x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

17/09/2025

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ ആര്‍ച്ചുബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്യാതനായി (13 ഡിസംബര്‍ 1930 - 17 സെപ്തംബര്‍ 2025)

മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ ആര്‍ച്ചുബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി നിര്യാതനായി (13 ഡിസംബര്‍ 1930 - 17 സെപ്തംബര്‍ 2025)

1973-ല്‍ മാനന്തവാടി രൂപതയുടെ സ്ഥാപനാനന്തരം രൂപതയുടെ പ്രഥമമെത്രാനായി നിയുക്തനായ അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവ് യാത്രയായി. വിശാലമാനന്തവാടി രൂപതയുടെ ഇടയനായി നീണ്ട 22 വര്‍ഷങ്ങളും താമരശ്ശേരി രൂപതയുടെ ഇടയനായി ഏതാണ്ട് രണ്ടു വര്‍ഷവും തുടര്‍ന്ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വരെ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തായായി പത്തു വര്‍ഷത്തോളവും ശുശ്രൂഷ ചെയ്ത അഭിവന്ദ്യപിതാവിന്റെ നിര്യാണം മാനന്തവാടി രൂപതയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. സ്ഥാപിതമായ കാലഘട്ടത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വിശാലമായി വ്യാപിച്ചു കിടന്നിരുന്ന രൂപതയെ അതിന്റെ ബാലാരിഷ്ടതകളുടെ മധ്യത്തിലും സഭാത്മകചൈതന്യത്തിലും ദൈവാഭിമുഖ്യത്തിലും നയിച്ച് രൂപതയുടെ ഇന്നത്തെ രൂപഭാവങ്ങള്‍ക്ക് അടിത്തറയിടാന്‍ ജേക്കബ് തൂങ്കുഴി പിതാവിന് സാധിച്ചു എന്നത് രൂപത സാഭിമാനവും കൃതജ്ഞതയോടെയും അനുസ്മരിക്കുന്നു.  

മാനന്തവാടി രൂപതയില്‍ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാംഗങ്ങള്‍ മാത്രമല്ല, നാനാജാതിമതസ്ഥരും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയ-സാമുദായികനേതാക്കളും ശ്രദ്ധിച്ചിരുന്നു - അവര്‍ ആ പ്രവര്‍ത്തനങ്ങളോട് സര്‍വ്വാത്മനാ സഹകരിച്ചിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ലളിതവും സൗമ്യസുന്ദരവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവര്‍ത്തനശൈലിയും ആ ഇടയജീവിതത്തിന്റെ തനതുസവിശേഷതകളായിരുന്നു. വിവിധ ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാരംഭിച്ച ഇടയശുശ്രൂഷയില്‍ വലിയ ദൈവാനുഗ്രഹങ്ങള്‍ രൂപതയുടെ പ്രാദേശികാതിര്‍ത്തിക്കുള്ളില്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിന്റെ ഉത്തമഉദാഹരണമാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ അശരണര്‍ക്കും ആലംബമേകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷാ കാലഘട്ടത്തില്‍ തുടക്കം കുറിക്കപ്പെട്ട സംരംഭങ്ങളാണ് സെ. ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍, മേരി മാതാ കോളേജ്, ന്യൂമാന്‍സ് പാരലല്‍ കോളേജ്, മറ്റ് നിരവധി സ്കൂളുകള്‍ എന്നിവ. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ രൂപീകരിച്ച ട്രൈബല്‍ ഡവലപ്പ്മെന്റ് സെന്റര്‍ പാവപ്പെട്ടവരോടും പ്രത്യേകിച്ച് വയനാടന്‍ ഗോത്രജനതയോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുതല്‍ വ്യക്തമാക്കുന്ന മറ്റൊരുദാഹരണമാണ്. തിരുനെല്ലി വനത്തിലെ ആദിവാസി ഊരുകള്‍ പിതാവ് സന്ദര്‍ശിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്ന സമയത്തും രൂപതയുമായുള്ള തന്റെ ആത്മബന്ധം അഭിവന്ദ്യ പിതാവ് നിലനിര്‍ത്തിയിരുന്നു. സാധിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം രൂപതയുടെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമായിരുന്ന പിതാവിന്റെ സ്നേഹനിര്‍ഭരമായ സാന്നിദ്ധ്യവും സൗമ്യമായ കുശലാന്വേഷണങ്ങളും ഇനിയുണ്ടാവില്ലല്ലോ എന്ന ദുഖത്തോടെ മാനന്തവാടി രൂപതാകുടുംബം ഒന്നാകെ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Related Updates


east