x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

26/05/2026

എഐ പുതിയ ‘ബാബേല്‍ ഗോപുരമാകരുത്’; മുന്നറിയിപ്പുമായി ലിയോ പാപ്പയുടെ ആദ്യ ചാക്രികലേഖനം

വത്തിക്കാന്‍ സിറ്റി: എഐ മനുഷ്യകുലത്തെ ഭരിക്കാന്‍ അനുവദിക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്’ പുറത്തിറങ്ങി. എഐയെ നിരായുധീകരിക്കണമെന്നും നിരായുധീകരിക്കുക എന്നാല്‍ ആ സാങ്കേതികവിദ്യയെ നിരാകരിക്കുകയല്ല മറിച്ച് അത് മനുഷ്യകുലത്തെ ഭരിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ചാക്രികലേഖനത്തില്‍ പറയുന്നു. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ മനുഷ്യവ്യക്തിയെ സംരക്ഷിക്കുന്നതിനെക്കുറിച്ച്’ എന്ന ഉപശീര്‍ഷകത്തോടെയുള്ള ഈ ചാക്രികലേഖനം, ഏതാനും വന്‍ശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും കൈകളില്‍ എഐ കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ കാലഘട്ടത്തിനുള്ള ശക്തമായ ദൂതാണ്.

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ നാഴികക്കല്ലായ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ‘റേരും നൊവാരും’ ചാക്രികലേഖനത്തിന്റെ 135-ാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് 15-നാണ് പാപ്പ ഇതില്‍ ഒപ്പുവെച്ചത്.

സാങ്കേതികവിദ്യ തിന്മയല്ല, പക്ഷേ നിഷ്പക്ഷവുമല്ല

അഞ്ച് അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ചാക്രികലേഖനനത്തില്‍, സാങ്കേതികവിദ്യ മനുഷ്യന് എതിരല്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഒരിക്കലും നിഷ്പക്ഷമല്ല. അത് നിര്‍മ്മിക്കുന്നവരുടെയും അതിന് പണം മുടക്കുന്നവരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ സ്വഭാവം നിശ്ചയിക്കപ്പെടുന്നത്. പുതിയൊരു ‘ബാബേല്‍ ഗോപുരം’ പണിത് മനുഷ്യന്‍ തകര്‍ച്ചയിലേക്ക് പോകണോ, അതോ ദൈവവും മനുഷ്യനും ഒരുമിച്ചു വസിക്കുന്ന നഗരം പണിയണോ എന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പിന്റെ മുന്നിലാണ് ഇന്ന് ലോകമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

മനഃസാക്ഷിക്ക് പകരം വയ്ക്കാനാവില്ല

എഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനാവശ്യമായ ‘അപൂര്‍വ്വ ധാതുക്കള്‍’ ഖനനം ചെയ്യുന്ന ദരിദ്ര രാജ്യങ്ങളിലെ തൊഴിലാളികളുടെ ചൂഷണത്തെ ‘പുതിയ രൂപത്തിലുള്ള അടിമത്തം’ എന്ന് മാര്‍പാപ്പ വിശേഷിപ്പിച്ചു. യുദ്ധരംഗത്ത് എഐ ഉപയോഗിക്കുന്നതിനെയും കടുത്ത ഭാഷയില്‍ മാര്‍പാപ്പ വിമര്‍ശിക്കുന്നുണ്ട്. ‘യുദ്ധത്തെ ധാര്‍മ്മികമായി ന്യായീകരിക്കാന്‍ ഒരു അല്‍ഗോരിതത്തിനും സാധിക്കില്ല,’ അദ്ദേഹം കുറിച്ചു. സാങ്കേതികവിദ്യ മനുഷ്യന് മുകളിലല്ല, മറിച്ച് മനുഷ്യനെ സഹായിക്കാനായിരിക്കാനാണ് രൂപകല്‍പ്പന ചെയ്യേണ്ടത്. വികസനത്തിന്റെ അളവുകോല്‍ ജിഡിപി മാത്രമല്ല, മറിച്ച് ജനങ്ങളുടെ ക്ഷേമം കൂടെയാണെന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു. മനുഷ്യന്‍ നിര്‍മിക്കുന്ന നിര്‍മിതബുദ്ധിക്ക് ഒരിക്കലും മനസ്സാക്ഷിക്കോ കാരുണ്യത്തിനോ ആത്മീയതയ്‌ക്കോ പകരമാകാന്‍ സാധിക്കില്ലെന്ന ശക്തമായ ഓര്‍മപ്പെടുത്തലാണ് പാപ്പയുടെ ആദ്യ ചാക്രികലേഖനം നല്‍കുന്നത്.

പാപ്പയുടെ ചാക്രികലേഖനത്തിന്റെ ഔദ്യോഗിക പ്രകാശനം, ഇന്ന് (മെയ് 25-ന്) നടന്നു. പാപ്പയോടും മറ്റ് സഭാനേതാക്കള്‍ക്കുമൊപ്പം ആന്ത്രോപിക് (യുഎസ്എ)യുടെ സഹസ്ഥാപകനും നിര്‍മ്മിത ബുദ്ധിയുടെ ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫര്‍ ഒലായും ചടങ്ങില്‍ പങ്കെടുത്തു.

Related Updates


east