We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/05/2023
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ഉന്നയിച്ച ആരോപണങ്ങളിൽ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻ്റെ തീരുമാനം അഭിവന്ദ്യ പിതാവിനെ എല്ലാ ആരോപണങ്ങളിൽനിന്നും വിമുക്തനാക്കുന്നതാണ്. 2021 ജൂൺ 21-ാം തിയ്യതി പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം നൽകിയ ഈ വിധി തീർപ്പിനെതിരെയാണ് അതിരൂപതാംഗമായ ബഹു. ഫാ. വർഗീസ് പെരുമായൻ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് സിഞ്ഞത്തൂരായിൽ അപ്പീൽ നൽകിയത്. ഈ അപ്പീൽ നിരാകരിച്ചുകൊണ്ട് 2023 മാർച്ച് 14-ാം തിയ്യതി അപ്പസ്തോലിക് സിഞ്ഞത്തൂര അന്തിമ വിധിതീർപ്പ് നൽകി ഉത്തരവിറക്കിയപ്പോൾ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പിനെ കുറ്റക്കാരനാക്കാനുള്ള അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ ആവർത്തിച്ചുള്ള പരിശ്രമമാണ് പരാജയപ്പെട്ടത്. സഭയുടെ പരമോന്നത നീതിപീഠം ഫാ. പെരുമായൻ നൽകിയ അപ്പീൽ നിരാകരിച്ചതിലൂടെ പൗരസ്ത്യ തിരുസംഘം നൽകിയ തീരുമാനങ്ങൾ നിലനിൽക്കുന്നുന്നുവെന്നത് നിയമനിർവഹണവ്യവസ്ഥ അറിയുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.
പൗരസ്ത്യ തിരുസംഘം 2021 ജൂൺ 21-ാം തിയ്യതി വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്: 1. കോട്ടപ്പടിയിലും ദേവികുളത്തും ഈടായി വാങ്ങിയ സ്ഥലങ്ങളുടെ വില്പനയിലൂടെയാണ് റെസ്റ്റിറ്റ്യൂഷൻ നടത്തേണ്ടത്. 2. കർദിനാൾ ജോർജ് ആലഞ്ചേരി പിതാവ് വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം ഒരിക്കലും നിർദ്ദേശിച്ചിട്ടില്ല. 3. വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്ന പ്രചാരണം തെറ്റാണ്. ആ തെറ്റ് നിർബന്ധപൂർവം ആവർത്തിക്കുന്നവർക്കെതിരെ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കണം.
പൗരസ്ത്യ തിരുസംഘത്തിൻ്റെ ഈ തീരുമാനങ്ങൾ ശരിവെച്ചുകൊണ്ടാണ് അപ്പസ്തോലിക് സിഞ്ഞത്തൂര ഫാ. പെരുമായൻ്റെ അപ്പീൽ തള്ളിക്കൊണ്ട് അന്തിമ വിധിതീർപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭാദ്ധ്യക്ഷനെ കുറ്റക്കാരനാക്കി പുകമറയ്ക്കുള്ളിൽ നിർത്താനുള്ള പരിശ്രമത്തിനേറ്റ തിരിച്ചടിയിൽനിന്നാണ് അടിസ്ഥാനരഹിതമായ വാർത്തകൾ ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്. യാഥാർഥ്യത്തെ തമസ്കരിക്കാനും അസത്യ പ്രചാരണത്തിലൂടെ തെറ്റായ പൊതുബോധം സൃഷ്ടിക്കാനുമുള്ള അവസാനത്തെ പരിശ്രമം മാത്രമാണിതെന്ന് ഇതിലൂടെ വ്യക്തമാണ്. ഇത്തരം ദുരാരോപണങ്ങൾ പ്രചരിപ്പിക്കുന്നവർ അതിൽ നിന്നും പിന്മാറണമെന്നും വിശ്വാസികളും പൊതുസമൂഹവും സത്യം തിരിച്ചറിയണമെന്നും അഭ്യർത്ഥിക്കുന്നു