കൊച്ചി: 108 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ വെച്ച് നടക്കും. ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ സമ്മേളനത്തില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ‘ഒരു വിശ്വാസം, ഒരു സമുദായം, എല്ലാ ഭൂഖണ്ഡങ്ങള്‍’ എന്നതാണ് ഈ ചരിത്ര സംഗമത്തിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.
റോം സമ്മേളനത്തിന് മുന്നോടിയായി ലോകത്തിലെ 40 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന പതാക പ്രയാണത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി. സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറിക്കൊണ്ട് പ്രയാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി മാത്യു പുളിക്കക്കര, വൈസ് പ്രസിഡന്റുമാരായ ഷെവലിയര്‍ ഡേവീസ് എടക്കളത്തൂര്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
മൗണ്ട് സെന്റ് തോമസില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലേക്കാണ് പതാക പ്രയാണം ആദ്യം നടത്തുന്നത്. തുടര്‍ന്ന് കാനഡ, യു.എസ്.എ, ഓസ്ട്രേലിയ, ഫാര്‍ ഈസ്റ്റ്, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ തിരിച്ചെത്തും. ഇന്ത്യയിലെ വിവിധ രൂപതകളിലൂടെയുള്ള പ്രയാണത്തിന് ശേഷം കേരളത്തിലെ മുഴുവന്‍ രൂപതകളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാകും ഒക്ടോബര്‍ 19-ന് പതാക റോമില്‍ എത്തിക്കുന്നത്. ആഗോള സമ്മേളനത്തിനുള്ള രജിസ്ട്രേഷന്‍, ഒരുക്കങ്ങള്‍, വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം എന്നിവ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫ്രന്‍സില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സഭാ പിതാക്കന്മാരും സമുദായ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.




Corehub Solutions Pvt. Ltd