We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Vatican08/04/2026
റോം: ഇറാനെ ഒന്നടങ്കം നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയ്‌ക്കെതിരെ ലോകമനഃസാക്ഷിയുടെ സ്വരമായി ലിയോ 14-ാമന്‍ പാപ്പ. ഇറാന്‍ ജനതയ്‌ക്കെതിരായ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഈയൊരു ഘട്ടത്തിലേക്ക് എത്താതെ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതായിരുന്നുവെന്നും കാസ്റ്റല്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ വസതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ധാരാളം പ്രാര്‍ത്ഥന ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധി അവസാനിക്കാറായിട്ടും ഇറാന്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ‘ഇറാനിയന്‍ നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കിയത്. ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, പിന്നീട് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി പിരിമുറുക്കത്തിന് അയവു വരുത്തിയിട്ടുണ്ട്.
സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചു. അത് വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മനുഷ്യര്‍ക്ക് വിതയ്ക്കാന്‍ സാധിക്കുന്ന നാശത്തിന്റെയും അടയാളമാണ്. ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാനും യുദ്ധത്തെ നിരാകരിക്കാനും തങ്ങളുടെ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.
മധ്യപൂര്‍വേഷ്യയിലെ അസ്ഥിരത ലോകത്തെമ്പാടും സാമ്പത്തിക-ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് പാപ്പ ചൂണ്ടിക്കാണിച്ചു.നിഷ്‌കളങ്കരായ കുട്ടികളെയും പ്രായമായവരെയും ഓര്‍മിക്കുവാനും സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനും പാപ്പ ആവശ്യപ്പെട്ടു.