Syro Malabar
22/10/2025
സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഇനി വോട്ട്
കാഞ്ഞിരപ്പള്ളി: കത്തോലിക്ക സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യത്തോടെ ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന പ്രഖ്യാപനവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
കോട്ടയം ജില്ലയുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് എത്തിയ യാത്രയ്ക്ക് മുണ്ടക്കയം വ്യാകുല മാതാ ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കാഞ്ഞിരപ്പള്ളി ടൗണില്‍ നടത്തിയ റാലിയെ തുടര്‍ന്ന് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ച് സ്വീകരിച്ചു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ വിഷയാവതരണവും ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണവും നടത്തി.
ഒക്ടോബര്‍ 13ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച അവകാശ സംരക്ഷണയാത്ര 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ സമാപിക്കും.