട് വിദേശത്തെത്തിയ പ്രവാസികൾ എല്ലാ അർത്ഥത്തിലും മിഷനറിമാരാണ്. നാട് വിട്ട് കാശുണ്ടാക്കാൻ പോയവരല്ല പ്രവാസി കത്തോലിക്കരെന്നും അവർ മിഷൻ പ്രവർത്തനത്തിനായി വിളിക്കപ്പെട്ടവരാണെന്നും മേജർ ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നിങ്ങൾ ഈ നാട്ടിൽ ചേർത്ത പുളിമാവിനു സദൃശ്യമാണെന്ന് ഐറീഷ് സീറോമലബാർ പ്രവാസികളെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് നിങ്ങളുടെ പ്രവാസ കാലഘട്ടത്തിലെ അധ്വാനം.
ഇന്ത്യയിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഐറീഷ് മിഷനറിമാരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിച്ചു പ്രസംഗം ആരംഭിച്ച മേജർ ആർച്ച്ബിഷപ്പ് കുടുംബ പ്രാർഥനയിലുള്ള നിഷ്ഠ, അനുദിന വിശുദ്ധ കുർബാന, മിഷൻ പ്രവർത്തനങ്ങളോടുള്ള അഭിനിവേശം എന്നിവ സീറോമലബാർ സഭാമക്കളുടെ മുഖമുദ്രകളെന്ന മാർപ്പാപ്പയുടെ വാക്കുകൾ ആവർത്തിച്ചു.
അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അയ്യായിരത്തോളം വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിന്‍റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു. വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനായിരുന്നു. സീറോമലബാർസഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് സീറോമലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, തീർത്ഥാടനത്തിന്‍റെ കോർഡിനേറ്റർ ഫാ. ബാബു പരത്തപതിക്കയ്ക്കൽ, റീജണൽ കോർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫാ. റോയ് ജോർജ്ജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കൽ, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ജിജോ ജോൺ ആശാരിപറമ്പിൽ, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ബിജോ ഞാലൂർ, ഫാ. ഫാ. ക്രൈസ്റ്റാനന്ദ്, ഫാ. ആന്‍റണി നെല്ലിക്കുന്നേൽ, ഫാ. റെജി കുര്യൻ, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയിൽ, ഫാ. ഷിൻ്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒ.സി.ഡി., ഫാ. സാനോജ് ഒ.സി.ഡി., ഫാ. റെൻസൻ തെക്കിനേഴത്ത്, ഫാ. സോജി വർഗ്ഗീസ് എന്നിവരും സഹകാർമ്മികരായിരുന്നു. നോക്കിലെത്തിയ മേജർ ആർച്ചുബിഷപ്പിനെ ഫാ. ബാബു പതേപതിക്കലും സീറോമലബാർ ട്രസ്റ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിരിയത്തും, പി. ആർ.ഒ. ബിജു നടയ്ക്കലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം അയർലണ്ടിലെ വിവിധ കുർബാന സെന്‍ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മേജർ ആർച്ച്ബിഷപ്പ് വി. കുർബാന നൽകി. അയർലണ്ടിലെ എല്ലാ കുർബാന സെന്‍ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു
എട്ട് കുട്ടികളുള്ള നോക്കിലെ മാർട്ടിൻ വർഗ്ഗീസ് മാളിയേക്കൽ & സ്മീതാമോൾ , ഏഴ് കുട്ടികളുള്ള സോർഡ്സിലെ ഡെയ്സ് എബ്രാഹാം & ഷിമി മാത്യു മരിയ, ആറുകുട്ടികളുള്ള ബ്രേയിലെ റെജി ജോസഫ് & ജോമോൾ,അഞ്ചുകുട്ടികൾ വീതമുള്ള ബ്രേയിലെ വർഗ്ഗീസ് ജോസഫ് & ലീന, ലിമറിക്കിലെ സിജു പോൾ & ലിറ്റിമോൾ, ലൂക്കനിലെ ലിജോ അലക്സ് & സോഫി, ലൂക്കനിലെ ഷിജോ ജോസ് & എലിസബത്ത്, നാവനിലെ ജോബി ജോസഫ് & സിന്ദു ദമ്പതികളെ തദ്ദവസരത്തിൽ ആദരിച്ചു., ഓൾ അയർലണ്ട് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ജോൺ ജോസഫ് രാജേഷ് (ലൂക്കൻ), ഇവ എൽസ സുമോദ് (നാസ്), സാമുവേൽ ബിനോയ് (ബ്ലഞ്ചാർഡ്സ്ടൗൺ), അഞ്ചാം ക്ലാസുകാരായ റിയ മരിയ അശ്വൻ (കോർക്ക്), ഒലിവർ ലിൻ മോൻ ജോസ്, ഒലീവിയ ലിൻ മോൻ ജോസ് (താല), പത്താം ക്ലാസുകാരായ ആഗ്നസ് മാർട്ടിൻ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ക്രിസ് മാർട്ടിൻ ബെൻ (നാവൻ), ആരോൺ മരിയ സാജു (ലിമറിക്), ഏയ്ഞ്ചൽ ജിമ്മി ( സോർഡ്സ്), നേഹ അന്ന മാത്യു (നാവൻ) ആൽബർട്ട് ആന്‍റണി (സോർഡ്സ്) എന്നിവർക്ക് മേജർ ആർച്ച്ബിഷപ്പ് സമ്മാനം നൽകി.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാന സെന്‍റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി. ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോമലബാർ യൂത്ത് മൂവ്മെന്‍റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെന്‍ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി. മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു, കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. പ്രദക്ഷിണത്ത് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി. തുടർന്ന് സീറോമലബാർ യൂത്ത് മൂവ്മെന്‍റ് ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാൾ ദിവ്യബലിയയും, മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും, മേജർ ആർച്ച് ബിഷപ്പിന്‍റെയും, അഭിവദ്യ പിതാക്കന്മാരുടേയും ഇരുപന്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർത്ഥാടകർക്ക് നവ്യാനുഭവമായി.