We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
13/05/2023
കുമളി: കുമളി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയാറാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലി കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിൻ്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പ്രതിനിധിസമ്മേളനത്തില്‍ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി.
ദൈവിക കൂട്ടായ്മയുടെ തുടര്‍ച്ചയായ തിരുസഭയുടെ കൂട്ടായ്മയിലുള്ള കൗദാശിക ജീവിതത്തിലൂടെയാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ദൈവിക പദ്ധതിയായ സഭയുടെ സാന്നിധ്യം സമൂഹത്തില്‍ പ്രകാശം പരത്തുന്നതാണെന്നും അതിൻ്റെ ശോഭയെ കെടുത്തുവാന്‍ ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തികളില്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രഭാഷണമദ്ധ്യേ അനുസ്മരിപ്പിച്ചു.
അടുത്ത രൂപതാദിനത്തില്‍ സമാപിക്കത്തക്ക വിധത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ കുടുംബ വര്‍ഷമായി മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിച്ചു. വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള കര്‍മപദ്ധതികള്‍ നടപ്പിലാക്കുന്നതാണ്. ലഹരി വിമോചന സമഗ്ര പദ്ധതിയായ സജീവം, അടുത്തവര്‍ഷത്തെ രൂപതാദിനവേദി എന്നിവ മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിക്കുകയും അടുത്ത രൂപതാദിന വേദിയായ എരുമേലി ഫൊറോനയ്ക്ക് ജൂബിലിതിരി കൈമാറുകയും ചെയ്തു.
രൂപതാ ദിനത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ച് കര്‍ഷകര്‍ക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സംസാരിച്ചു. ശ്രീ. ജിന്‍സ് കുര്യന്‍ വാണിയപ്പുരയ്ക്കല്‍, ചാക്കോ ചാക്കോ നിരപ്പേല്‍, ജൂബിച്ചന്‍ ആന്റണി ആനിത്തോട്ടത്തില്‍, ജോസഫ് കരീക്കുന്നേല്‍, ഷാജി ജോസഫ് മുത്തുമാംകുഴി എന്നിവരാണ് മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടത്. രൂപത ജൂബിലി ആന്തം, എംബ്ലം മത്സരത്തില്‍ വിജയികളായവര്‍ക്ക് രൂപത വികാരി ജനറല്‍ ഫാ. കുര്യന്‍ താമരശ്ശേരി ആശംസകളര്‍പ്പിച്ചു. സി. അമല എബ്രാഹം, അമല്‍ ഉപ്പുകുന്നേല്‍ എന്നിവരുടെ രചനകളാണ് മികച്ച ആന്തം, എംബ്ലം എന്നിവയായി തെരഞ്ഞെടുക്കപ്പെട്ടത്.
രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍ ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, സി. നിര്‍മല കുര്യാക്കോസ്, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, സി. ട്രീസ കണ്ടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.