x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

23/12/2023

പിറവി തിരുനാളിന്‌ സിനഡ്‌ തീരുമാനപ്രകാരമുള്ള കുര്‍ബാന അർപ്പണരീതി ആരംഭിക്കണം: മാർ ബോസ്കോ പുത്തൂർ

മിശിഹായില്‍ പ്രിയ ബഹുമാനപ്പെട്ട അച്ചന്മാരേ, സന്ന്യസ്തരേ, സഹോദരീ സഹോദരന്മാരേ,

സീറോമലബാര്‍ ഹയരാര്‍ക്കിയുടെയും എറണാകുളം അതിരൂപതയുടെയും സ്ഥാപനത്തിൻ്റെ ശതാബ്ബി ആഘോഷങ്ങള്‍ പൂര്‍ത്തിയായ ഈ അവസരത്തില്‍, നന്ദി പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തവിധം അത്രയധികം നന്മകളാണ്‌ നല്ലവനായ ദൈവം സീറോമലബാര്‍സഭയ്ക്കും നമ്മുടെ അതിരുപതയ്ക്കും നല്‍കിയിരിക്കുന്നത്‌ എന്ന്‌ പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക്‌ അനുസ്മരിക്കാം.

ആരാധന്രകമ വിഷയങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ അതിരൂപത ഏറെ പ്രതിസന്ധികളിലൂടെയാണ്‌ ഏതാനും വര്‍ഷങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌ എന്നു നിങ്ങള്‍ക്കറിയാമല്ലോ. അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതു മുതല്‍ ഈ പ്രശ്നത്തിന്‌ ഉചിതമായ പരിഹാരമുണ്ടാകാന്‍ ഞാന്‍ തീഷ്ണമായി പ്രാര്‍ത്ഥിക്കുകയും ആത്മാര്‍ത്ഥമായും തീവ്രമായും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌. പൊന്തിഫിക്കല്‍ ഡെലഗേറ്റ്‌ ആര്‍ച്ചുബിഷപ്പ്‌ സിറില്‍ വാസില്‍ പിതാവും ഞാനും നമ്മുടെ അതിരൂപതയിലെ അച്ചന്മാരും സന്നൃസ്തരും അല്മായ സഹോദരങ്ങളുമായി രാപകല്‍ വിവിധ തലങ്ങളില്‍ ദീര്‍ഘ സംഭാഷണങ്ങള്‍ നടത്തുകയുണ്ടായി. സിനഡ്‌ തീരുമാനപ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാന അന്തരീക്ഷത്തിലും നമ്മുടെ അതിരൂപതയില്‍ നടപ്പാക്കാം എന്നതായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യം. ഈ സംരംഭത്തില്‍ പങ്കെടുത്ത ആര്‍ച്ചുബിഷപ്പ്‌ സിറില്‍ വാസില്‍ പിതാവിനെയും സഹകരിച്ച ബഹുമാനപ്പെട്ട അച്ചന്മാരേയും സന്ന്യസ്തരേയും അല്മായ സഹോദരങ്ങളേയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ചര്‍ച്ചകളുടെ ഫലമായി നിര്‍ണായകമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. സിനഡ്‌ തീരുമാനപ്രകാരം നമ്മുടെ അതിരൂപത മുൻപോട്ട്‌ പോകണമെന്നാണ്‌ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിൻ്റെയും വത്തിക്കാന്‍ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റിൻ്റെയും ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെയും നിശ്ചയം എന്ന്‌ വത്തിക്കാനിലേക്ക്‌ തിരിച്ചു പോകുന്നതിനുമുമ്പ്‌ പൊന്തിഫിക്കല്‍ ഡെലഗേറ്റ്‌ എന്നോട്‌ പറയുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍, സിനഡ്‌ തീരുമാനിച്ചതും, ഫ്രാന്‍സിസ്‌ പാപ്പ ആഹ്വാനം ചെയ്തതും നടപ്പാക്കാന്‍ നമ്മോട്‌ ആവശ്യപ്പെട്ടതുംപോലെ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പിറവി തിരുനാളിന്‌  (ഡിസംബര്‍ 25) സിനഡ്‌ തീരുമാനപ്രകാരമുള്ള കുര്‍ബാന അർപ്പണരീതി ആരംഭിക്കാൻ ശ്ലൈഹീക ശുശ്രൂഷയില്‍ നിങ്ങളുടെ ജേഷ്ഠസഹോദരനായ ഞാന്‍ വിനീതമായി നമ്മുടെ അതിരൂപതയിലെ അച്ചന്മാരോടും സന്ന്യസ്തരോടും അല്മായ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുകയും അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. സമാധാന അന്തരീക്ഷത്തില്‍ ഇത്‌ നടപ്പാക്കാന്‍ നിങ്ങള്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക്‌ നല്ലവനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നമ്മുടെ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്‍റ്  മേരീസ്‌ കത്തീഡ്രല്‍ ബസിലിക്ക ഉള്‍പ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍ എത്രയും വേഗം തുറന്ന്‌ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും നടത്താനാവശ്യമായ സാഹചര്യം ഒരുക്കാന്‍ ചുമതലപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടതാണ്‌. “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം” (ലൂക്കാ 2:14). ഈശോയുടെ പിറവിയോടനുബന്ധിച്ച്‌ വാനദൂതര്‍ ആശംസിച്ച ഈ സമാധാനം നാം ഓരോരുത്തരുടേയും ഹൃദയത്തിലും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും അതിരുപതയിലും സമൂഹത്തിലും നിറയട്ടെ. നമ്മുടെ കര്‍ത്താവിശോമിശിഹായുടെ പിറവി തിരുനാളിൻ്റെ അനുഗ്രഹങ്ങളും നന്മകളും ഏവര്‍ക്കും ആശംസിച്ചുകൊണ്ട്‌,

മിശിഹായില്‍ സ്നേഹപൂര്‍വം,
ബിഷപ്‌ ബോസ്‌കോ പുത്തൂര്‍
അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്റര്‍
എറണാകുളം-അങ്കമാലി അതിരുപത

Related Updates


east