We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
29/07/2024
വയോധികരേ ശുശ്രൂഷിക്കുന്ന സംസ്കാരം വളർത്തിയെടുക്കുവാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിൻ്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയിൽ പ്രായമേറിയ മാതാപിതാക്കൾ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വർദ്ധിച്ചുവരുന്ന കാലമാണിത്. വാർദ്ധക്യത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാൻ കഴിയേണ്ടതുണ്ട്. മുതിർന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂർണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളിൽ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രീതി കുട്ടികളിൽ ശീലമാക്കി മാറ്റണം. വയോധികരോടുള്ള ആദരം ആചരണത്തിൽ അവസാനിക്കാതെ ജീവിത ശൈലിയാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിൻ്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. 2021 ലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിൻ്റെ പാതയിലൂടെ നീങ്ങുന്ന മുതിർന്നവരോട് പുലർത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവർക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിൻ്റെ അന്തസത്ത.
മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കനകക്കുന്ന് ഇടവകയിൽ ഇരുപതോളം വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ച് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവരെ ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഫാമിലി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിൽ കാമാഷി സെന്‍റ് ആന്‍റണീസ് പള്ളിയിൽ നടന്ന വയോജന ദിനാചരണം രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗിൻ്റെയും തിരുബാലസഖ്യത്തിൻ്റെയും നേതൃത്വത്തിൽ നാലുമുക്ക് ഹോളി ഫാമിലി പള്ളിയിൽ നടന്ന വയോജന ദിനാചരണത്തിന് രൂപതാ ഡയറക്ടർമാരായ ഫാ. ഫിലിപ്പ് ഐക്കര, ഫാ.അമൽ താണോലിൽഎന്നിവർ നേതൃത്വം നൽകി. കെ സി വൈ എം ൻ്റെ ആഭിമുഖ്യത്തിൽ പന്നിയാർകുട്ടി സെന്‍റ് മേരീസ് പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾ രൂപതാ ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ഉദ്ഘാടനം ചെയ്തു. കെ സി എസ് എൽ ൻ്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം ആകാശപ്പറവയിൽ കുട്ടികളും അധ്യാപകരും സന്ദർശനം നടത്തുകയും അവിടെയുള്ള അന്തേവാസികളെ ആദരിക്കുകയും ചെയ്തു. എ കെ സി സി യുടെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാ ഭവനിൽ ലോകവയോജന ദിനാചരണം നടത്തപ്പെട്ടു.ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ മുരിക്കാശ്ശേരി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ രൂപതാ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. നൂറോളം മാതാപിതാക്കളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഹൈറേഞ്ച് ഡവലപ്മെന്‍റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വാഴത്തോപ്പിലുള്ള ഷന്താൾ ഹോം സന്ദർശിച്ച് അവിടെയുള്ളവരുമായി സംവദിക്കുകയും ചെറിയ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടന്നു.