We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Vatican25/05/2026
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭ ഇന്ന് (മെയ് 25) ‘സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ’ തിരുനാള്‍ ആഘോഷിക്കുന്നു. പന്തക്കുസ്താ തിരുനാളിന് തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ആഘോഷിക്കുന്ന ഈ തിരുനാള്‍ 2018-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് സഭയുടെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയത്.
ഈ തിരുനാള്‍ ആഗോള ലിറ്റര്‍ജിക്കല്‍ കലണ്ടറിലേക്ക് അടുത്തിടെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടതെങ്കിലും, മറിയത്തെ ‘സഭയുടെ മാതാവ്’ എന്ന് വിളിക്കുന്നതിന്റെ ദൈവശാസ്ത്രപരമായ വേരുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബൈബിളിലെ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സഭ മറിയത്തിന് ‘തിരുസഭയുടെ മാതാവായ മറിയം’ എന്ന പദവി നല്‍കിയിരിക്കുന്നത്. കുരിശുമരണമാണ് ഇതില്‍ ആദ്യത്തേത്. കുരിശില്‍ കിടന്നുകൊണ്ട് ഈശോ തന്റെ അമ്മയോട്, ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’ എന്നും പ്രിയശിഷ്യനായ യോഹന്നാനോട് ‘ഇതാ നിന്റെ അമ്മ’ എന്നും പറഞ്ഞു. ഇവിടെ യോഹന്നാന്‍ ശ്ലീഹാ എല്ലാ ക്രിസ്തുശിഷ്യരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും, അതിലൂടെ മറിയം സകല വിശ്വാസികളുടെയും ആത്മീയ അമ്മയായി മാറിയെന്നുമാണ് സഭ പഠിപ്പിക്കുന്നത്.
കൂടാതെ, പന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മാവിന്റെ വരവിനായി കാത്തിരുന്ന അപ്പസ്‌തോലന്മാരോടൊപ്പം സെഹിയോന്‍ ഊട്ടുശാലയില്‍ മറിയവും ഒരുമിച്ച് പ്രാര്‍ത്ഥിച്ചിരുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റെ ഭൗതിക ശരീരത്തെ വളര്‍ത്തിയ അമ്മ, ഇപ്പോള്‍ അവിടുത്തെ മിസ്റ്റിക്കല്‍ ശരീരമായ ‘സഭയെ’ അതിന്റെ ചരിത്രവഴിയില്‍ അമ്മയായി നയിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഈ തിരുനാള്‍ അടിവരയിടുന്നത്.
1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ മറിയത്തെ ‘മേത്തര്‍ എക്ലേസിയേ’ (സഭയുടെ മാതാവ്) എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച സഭയുടെ ദൈനംദിന ജീവിതത്തെയും മിഷന്‍ പ്രവര്‍ത്തനങ്ങളെയും മറിയത്തിന്റെ മാതൃത്വവുമായി ബന്ധിപ്പിക്കാനാണ് പന്തക്കുസ്താ തിരുനാളിന് തൊട്ടടുത്ത ദിവസം തന്നെ ഈ തിരുനാള്‍ ആഘോഷിക്കുന്നത്.