We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/08/2023
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കുടുംബവിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മിസ്പാ പദ്ധതിക്ക് തുടക്കമായി. കുമളിയില്‍ നടത്തപ്പെട്ട രൂപതാ ദിനത്തോടനുബന്ധിച്ച് 2023 മെയ് 12 മുതല്‍ 2024 മെയ് 12 വരെ കുടുംബവിശുദ്ധീകരണ വര്‍ഷമായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കുടുംബ വിശുദ്ധീകരണം കൂദാശകളിലൂടെ എന്ന ദര്‍ശനത്തെ ആധാരമാക്കി സഭാത്മക ആധ്യാത്മികതയില്‍ ശക്തിപ്പെടുന്നതിനുള്ള കര്‍മപദ്ധതിയാണ് മിസ്പാ.
ഓരോ കുടുംബത്തിനുമായി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രസ്തുത കുടുംബത്തെ അനുസ്മരിച്ച് ഇടവക സമൂഹം പ്രാര്‍ത്ഥിക്കുന്നു. അന്നേദിവസം ആ കുടുംബം പരിശുദ്ധ കുമ്പസാരം സ്വീകരിച്ചൊരുങ്ങി പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നു. അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനയിലെ ഡിപ്റ്റിക്‌സില്‍ കുടുംബത്തെ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നു. ഇടവകയില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്ന വൈദികരുമായി കുടുംബാംഗങ്ങള്‍ ആശയവിനിമയം നടത്തുകയും പരസ്പര ശ്രവണത്തിന് വേദിയാവുകയും ചെയ്യുകയെന്നതും മിസ്പാ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഇടവകയില്‍ തയ്യാറാക്കപ്പെടുന്ന ലിസ്റ്റനുസരിച്ചാണ് ഓരോ കുടുംബത്തിനുമുള്ള ദിവസം നിശ്ചയിക്കുന്നത്. ഓഗസ്റ്റ് 15 ന് ആരംഭിച്ച് രൂപതാ ദിനമായ മെയ് 12 ന് സമാപിക്കത്തക്ക വിധത്തിലാണ് ക്രമീകരണം.
കൗദാശിക ജീവിതത്തിലൂടെ സഭാത്മക ആദ്ധ്യാത്മികതയില്‍ ശക്തിപ്പെട്ട് ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവുമാകുവാന്‍ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മിസ്പാ പദ്ധതിക്ക് ആമുഖമായി നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു. രൂപത ഫാമിലി അപ്പസ്‌തോലേറ്റിൻ്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന ഇടവകയില്‍ രൂപതാ ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ നിര്‍വ്വഹിച്ചു. ഫൊറോന വികാരി ഫാ. തോമസ് ഞള്ളിയില്‍, ഡീക്കന്‍ തോമസുകുട്ടി ഞൊണ്ടിക്കല്‍, കൈക്കാരന്‍മാരായ വര്‍ക്കിച്ചന്‍ പുത്തന്‍പുര, മാത്യു മാന്‍കുന്നേല്‍, പി. ആര്‍. ഒ. ഫ്രാന്‍സിസ് പുളിക്കല്‍, മാതൃവേദി ആനിമേറ്റര്‍ സി. മരിയ, പ്രസിഡണ്ട് ജൂലി കൊച്ചുപുര, സന്യാസിനികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.