x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Vatican

16/06/2024

സാർവത്രികസഭയുടെ പിതാവും തലവനും സീറോമലബാർസഭയുടെ പിതാവും തലവനും

സീറോമലബാർസഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാർ റാഫേൽ തട്ടിൽ പിതാവും മെത്രാന്മാരുടെ പ്രതിനിധിസംഘവും വത്തിക്കാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. റോമിലെ ഫ്യുമിച്ചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻറെ തലവൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി ഔദ്യോഗികമായി സ്വീകരിച്ചു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ മെയ് 13 തിങ്കളാഴ്ച ഇറ്റാലിയൻ സമയം രാവിലെ 7.45ന് മേജർ ആർച്ചുബിഷപ്പിനെ തൻ്റെ ഓഫീസിൽ സ്വീകരിച്ചു. പെർമനന്റ് സിനഡ് അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാൻ മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ആമുഖമായി മാർ റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡിൻറെ തീരുമാനത്തിനു അംഗീകാരം നല്കിയ മാർപാപ്പയ്ക്ക് നന്ദി അറിയിച്ചു. സീറോമലബാർ സഭയുടെ വളർച്ചയ്ക്കായി ഫ്രാൻസിസ് മാർപാപ്പ കൈക്കൊണ്ട തീരുമാനങ്ങൾ എടുത്തുപറഞ്ഞ് സഭയ്ക്കുവേണ്ടി മേജർ ആർച്ചുബിഷപ്പ് നന്ദി പറഞ്ഞു. വിശുദ്ധ കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാർപാപ്പ നടത്തിയ ഇടപെടലുകൾക്കും മേജർ ആർച്ചുബിഷപ്പ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഭാരതം മുഴുവനിലും സീറോമലബാർ സഭയ്ക്കു അജപാലന അധികാരം നല്കിയ പരിശുദ്ധ പിതാവിനു നന്ദിപറഞ്ഞ മേജർ ആർച്ചുബിഷപ്പ് സഭയുടെ അംഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച്, ഗൾഫ് രാജ്യങ്ങളിൽ തനതായ അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്ന അഭ്യർത്ഥനയും മാർപാപ്പയുടെ മുമ്പിൽ സമർപ്പിച്ചു. തുടർന്ന് സീറോമലബാർ സഭയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മേജർ ആർച്ചുബിഷപ്പും മെത്രാൻസംഘവും മാർപാപ്പയുമായി ആശയവിനിമയം നടത്തുകയുണ്ടായി. മേജർ ആർച്ചുബിഷപ്പും മെത്രാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവരോടൊപ്പം വൈദികരും സമർപ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാർസഭാഗംങ്ങളെ വത്തിക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധനചെയ്തു സംസാരിച്ചു.

മെയ് 15ന് രാവിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയത്രോ പരോളിൻ മേജർ ആർച്ചുബിഷപ്പിനെയും പ്രധിനിധിസംഘത്തെയും തൻ്റെ ഓഫീസിൽ സ്വീകരിച്ചു. തുടർന്ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ മേജർ ആർച്ചുബിഷപ്പിനു ഔദ്യോഗിക സ്വീകരണം നല്കി. വത്തിക്കാനിലുള്ള വിവിധ പൗരസ്ത്യസഭകളുടെ പ്രതിനിധികളും സ്വീകരണയോഗത്തിലും തുടർന്നുനടന്ന വിരുന്നുസൽക്കാരത്തിലും പങ്കെടുത്തു. മേജർ ആർച്ചുബിഷപ്പും സ്ഥിരംസിനഡ് അംഗങ്ങളും കർദിനാൾ പിയെത്രോ പരോളിൻ, കർദിനാൾ ക്ലൗദിയോ ഗുജറോത്തി, എറണാകുളംഅങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചുബിഷപ്പ് സിറിൽ വാസിൽ, അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവരുമായി പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചർച്ച നടത്തി. അന്നു വൈകുന്നേരം സീറോമലബാർസഭയുടെ റോമിലെ പ്രൊക്യൂറയിൽ മേജർ ആർച്ചുബിഷപ്പ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻ്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിക്കും മറ്റു ഭാരവാഹികൾക്കുമായി വിരുന്നുസൽക്കാരം നടത്തി. സന്ദർശനത്തിൻ്റെ മറ്റു ദിവസങ്ങളിൽ മേജർ ആർച്ചുബിഷപ്പും മെത്രാൻ പ്രതിനിധിസംഘവും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങൾ സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. വിശ്വാസതിരുസംഘം, സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം, മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയം, സാംസ്കാരികവിദ്യാഭ്യാസ കാര്യാലയം, വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കാര്യാലയം, ക്രൈസ്തവ ഐക്യത്തിനായുള്ള കാര്യാലയം എന്നിവിടങ്ങളിലാണ് സന്ദർശനങ്ങൾ നടത്തിയത്. മേജർ ആർച്ചുബിഷപ്പിൻ്റെ സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും പ്രധിനിധി സംഘത്തിൻ്റെ കൂടെയുണ്ടായിരുന്നു. ഔദ്യോഗികമായ സന്ദർശനങ്ങളോടൊപ്പം വിവിധ ഗ്രൂപ്പുകളെയും മേജർ ആർച്ച്ബിഷപ്പും പ്രതിനിധി സംഘവും കാണുകയുണ്ടായി.

വത്തിക്കാൻ കാര്യാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സീറോമലബാർ സഭാംഗങ്ങളായ വൈദികർ, പ~നത്തിനും അജപാലന ശുശ്രൂഷകൾക്കുമായി റോമിലുള്ള വൈദികർ, സിസ്റ്റേഴ്സ്, റോമിലെ വിവിധ സെമിനാരികളിൽ പരിശീലനം നേടുന്ന വൈദിക വിദ്യാർഥികൾ, റോമിലെ അല്മായ പ്രതിനിധികൾ എന്നിവരുമായി മേജർ ആർച്ച്ബിഷപ് സംവദിച്ചു. മെയ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 നു റോമിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടി റോം രൂപത കൈമാറിയ സാന്താ അനസ്താസിയ മൈനർ ബസിലിക്കയിൽ മേജർ ആർച്ചുബിഷപ്പിൻ്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു.

ബസിലിക്ക അങ്കണത്തിൽ എത്തിച്ചേർന്ന മേജർ ആർച്ചുബിഷപ്പിനെയും ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിനെയും മാർ സെബാസ്റ്റിയൻ വാണിയപ്പുരക്കലിനെയും ബിഷപ് മാർ ബോസ്കോ പുത്തൂരിനെയും ഇറ്റലിയിലെ നാഷണൽ കോർഡിനേറ്റർ ഫാ. ബാബു പാണാട്ടുപറമ്പിലിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിശുദ്ധ കുർബാനയിൽ മെത്രാന്മാരും നാല്പതോളം വൈദികരും സഹകാർമികരായിരുന്നു. നൂറുകണക്കിന് സിസ്റേഴ്സും ആയിരത്തിലധികം വിശ്വാസികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പിൻ്റെ സന്ദർശനം റോമിലെ വിശാസി സമൂഹത്തിനു പുതിയ ഉണർവേകി. ഇതോടെ മേജർ ആർച്ചുബിഷപ്പിൻ്റെ റോമിലെ സന്ദർശന പരിപാടികൾക്കു സമാപനമായി.

 

Related Updates


east