We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
10/07/2023
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
മേജർ ആർച്ച്ബിഷപ്, സീറോമലബാർസഭ
സിനഡാത്മകതയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിലെ ആദ്യ സെഷനുവേണ്ടിയുള്ള മാർഗരേഖ (ലാറ്റിൻ ഭാഷയിൽ ഇൻസ്ത്രുമെന്തും ലബോറിസ്-ഐഎൽ ) കഴിഞ്ഞ ജൂൺ 20നു പുറത്തിറക്കുകയുണ്ടായി. 50 പേജുള്ള മാർഗരേഖ വത്തിക്കാനിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചതോടെ അത് ഏവർക്കും സംലഭ്യമായിട്ടുണ്ട്. 2021 ഒക്ടോബർ 10നാണ് സിനഡിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ദൈവജനത്തെ കേൾക്കാനുള്ള വലിയ ഈ ഉദ്യമത്തിൽ മുഴുവൻ സഭാസമൂഹത്തെയും ഉൾപ്പെടുത്തി, മൂന്ന് ഘട്ടങ്ങളായുള്ള കൂടിയാലോചനകളിലൂടെയാണ് മാർഗരേഖ തയാറാക്കിയത്. ആദ്യഘട്ടത്തിൽ പ്രാദേശിക സഭകളിൽ നടന്ന കൂടിയാലോചനകളിൽനിന്ന് ദൈവജനത്തിന്റെ അഭിപ്രായം സ്വീകരിച്ചു. രണ്ടാം ഘട്ടത്തിൽ കിഴക്കൻ സഭകളിലെ ബിഷപ്പുമാരുടെ കോണ്ഫറൻസുകളിലും സിനഡുകളിലും പ്രാദേശികസഭകളിൽനിന്നുമുള്ള അഭിപ്രായം സ്വീകരിച്ചു. മൂന്നാം ഘട്ടത്തിൽ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നും പുറമെ ലോകമെന്പാടുനിന്നും ലഭിച്ച നിർദേശങ്ങൾ ഉൾക്കൊണ്ട് മാർഗരേഖ പൂർത്തിയാക്കി.
മാർഗരേഖയുടെ ആദ്യഭാഗം സിനഡാത്മക സഭയെക്കുറിച്ചാണ്; സിനഡ് പ്രക്രിയയിൽ മനസിലാക്കപ്പെടുന്നതും അനുഭവവേദ്യമായതുമായ സഭയെക്കുറിച്ച്. സിനഡാത്മകസഭയുടെ അടയാളങ്ങൾ ഇങ്ങനെയാണ് രേഖയിൽ വ്യക്തമാക്കുക:
►മാമ്മോദീസയുടെ ശ്രേഷ്ഠതയിൽ അടിസ്ഥാനമിട്ട, ശ്രവിക്കുന്നതും ശ്രദ്ധിക്കുന്നതുമായ ഒരു സഭ,
►വിനീതമായിരിക്കാൻ ആഗ്രഹമുള്ള, ധാരാളം പഠിക്കാനുണ്ടെന്നു തിരിച്ചറിയുന്ന സഭ,
►ആശയസംവാദവും കൂടിവരവും പ്രോത്സാഹിപ്പിക്കുകയും അതിന്റെ പിന്നിലുള്ള വൈവിധ്യത്തെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന സഭ,
►തുറവിയുള്ളതും സ്വാഗതം ചെയ്യുന്നതും സർവാശ്ലേഷിയുമായ സഭ,
►സംഘർഷങ്ങളെ അംഗീകരിക്കുകയും അവയാൽ തകർപ്പെടാതെ അവയെ കൈകാര്യം ചെയ്യാൻ പ്രാപ്തയുമായ സഭ,
►ദുർബലവും അപൂർണവുമായതിനാൽ അസ്വസ്ഥവും എന്നാൽ വിവേചനശേഷിയുള്ളതുമായ സഭ.
തുടർന്ന് സിനഡിന്റെ മൂന്ന് പ്രധാന പദങ്ങളുമായുള്ള ബന്ധം മാർഗരേഖ വിശദീകരിക്കുന്നു: കൂട്ടായ്മ, പ്രേഷിതദൗത്യം, പങ്കാളിത്തം എന്നിവയാണവ. ദൈവശാസ്ത്രത്തിന്റെയും സഭാ നിയമത്തിന്റെയും വീക്ഷണകോണിൽനിന്നാണ് ഇവയെ അഭിസംബോധന ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാൽ, അജപാലന ശ്രദ്ധയുടെയും ആധ്യാത്മികതയുടെയുടെയും വീക്ഷണത്തിൽ. ഈ മൂന്നു പദങ്ങളോടും ബന്ധപ്പെടുത്തി മാത്രമേ സിനഡിനെ കാണാനാവൂ. കൂട്ടായ്മയിൽ ജീവിക്കുന്നതാണ് സഭയുടെ മുന്നിലുള്ള വെല്ലുവിളി. ദൈവവുമായുള്ള ഐക്യത്തിന്റെയും മനുഷ്യരാശിയുടെ ഐക്യത്തിന്റെയും ഒരു അടയാളവും ഉപകരണവുമാകുന്നു സഭ. പ്രേഷിതദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി സുവിശേഷത്തിന്റെ ശുശ്രൂഷയിൽ എങ്ങനെ നന്മകളും ചുമതലകളും പങ്കിടാം എന്നതിലാണ്. പ്രേഷിതയായ ഒരു സിനഡാത്മക സഭയുടെ സ്വഭാവം വളർത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ, ഘടനകൾ, സ്ഥാപനങ്ങൾ എന്നിവ രൂപീകരിക്കുകയും സജ്ജമാക്കുകയും ചെയ്യുക എന്നതാണ് പങ്കാളിത്തത്തിലെ വെല്ലുവിളി.
പ്രവർത്തനരേഖയുടെ രണ്ടാം ഭാഗം പ്രമേയപരമായ 15 പ്രവർത്തന പദ്ധതികളാണ്. അവ ഓരോന്നും ഓരോ അടിസ്ഥാനപ്രശ്നം കൈകാര്യം ചെയ്യുന്നു. സഭാത്മകജീവിതത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഭൂഖണ്ഡാന്തര അസംബ്ലികളിലൂടെ ഉയർന്നുവന്ന വ്യത്യസ്തവും എന്നാൽ പരസ്പരപൂരകവുമായ പരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്. മാർഗരേഖ സഭയുടെ ഔദ്യോഗിക പ്രബോധനരേഖയോ സാമൂഹ്യശാസ്ത്ര സർവേയുടെ റിപ്പോർട്ടോ അല്ല. ഇത് പ്രവർത്തന സൂചനകൾ, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതോ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിന്റെ പൂർണമായ വിവരണമോ അല്ല. ദൈവജനത്തെ ശ്രവിച്ചതിൽനിന്ന് ഉയർന്നുവന്ന ചില മുൻഗണനകളെ വ്യക്തമാക്കുന്നതാണ് ഈ മാർഗരേഖ.