We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
01/12/2023
കോതനല്ലൂര്‍ : ദിവ്യകാരുണ്യം ജീവിതനവീകരണത്തിൻ്റെ കേന്ദ്രബിന്ദുവാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്ന ത്രിദിനബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിൻ്റെ രക്ഷാകര പദ്ധതി സ്‌നേഹത്തിലൂടെയും നീതിയിലൂടെയും കാരുണ്യത്തിലൂടെയുമാണ് ലോകത്തിന് വെളിപ്പെടുത്തപ്പെടുന്നതെന്നും ദൈവകരുണയില്‍ ആശ്രയിച്ച് സഹജീവികള്‍ക്ക് സ്‌നേഹശുശ്രൂഷ ചെയ്ത് യഥാര്‍ത്ഥ ക്രൈസ്തവസാക്ഷികളായി മുന്നോട്ടുപോകാനുള്ള കടമ ഓരോ ക്രിസ്ത്യാനിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് 'ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം' എന്നതാണ് ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷൻ്റെ പ്രമേയം. ജപമാലയോടുകൂടി ആരംഭിച്ച കണ്‍വെന്‍ഷന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ബൈബിള്‍ പാരായണ മാസാചരണത്തിൻ്റെ ഭാഗമായി അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാത്യു മണക്കാട്ട് ബൈബിള്‍ പാരായണം നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബാനയില്‍ വിവിധ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. ആദ്യദിനത്തിലെ വചനശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഫാ.സാജു ഇലഞ്ഞിയില്‍ നേതൃത്വം നല്‍കി.
രണ്ടാം ദിവസമായ ഇന്നത്തെ വചനശുശ്രൂഷകള്‍ക്ക് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 11.45 ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ കൈപ്പുഴ, ഉഴവൂര്‍, ചുങ്കം, ഇടയ്ക്കാട്ട്, പടമുഖം ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. ഡിസംബര്‍ 3-ാം തീയതി രാവിലെ 10 മണിക്ക് അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അതിരൂപത സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. ഷെക്കെയ്‌ന മിനിസ്ട്രി എം.ഡി ബ്രദര്‍ സന്തോഷ് കരുമാത്ര വചനശുശ്രൂഷ നയിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫാ. ജിബില്‍ കുഴിവേലിൻ്റെ നേതൃത്വത്തില്‍ അഭിഷേക ആരാധന നടത്തപ്പെടും. 3.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമാപനാശീര്‍വ്വാദം നല്‍കും. കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷൻ്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷൻ്റെ തത്സമയസംപ്രേഷണം അപ്നാദേശ് ടിവിയിലും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ ദിനങ്ങള്‍ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിച്ച് വൈകിട്ട് 4 മണിക്ക് സമാപിക്കും.