ബെയ്റൂട്ട്: ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ അര്‍പ്പിച്ച ദിവ്യബലിയിലൂടെ ലബനന്റെ മുറിവുകളില്‍ ലേപനം പുരട്ടിയും ലബനീസ് ജനതയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന്‍ പാപ്പ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. അപ്പസ്‌തോലിക യാത്രയുടെ അവസാന പ്രഭാതത്തില്‍, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പാപ്പ മൗനമായി പ്രാര്‍ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. അപ്പസ്‌തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്‍, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള്‍ ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തി. അന്ന് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിലൊന്നില്‍ 236 പേര്‍ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ച ശേഷം ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ ഒന്നര ലക്ഷത്തിലധികം ജനങ്ങളോടൊപ്പം പാപ്പ ദിവ്യബലിയര്‍പ്പിച്ചു. പാപ്പ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനങ്ങള്‍ ഇവിടെ സ്ഥാനം പിടിച്ചിരുന്നു. പോപ്പ്‌മൊബൈല്‍ വേദിയിലേക്ക് പ്രവേശിച്ചപ്പോള്‍, ആഹ്ലാദപ്രകടനങ്ങള്‍ തിരമാല പോലെ ഉയര്‍ന്നു. ‘വിവാ ഇല്‍ പാപ്പാ!’ വിളികളാല്‍ ബെയ്‌റൂട്ട് മുഖരിതമായി. പരിശുദ്ധ പിതാവ് കടന്നുപോകുന്നത് കണ്ട് പലരും കണ്ണുനീര്‍ വാര്‍ത്തു. ജനങ്ങള്‍ സന്തോഷത്താല്‍ മതിമറന്നപ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആവേശം നിയന്ത്രിക്കാന്‍ പാടുപെട്ടു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലബനന്റെ തലസ്ഥാനത്ത് പാപ്പ അര്‍പ്പിച്ച ദിവ്യബലി രാജ്യത്തിന് സൗഖ്യത്തിന്റെ ലേപനമായി.
തുടര്‍ന്ന് ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദര്‍ശിച്ച പാപ്പ ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികളെ പരിപാലിക്കുന്ന സെന്റ്-ഡൊമിനിക് വിഭാഗത്തില്‍ സമയം ചെലവഴിച്ചു. ലബനനെ തന്റെ ഹൃദയത്തില്‍ വഹിക്കുന്നു എന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് പാപ്പ വത്തിക്കാനിലേക്ക് യാത്രയായത്.
The eparchy of Mananthavady was erected by His Holiness Pope Paul VI, by the Bull Quanta Gloria of March 1, 1973 bifurcating the vast diocese of Tellicherry.