We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
09/08/2023
കൊച്ചി: "ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നതെല്ലാം എനിക്കു തന്നെയാണ് ചെയ്തിരിക്കുന്നത്'' എന്ന യേശുവിന്റെ തിരുവചനം ഫാ. ജോര്‍ജ് പഴേപറന്പിൽ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ജീവിതം തിരിച്ചുകിട്ടിയത് ജോജോമോന് എന്ന യുവാവിന്. വൃക്കകൾ തകരാറായതിനെത്തുടര്‍ന്ന് മരണത്തോട് മല്ലടിച്ചുകഴിഞ്ഞ കാസര്‍ഗോഡ് കൊന്നക്കാട് സ്വദേശിയായ ജോജോ എന്ന ജോമോന് (49) വൃക്ക ദാനം ചെയ്താണു തലശേരി അതിരൂപതാംഗമായ വക്കച്ചന് എന്ന ഫാ. ജോര്‍ജ് പഴേപറമ്പില്‍ ദൈവഹിതം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്.
തലശേരി അതിരൂപതയിലെ വൈദികരുടെ വാട്ട്സ്ആപ് കൂട്ടായ്മയില്‍ വന്ന ഒരു സന്ദേശത്തിലൂടെയാണ് ജോമോന്റെ ദുരവസ്ഥയെക്കുറിച്ച് ഫാ.ജോര്‍ജ് അറിയുന്നത്. പ്രമേഹത്തെത്തുടര്‍ന്ന് വൃക്കകൾ തകരാറിലായ ജോമോന് ജീവന് നിലനിര്‍ത്താന്‍ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന അക്ഷയകേന്ദ്രം വരെ വില്‍ക്കേണ്ടിവന്നു. കൊന്നക്കാട് പള്ളി വികാരി ഫാ. ജോബിന് ജോര്‍ജ് അധ്യക്ഷനായും ബളാല്‍ പഞ്ചായത്തംഗം ബിന്‍സി ജയിന് കണ്‍വീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചാണു ചികിത്സയ്ക്കായി പണം കണ്ടെത്തിയത്.
ഭാര്യ ഷൈന വൃക്ക ദാനം ചെയ്യാന്‍ തയാറാണെങ്കിലും രക്തഗ്രൂപ്പുകള്‍ ചേരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കള്ളാര്‍ ഉണ്ണിമിശിഹാ പള്ളി വികാരിയായ ഫാ. ജോര്‍ജ് രക്ഷകനായി എത്തിയത്. വൃക്ക നല്കുന്ന വിവരം ആദ്യം അതിരൂപത അധികൃതരെ അറിയിച്ച് അനുവാദം നേടി. തുടര്‍ന്ന് ജൂലൈ 28 ന് ആലുവ രാജഗിരി ആശുപത്രിയില്‍ വൃക്ക ജോമോന് വിജയകരമായി മാറ്റിവച്ചു. തുടര്ചികിത്സയ്ക്കുശേഷം ഇന്നലെയാണ് ഫാ. ജോര്‍ജ് പഴേപറമ്പില്‍ ആശുപത്രി വിട്ടത്.