We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
17/08/2023
ചെമ്പേരി: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാനും അശാന്തിയനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനും അധികാരമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാൻ തയാറാകണമെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
മണിപ്പൂരിലെ പീഡിതജനതക്ക് ഐക്യദാർഢ്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസ് (എകെസിസി) തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ നടത്തിയ ഏകദിന ഉപവാസം "മാനിഷാദ'യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കലാപത്തിന്റെ തുടക്കത്തിൽ ഗോത്രങ്ങൾ തമ്മിലുണ്ടായതെന്ന നിലയിൽ വേണ്ടത്രി ഗൗരവമായി കണ്ടിരുന്നില്ല. ക്രമേണ രാഷ്ട്രീയ സ്വഭാവം മാറിയ കലാപം വർഗീയവത്കരിക്കപ്പെടുകയാണുണ്ടായത്.
തുടർന്നാണ് ക്രൈസ്തവരുടെ ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ, ഭവനങ്ങൾ എന്നിവയും ക്രൈസ്തവരേയും തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യാനാരംഭിച്ചത്. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന രാഷ്ട്രീയക്കാരിൽനിന്ന് അക്രമം തടയാനുള്ള ഇടപെടലുകൾക്ക് ആത്മാർഥതയുണ്ടായിരുന്നില്ല. സഭക്ക് ഇത് രാഷ്ട്രീയവത്കരിക്കാൻ താത്പര്യമില്ല. ജനനന്മക്കായി പ്രവർത്തിക്കേണ്ട അധികാരികൾ പീഡിതരോടൊപ്പമല്ല, പീഡകരോടൊപ്പമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മണിപ്പൂരിലെ പീഡിതർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ കേരള സഭ. മണിപ്പൂരിൽ അനിശ്ചിതാവസ്ഥയിലായ വിദ്യാർഥികൾക്ക് തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിന് സൗകര്യമേർപ്പെടുത്തുമെന്നും മാർ പാംപ്ലാനി പറഞ്ഞു. എകെസിസി അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആമുഖ പ്രഭാഷണം നടത്തി. ചെമ്പേരി ഫൊറോന വികാരി റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സ്വാഗതവും എകെസിസി ഫൊറോന പ്രസിഡന്റ് ജിമ്മി ആയിത്തമറ്റത്തിൽ നന്ദിയും പറഞ്ഞു. രാവിലെ ആരംഭിച്ച ഉപവാസം റവ.ഡോ. ഫിലിപ്പ് കവി യിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, എകെസിസി അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, ജിമ്മി അയിത്തമറ്റം, ഫിലിപ്പ് വെളിയത്ത്, കിഷോർലാൽ ചോരനോലിൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, അഡ്വ. ബിനോയ് തോമസ്, ഡേവിസ് ആലങ്ങാടൻ, ഷീബ തെക്കേടത്ത്, ഷിനോ പാറക്കൽ, ഏബ്രഹാം ഈറ്റക്കൽ, സുരേഷ് ജോർജ്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, പഞ്ചായത്ത് മെംബറും വൈസ് മെൻ റീജണൽ സർവീസ് ഡയറക്ടറുമായ ജോയ് ജോൺ കുറിച്ചിയേൽ, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് വെട്ടിക്കാട്ടിൽ,ജോസ് ചെ ന്പേരി, അൽഫോൻസ് കള പ്പുര എന്നിവർ പ്രസംഗിച്ചു.
രാവിലെ ഒന്പതിന് ആരംഭിച്ച ഉപവാസം ജനറൽ കൺവീനർ ജിമ്മി ആയിത്തമറ്റത്തിന് ആർച്ച്ബിഷപ് നാരങ്ങനീര് നൽകി അവസാനിപ്പിച്ചു. ചെമ്പേരി ബസ് സ്റ്റാൻഡിൽ നിന്ന് ടൗൺ സർക്കിളിലേക്ക് റാലിയും നടന്നു. മലയോര മേഖലയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ സ്ത്രീകളടക്കമുളള എകെസിസി പ്രവർത്തകർ പങ്കെടുത്തു.