We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/06/2026
ഫുള്‍ഡാ/ജര്‍മനി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികനായ ഫാ. ബ്രൂണോ കാന്റ് (110) അന്തരിച്ചു. 75 വര്‍ഷത്തിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷ, ഒരു ഇടവകയുടെ വികാരിയായി 30 വര്‍ഷത്തെ സേവനം ചെയ്ത വൈദികന്‍, സോവ്യറ്റ് ജയിലില്‍ കഴിഞ്ഞ സൈനികനായ തടവുകാരന്‍ എന്നീ നിലകളില്‍ വ്യതിരിക്തനാണ് 110-ാം വയസില്‍ നിത്യതയിലേക്ക് യാത്രയായ ഫാ. കാന്റ്.
1916 ഫെബ്രുവരി 26-ന് അന്നത്തെ പശ്ചിമ പ്രഷ്യയിലെ (ഇപ്പോള്‍ പോളണ്ട്) വെര്‍ബ്ലിനിലായിരുന്നു ബ്രൂണോ കാന്റിന്റെ ജനനം. ചെറുപ്പകാലത്തുതന്നെ വൈദികനാകാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്റെ പഠനവഴികളെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കരിനിഴല്‍ പിടിച്ചുലച്ചു. ബ്രാനീവോയിലും ഫ്രെയ്ബര്‍ഗിലും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചുകൊണ്ടിരിക്കെ അദ്ദേഹം നിര്‍ബന്ധിത സൈനികസേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. യുദ്ധത്തിനിടയില്‍ സോവിയറ്റ് യൂണിയന്റെ തടവുകാരനായി മാറേണ്ടി വന്ന അദ്ദേഹം ക്രൂരമായ തടവറ അനുഭവങ്ങള്‍ക്കും സാക്ഷിയായി. എന്നാല്‍ പ്രതിസന്ധികളൊന്നും അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തെ തളര്‍ത്തിയില്ല. 1948-ല്‍ റഷ്യന്‍ തടവില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അദ്ദേഹം തന്റെ ദൈവശാസ്ത്ര പഠനം പുനരാരംഭിച്ചു. തുടര്‍ന്ന് 1950 ജൂലൈ 23-ന് ഫുള്‍ഡാ കത്തീഡ്രലില്‍ വെച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
പ്രാര്‍ത്ഥനായണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ വൈറലായിരുന്നു. 2025 നവംബറില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1991-ല്‍ ഔദ്യോഗിക പൗരോഹിത്യ ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും, തന്റെ 102-ാം വയസുവരെ ആത്മീയ ശുശ്രൂഷകളില്‍ അദ്ദേഹം സജീവമായിരുന്നു.
പുഞ്ചിരിയോടെയും കരുണയോടെയും ജനഹൃദയങ്ങളില്‍ ഇടംപിടിച്ച ഫാ. കാന്റ് ഈ വര്‍ഷം ഫെബ്രുവരി 26-നാണ് തന്റെ 110-ാം ജന്മദിനം ആഘോഷിച്ചത്. അന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് വ്യക്തിപരമായി കത്തയച്ച് ആദരവ് പ്രകടിപ്പിച്ചിരുന്നു. സഭയ്ക്ക് അദ്ദേഹം നല്‍കിയ ദീര്‍ഘവും വിശ്വസ്തവുമായ സേവനങ്ങള്‍ക്ക് പാപ്പ കത്തില്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഒരു നൂറ്റാണ്ടിലധികം ഈ ഭൂമിയില്‍ ദൈവത്തിന്റെ സ്‌നേഹദൂതുമായി ജീവിച്ച പ്രിയപ്പെട്ട ഇടയന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ലോകമെമ്പടുമുള്ള വിശ്വാസിസമൂഹം.