We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
20/07/2023
മെല്‍ബണ്‍: സീറോമലബാര്‍ മെല്‍ബണ്‍ രൂപത ബൈബിള്‍ അപ്പൊസ്റ്റലേറ്റിൻ്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻ്റ് ഫിലോസഫി ആലുവ (PIA) യുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബൈബിള്‍ കോഴ്‌സിൻ്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 20) വൈകീട്ട് 7 മണിക്ക് മെല്‍ബണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോണ്‍ പനന്തോട്ടത്തില്‍ പിതാവ് നിര്‍വ്വഹിക്കും. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബര്‍സാര്‍ റവ. ഡോ. അഗസ്റ്റിന്‍ ചെന്നാട്ട് നയിക്കുന്ന പ്രാര്‍ത്ഥനയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. മെല്‍ബണ്‍ രൂപത ബൈബിള്‍ അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ റവ. ഡോ. സിബി പുളിക്കല്‍ സ്വാഗതം ആശംസിക്കും. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് റവ.ഡോ. സുജന്‍ അമൃതം അദ്ധ്യക്ഷനായിരിക്കും. മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, കോഴ്‌സിലെ വിദ്യാര്‍ത്ഥി പ്രതിനിധി ഡോ. ജോജി തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിക്കും. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഡയറക്ടറുമായ റവ.ഡോ. ലൂക്ക് തടത്തില്‍ ചടങ്ങില്‍ കൃതഞ്ജത അര്‍പ്പിക്കും.
ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ക്ലാസുകളാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി ക്രമീകരിച്ചിരിക്കുന്നത്. ഒരു ക്ലാസ് ഇംഗ്ലീഷിലും ഒരു ക്ലാസ് മലയാളത്തിലുമായിരിക്കും. പങ്കെടുക്കുന്നവരുടെ താല്പര്യമനുസരിച്ച് ഒരു ക്ലാസ് മുന്‍കൂട്ടി തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ ക്ലാസുകളുടെ റിക്കോര്‍ഡിങ്ങും കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കും. കോഴ്‌സ് പൂര്‍ത്തികരിക്കുന്നവര്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാകും.
ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ആദ്യബാച്ചിൻ്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ബൈബിള്‍ അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ റവ. ഡോ. സിബി പുളിക്കല്‍ അറിയിച്ചു. തുടര്‍ന്ന് വരുന്ന കോഴ്‌സുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് രൂപതയുടെ വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.