x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

05/03/2024

ഇന്ത്യൻ ജനാധിപത്യത്തിലെ ക്രൈസ്തവ ഭാഗധേയത്വം

ഫാ. ജയിംസ് കൊക്കാവയലിൽ

ഒരു ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ എത്തിനില്ക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിലുള്ള ഇന്നത്തെ ക്രൈസ്തവ ഭാഗധേയത്വം ചിന്തനീയമായ വിഷയം തന്നെയാണ്.ദേശീയ ജനസംഖ്യയുടെ 2.3% മാത്രം വരുന്ന ക്രൈസ്തവർ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ശ്രദ്ധേയമായ ഭാഗഭാഗിത്വമാണ് വഹിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് അത് എവിടെ എത്തിനില്ക്കുന്നു? ജനാധിപത്യ പ്രക്രിയയിൽ പ്രധാനമായും രണ്ടു തരത്തിലാണ് ഭാഗഭാഗിത്വമുള്ളത്.

1.രാഷ്ട്രീയ നേതൃനിരയുടെ രൂപീകരണം

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപകനായ എ.ഒ. ഹ്യൂം മുതൽ ദേശീയ പ്രസ്ഥാനത്തിനു ശക്തമായ നേതൃത്വം നല്കിയ കാളിചരൺ ബാനർജി, കൃഷ്ണ മോഹൻ ബാനർജി, അമൃത് കൗർ, ഹരേന്ദ്ര കോമർ മുഖർജി, അക്കമ്മ ചെറിയാൻ, ആനി മസ്ക്രിൻ, റോസമ്മ പുന്നൂസ്, ബാരിസ്റ്റർ ജോർജ് ജോസഫ്, ടൈറ്റസ് തേവർതുണ്ടിയിൽ തുടങ്ങിയ ക്രൈസ്തവരുടെ നീണ്ട നിരതന്നെ നമുക്കു ചരിത്രത്തിൽ കാണാം. ഭരണഘടനാ ശില്പിയായ ഫാ. ജറോം ഡിസൂസ, നെഹ്റുവിനോടു കൈകോർത്തു സ്വതന്ത്ര ഇന്ത്യയെ പടുത്തുയർത്തിയ ധനമന്ത്രി ജോൺ മത്തായി എന്നിവരും തുടർന്ന് ധാരാളം ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ക്രൈസ്തവരുടെ ഇടയിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

എന്നാൽ ഇന്നു നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. പ്രാദേശിക പ്രത്യേകതകളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാന്നിധ്യം ഒഴിച്ചുനിർത്തിയാൽ, നമുക്ക് ദേശീയതലത്തിൽ ചൂണ്ടിക്കാണിക്കാൻ ജോൺ ബർള എന്ന കേന്ദ്ര സഹമന്ത്രിയും ജഗൻ മോഹൻ റെഡ്ഡി എന്ന മുഖ്യമന്ത്രിയും മാത്രമാണ് ഉള്ളത്. കേരളത്തിൽനിന്നു ക്രൈസ്തവരായ ദേശീയ നേതാക്കൾ ആരുംതന്നെ ഇപ്പോഴില്ല. സംസ്ഥാന തലത്തിൽ പഴയ തലമുറയിലെ ഏതാനും നേതാക്കൾ ഉണ്ടെന്നത് വസ്തുതയാണ്. എന്നാൽ പുതിയ നേതാക്കൾ ക്രൈസ്തവരിൽ നിന്നും ഉയർന്നുവരുന്നില്ല. നിലവിലുള്ള ചില ക്രിസ്ത്യൻ നാമധാരികളായ രാഷ്ട്രീയനേതാക്കൾക്കു ക്രൈസ്തവ സമൂഹത്തിൻ്റെ ന്യായമായ ആവശ്യങ്ങളോട് എത്രമാത്രം പ്രതിബദ്ധതയുണ്ട് എന്നതു മറ്റൊരു ചോദ്യമാണ്. അവർ ഭരണ-പ്രതിപക്ഷ ഭേദമന്യേ ക്രിസ്ത്യൻ വിഷയങ്ങൾ ഏറ്റെടുക്കാൻ ഭയപ്പെട്ടു നില്ക്കുകയാണ്. ഉദാഹരണത്തിന്ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടു പുറത്തുവിടണമെന്നു ശക്തമായി ആവശ്യപ്പെടുന്ന ഏതെങ്കിലുമൊരു ക്രിസ്ത്യൻ നേതാവ് കേരളത്തിലുണ്ടോ?

  1. സമ്മതിദാനാവകാശത്തിൻ്റെ വിനിയോഗം

സമ്മതിദാനാവകാശത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തിയ ചരിത്രമാണ് കേരള ക്രൈസ്തവർക്കുള്ളത്. ശ്രീമൂലം പ്രജാസഭയിലേയ്ക്കുള്ള വോട്ടവകാശത്തിനും പ്രാതിനിധ്യത്തിനുംവേണ്ടി എൻ. വി. ജോസഫ്, ടി.എം.വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്തവർ, ഈഴവർ, മുസ്ലിങ്ങൾ എന്നിവർ നടത്തിയ പ്രക്ഷോഭമാണ് നിവർത്തന പ്രക്ഷോഭം എന്നറിയപ്പെടുന്നത്. എന്നാൽ 2011ലെ സെൻസസ് പ്രകാരം 18.38% ജനസംഖ്യാനുപാതമുള്ള കേരളത്തിലെ ക്രൈസ്തവരിൽ എത്രപേർ ഇന്നു തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കുന്നുണ്ട്? ക്രൈസ്തവ മേഖലകളിൽ പോളിങ് ശതമാനം മറ്റു മേഖലകളെക്കാൾ കുറവായിരിക്കും എന്നത് കാലങ്ങളായുള്ള പ്രവണതയാണ്. നഗര പ്രദേശങ്ങളിൽ ഈ അവസ്ഥ ഗ്രാമങ്ങളിലേതിനെക്കാൾ ദയനീയമാണ്.

