We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
02/05/2023
ചങ്ങനാശേരി: മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികതയിലൂന്നിയ പ്രതിബദ്ധമായ വിശ്വാസ പൈതൃകമാണ് ചങ്ങനാശേരി അതിരൂപയ്ക്കെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാചരണത്തിന്റെയും അതിരൂപതാ പഞ്ചവത്സര അജപാലന പദ്ധതിയുടെയും സമാപന സമ്മേളനം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ ആത്മധൈര്യത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും സജീവ വിശ്വാസസാക്ഷ്യം നല്കാന് ഈ അതിരൂപതയ്ക്കു കഴിയുന്നുവെന്നത് മാതൃകാപരമാണ്. തോമാശ്ലീഹായ്ക്ക് തന്റെ വിശ്വാസസാക്ഷ്യംകൊണ്ടും സവിശേഷ വ്യക്തിത്വംകൊണ്ടും വൈവിധ്യങ്ങളുടെ നാടായ ഭാരതത്തില്‍ സുവിശേഷദീപം തെളിക്കുവാന്‍ സാധിച്ചെന്നും ഈ വിശ്വാസ ചൈതന്യത്തില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ ഭാരതസഭയ്ക്കു സാധിച്ചെന്നും ആര്‍ച്ച്ബിഷപ് ജിറേല്ലി വ്യക്തമാക്കി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ പ്രതിസന്ധികള്‍ക്കിടയിലും ആഗോളസഭയായി സീറോ മലബാര്‍ സഭ വളര്‍ന്നത് അഭിമാനകരമാണെന്നും ഈ വളര്‍ച്ചയില്‍ ചങ്ങനാശേരി അതിരൂപത നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, അതിരൂപതാ പാസ്റ്ററല്‍കൗണ്‍സില്‍ പ്രതിനിധി സിസ്റ്റര്‍ ലിസ്മേരി എഫ്സിസി, അതിരൂപതാ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ജോബ് മൈക്കിള്‍ എംഎല്‍എ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തിനെത്തിയ വത്തിക്കാന്‍ പ്രതിനിധിക്ക് കാവുകാട്ട് ഹാളിനു സമീപം കേരളത്തനിമയില്‍ ഉജ്വല വരവേല്പ് നല്കി.
പരിപാടികള്‍ക്ക് വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോൺ.വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, റവ. ഡോ. തോമസ് കറുകക്കളം എന്നിവര്‍ നേതൃത്വം നല്കി.