We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
22/07/2023
ഇരിങ്ങാലക്കുട: മണിപ്പുരിൽ അക്രമങ്ങൾ ആരംഭിച്ച് രണ്ടരമാസം പിന്നിടുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട മൗനം പോലെ ഞെട്ടിക്കുന്നതാണു കുക്കി ഗോത്രവിഭാഗക്കാരായ രണ്ടു ക്രൈസ്തവ വനിതകളെ പൊതുവഴിയിൽ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെപ്പറ്റി അദ്ദേഹം നടത്തിയ പരാമർശമെന്ന് ഇരിങ്ങാലക്കുട രൂപത. അദ്ദേഹം വിരൽ ചൂണ്ടിയത് ഈ സംഭവത്തെപ്പറ്റി മാത്രമാണ്. എന്നാൽ, ഇരുന്നൂറോളംപേർ വധിക്കപ്പെട്ട അക്രമങ്ങളെക്കുറിച്ചോ അവസാനിപ്പിക്കാൻ എടുക്കുന്ന നടപടികളെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതു നടക്കുന്നുണ്ടെന്നു പറഞ്ഞ് മണിപ്പുരിലെ മനുഷ്യത്വരഹിതമായ നടപടിയെ ലഘൂകരിക്കുകയാണ് ചെയ്തത്. ഇതു ജനശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ്.
ഏതു പാർട്ടി ഭരിച്ചാലും ഏതു സംസ്ഥാനത്തായാലും ഇത്തരം അക്രമ സംഭവങ്ങൾ അപലപനീയമാണെന്ന കാര്യം അദ്ദേഹം മറക്കരുത്. അതിൽ രാഷ്ട്രീയം കലർത്തരുത്. ലോകത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ ഈ സംഭവംപോലെ ഒട്ടനവധി ക്രൂരതകൾ അവിടെ നടന്നിട്ടുണ്ട്; ഇപ്പോഴും തുടരുന്നുമുണ്ട്. രണ്ടര മാസമായി നടക്കുന്ന അക്രമങ്ങളെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന സർവവിഭാഗം ജനങ്ങളും വേദനയോടെയാണ് കാണുന്നത്. ഗോത്രവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കേന്ദ്ര സർക്കാർ ഗൗരവപൂർവം കാണണം. പൊതുജന വികാരം ഉൾക്കൊണ്ട് സുപ്രീം കോടതിയും ഇതുതന്നെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിരിക്കുന്നത്. മണിപ്പുരിൽ സ്ത്രീകൾക്കെതിരായി നടന്ന ഹീനമായ കൈയേറ്റത്തെ ശക്തമായി അപലപിക്കുകയും യഥാർഥ കുറ്റവാളികളെ മുഴുവൻ പിടികൂടി നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരികയും ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു. അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടിയെടുക്കണമെന്നും രൂപത ആവശ്യപ്പെട്ടു.