We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
11/05/2023
ന്യൂഡൽഹി: മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ 150 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയത്. സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നുകയറുകയും ചെയ്തു. മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യംചെയ്ത വൈദികരെ മർദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നു പറഞ്ഞ് കേസെടുക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഉൾപ്പെടെ പരിശോധനയ്ക്കെന്ന പേരിൽ ഉദ്യോഗസ്ഥർ കൊണ്ടുപോയതായി വൈദികർ ദീപികയോടു പറഞ്ഞു. സിസ്റ്റേഴ്സിന്റെ മുറികളിലും ഹോസ്റ്റലുകളിലും ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറി. സിസിടിവിയും കംപ്യൂട്ടറുകളും നശിപ്പിക്കുകയും ഫോണുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. ഓർഫനേജിന്റെ ചുമതലക്കാരായ ഫാ. ജോഷി, ഫാ. നവിൻ എന്നിവരെ ചോദ്യംചെയ്യാനായി പോലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു. വൈദികർക്ക് ഏഴു മണിക്കൂറിനു ശേഷമാണു ജാമ്യം ലഭിച്ചത്.
ഓർഫനേജിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി കെട്ടിച്ചമച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് ഓർഫനേജ് അധികൃതർ പറഞ്ഞു. ഓർഫനേജിന്റെ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ മൂന്നുവർഷമായി തീരുമാനമാകാതെ കിടക്കുകയാണ്. ഓർഫനേജിന് അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടികളെ മാറ്റിപ്പാർപ്പിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് 2021ലുണ്ടായ ശ്രമങ്ങൾ ജബൽപുർ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.