We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
04/09/2023
കണ്ണൂർ: അഭയാർഥി ക്യാമ്പുകളിലെ ഗദ്ഗദങ്ങളും ഏങ്ങലടിയും ഇനിയും അവസാനിക്കാത്ത മണിപ്പുരിലെ കലാപഭൂമിയിൽ സ്നേഹത്തിന്റെ സന്ദേശവുമായി അഞ്ചു സന്യാസിനികൾ. തലശേരി എംഎസ്എംഐ സാൻജോസ് പ്രോവിൻസിലെ സിസ്റ്റർ തെരേസ് കുറ്റിക്കാട്ടുകുന്നേൽ, സിസ്റ്റർ ടെസ മാനുവൽ, സിസ്റ്റർ ആൻമരിയ, സിസ്റ്റർ ജെമിലി മാത്യു, സിസ്റ്റർ റോസിയാ കുര്യൻ എന്നിവരാണ് മണിപ്പുരിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചത്. കാങ്പോക്പി ജില്ലയിലെ ഡിയലി, പാങ്മൗൾ എന്നീ ഗ്രാമങ്ങളും അഭയാർഥി ക്യാമ്പുകളും സന്ദർശിച്ച സന്യാസിനികൾ അവിടെയുള്ള കുട്ടികളെ ഒരുമിച്ചുകൂട്ടി ക്ലാസുകൾ എടുക്കുകയും പാട്ടുകൾ പഠിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ അഭയാർഥി ക്യാമ്പുകളോട് ചേർന്ന് കുട്ടികൾക്ക് നോട്ടുബുക്ക്, പേന തുടങ്ങിയ പഠനോപകരണങ്ങൾ നൽകി. ജനങ്ങൾക്ക് ഭക്ഷണസാധനങ്ങൾ, മരുന്ന്, വസ്ത്രം എന്നിവ വിതരണം ചെയ്ത സന്യാസിനികൾ ഗ്രാമവാസികളുടെ വീടുകൾ സന്ദർശിക്കുകയും അവരോടൊപ്പം താമസിക്കുകയും ചെയ്തു. ഡോക്ടർ കൂടിയായ സിസ്റ്റർ ജെമിലിയാണ് മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തത്. നിസഹായരായ കുഞ്ഞുങ്ങളും സ്ത്രീകളും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ക്യാമ്പുകളിൽ കഴിയുന്ന കാഴ്ച ദയനീയമാണെന്ന് സന്യാസിനികൾ പറയുന്നു. ഇംഫാൽ അതിരൂപതയുടെ നേതൃത്വത്തിൽ ക്യാമ്പുകളിലെ സേവന പ്രവൃത്തികളെ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നുണ്ട്.
മലയാളിയും എംഎസ്എഫ്എസ് കോൺഗ്രിഗേഷൻ അംഗവുമായ ഫാ. റോയി മൂത്തേടത്താണ് ക്യാമ്പുകൾ സന്ദർശിക്കാനും സഹായങ്ങളെത്തിക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകി കൂടെയുണ്ടായിരുന്നത്. മൂകതയും ദുഃഖവും തളംകെട്ടി നിൽക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഉച്ചത്തിൽ പാട്ടുപാടിയും വിനോദങ്ങളിൽ പങ്കെടുത്തും കാരുണ്യത്തിന്റെ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു സിസ്റ്റേഴ്സ്. തലശേരി എംഎസ്എംഐ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാത്യുവിന്റെ പ്രോത്സാഹനമാണ് ഇത്തരമൊരു സാഹസികയാത്രയ്ക്ക് പ്രചോദനമായതെന്ന് സന്യാസിനികൾ പറഞ്ഞു.