അറുപതു ശതമാനത്തിനുമുകളിൽ ക്രിസ്ത്യൻ ജനസംഖ്യയുള്ള പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ റിപ്പോർട്ടിങ് ഇപ്രകാരമാണ്. ”അന്തിമ വോട്ടർപട്ടിക പുറത്തിറക്കിയപ്പോൾ മണ്ഡലത്തിൽ ഏഴായിരത്തിലേറെ യുവ വോട്ടർമാരാണ് ഇല്ലാതായത്. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും പഠന - തൊഴിൽ ആവശ്യങ്ങൾക്കായി പോയതോടെയാണു ഇവരെ ഒഴിവാക്കിയത്. ഇക്കുറി 39 പുതിയ വോട്ടർമാർ മാത്രമാണു മണ്ഡലത്തിലുള്ളത്”(22 ആഗസ്റ്റ് 2023). ഇതുതന്നെയാണ് മിക്ക ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളിലെയും അവസ്ഥ.

കൂടാതെ നാട്ടിലുള്ളവരിൽ പലരും വോട്ടു ചെയ്യാൻ വിമുഖതയുള്ളവരാണ്. ചിലരെങ്കിലും അരാഷ്ട്രീയ ചിന്താഗതിക്കാരാണ്; ജനാധിപത്യ പ്രക്രിയകളോട് നിഷേധാത്മക മനോഭാവം പുലർത്തുന്നവരും കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തുന്നവരുമാണ്. ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതല്ല എന്നു കരുതി നിസംഗത പുലർത്തുന്ന ഗണ്യമായ ഒരു സമ്പന്നവിഭാഗവുമുണ്ട്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ മെനക്കെടാത്തവരാണ് ക്രൈസ്തവ യുവജനങ്ങളിൽ പലരും. ഈ നിഷേധാത്മക മനോഭാവവും നിസംഗതയും ക്രൈസ്തവരുടെ രാഷ്ട്രീയ ഭാഗധേയത്വം ഗണ്യമായി കുറയാൻ ഇടയാകുന്നു.

പരിഹാരനിർദേശങ്ങൾ

തെരഞ്ഞെടുപ്പു പ്രക്രിയയിൽ ക്രൈസ്തവരുടെ ഭാഗധേയത്വം ഉണ്ടായിരിക്കുകയെന്നത് ഈ ജനാധിപത്യ രാഷ്ട്രത്തിൽ നമ്മുടെ നി ലനില്പ്പിൻ്റെ പ്രശ്നമാണ്. ഇതു വർധിപ്പിക്കുന്നതിനു ഉചിതമായ മാർഗങ്ങൾ നമ്മൾ കണ്ടെത്തേണ്ടതുണ്ട്.

രൂപതകളിലും വലിയ ഫൊറോനകളിലും പൊളിറ്റിക്കൽ അക്കാദമികൾ തുടങ്ങുക, അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു സമുദായാംഗങ്ങൾക്കു പ്രത്യേകിച്ച് സ്ത്രീകൾക്കു നേതൃത്വപരിശീലനം,

പ്രസംഗപരിശീലനം, നിയമ - ഭരണഘടനാവബോധം തുടങ്ങിയവ പകർന്നുനല്കുക, മത്സരരംഗത്തേയ്ക്കിറങ്ങാൻ ധാരാളംപേരെ പ്രചോദിപ്പിക്കുക, വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കുക, ക്യാമ്പയിനുകൾ നടത്തുക, കുടംബകൂട്ടായ്മകളിലും മറ്റും രാഷ്ട്രീയ അവബോധം നല്കുക, ഗ്രാമസഭകളിൽ തുടർച്ചയായി പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ കുറച്ചൊക്കെ ഫലവത്തായ പരിഹാരമാർഗങ്ങളാണ്. അല്മായർ മുതൽ സഭാധികാരികൾവരെയുള്ളവർക്കു നിയമമേഖല, വിവിധ അവകാശങ്ങൾ, ഭരണനിർവഹണ നടപടിക്രമങ്ങൾ, പൊതു രാഷ്ട്രീയ മേഖലയിലുള്ള സംഭവവികാസങ്ങൾ എന്നിവ സംബന്ധിച്ച് കൃത്യമായ പഠനങ്ങൾ ഉണ്ടായിരിക്കുക ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ മേഖലയിൽ ബോധപൂർവമുള്ള ഇടപെടലുകളുണ്ടാകണം.

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ക്രൈസ്തവർക്ക് ഉത്തരവാദിത്തവും കടമയുമുണ്ടെന്നുമാത്രമല്ല അതു നമ്മുടെ ആവശ്യകതകൂടിയാണ്. വർഗീയതയും തീവ്രവാദവും ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, ജനാധിപത്യം ഏകാധിപത്യത്തിനു വഴിമാറുമോയെന്ന് ആശങ്കപ്പെടുന്ന ഈ അവസരത്തിൽ രാഷ്ട്രീയത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്താനും പൊതുസമൂഹത്തിനു ശരിയായ ദിശാബോധം നല്കുവാനുമുള്ള ക്രിസ്തീയദൗത്യം നമുക്കു മറക്കാതിരിക്കാം.

അല്പം പുളിമാവു പിണ്ഡം മുഴുവനെയും പുളിപ്പിക്കുന്നുവല്ലോ

 

Related Updates


east