x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

05/06/2024

അനുസരണമുള്ളിടത്ത് സഭയുണ്ട് : മാർപാപ്പ

 

സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനവേളയിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെട്ട സീറോ മലബാർ സമൂഹത്തോടു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പ്രസംഗം.

ആദരണീയ മേജർ ആർച്ചുബിഷപ്പ്, വന്ദ്യപിതാക്കന്മാരേ, പ്രിയ സഹോദരീസഹോദരന്മാരേ,

അങ്ങയെയും അങ്ങയുടെ സഹോദരമെത്രാന്മാരെയും മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അങ്ങു നടത്തുന്ന ആദ്യത്തെ റോമായാത്രയിൽ അങ്ങയെ അനുധാവനം ചെയ്യുന്നവരെയും സ്വാഗതം ചെയ്യാൻ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ തെരഞ്ഞെടുപ്പു നടന്നതു നന്നായി. റോമിലെ സീറോമലബാർസമൂഹത്തിൻ്റെ പ്രതിനിധികളെയും ഞാൻ സാഹോദര്യത്തോടെ അഭിവാദ്യം ചെയ്യുന്നു.

നിങ്ങളുടെ പ്രിയ സഭയുടെ വിശ്വാസികൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം വിശ്വാസത്തിൻ്റെയും ഭക്തിയുടെയും തീക്ഷ്ണതയാൽ അറിയപ്പെടുന്നവരാണ്. ഭാരതത്തിൻ്റെ അപ്പോസ്തലനായ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വസാക്ഷ്യത്തിൽ വേരൂന്നിയിരിക്കുന്നതിനാൽ അതിപുരാതനമാണ് നിങ്ങളുടെ വിശ്വാസത്തിൻ്റെ ഉത്ഭവം. നിങ്ങളെല്ലാവരും അദ്ദേഹത്തിൻ്റെ അപ്പസ്തോലിക പ്രബോധനങ്ങളുടെ സൂക്ഷിപ്പുകാരും അവകാശികളുമാണ്. നിങ്ങളുടെ ദീർഘവും ദുഷ്കരവുമായ ചരിത്രത്തിൽ, വിശ്വാസകൂട്ടായ്മയിലെ ചില അംഗങ്ങൾ, അഭിവൃദ്ധി പ്രാപിക്കുന്ന നിങ്ങളുടെ സഭയുടെ പ്രത്യേകസ്വഭാവം മനസ്സിലാക്കാതെ, നിങ്ങൾക്കെതിരെ നിർഭാഗ്യകരമായ പ്രവൃത്തികൾ ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ നിങ്ങൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും നിങ്ങൾ പത്രോസിൻ്റെ പിൻഗാമിയോട് എന്നും അചഞ്ചലമായ കൂറുപുലർത്തി. അതുകൊണ്ട്, നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നതിനും നിങ്ങൾ സ്വീകരിച്ചതും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന നിങ്ങളുടെ മഹത്ത്വപൂർണ്ണമായ പാരമ്പര്യത്തിൽ നിങ്ങളെ സ്ഥിരീകരിക്കുന്നതിനും എനിക്കു വലിയ ആനന്ദം തോന്നുന്നു. നിങ്ങൾ അനുസരണ മുള്ളവരാണ്; അനുസരണമുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്ത് ശീശ്മ ഉണ്ടാവും. നിങ്ങൾ അനുസരണയുള്ളവരാണ്; അനുസരണം നിങ്ങളുടെ വലിയ ഗുണങ്ങളിൽ ഒന്നാണ്. ഇത് സഹനം ഇല്ലാതെ അല്ല എന്നെനിക്കറിയാം, എന്നാലും തുടർന്നും മുന്നോട്ടുപോവുക.

അനന്യവും അമൂല്യവുമാണ് നിങ്ങളുടെ ചരിത്രം; അതു ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനതകളുടെയും ഒരു പ്രത്യേക പൈതൃകമാണ്. പൗരസ്ത്യപാരമ്പര്യങ്ങൾ സഭയുടെ ജീവിതത്തിലെ മാറ്റിനിർത്താനാവാത്ത നിധികളാണ് എന്ന് ഉറപ്പിച്ചുപറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു. കഴിഞ്ഞകാലവുമായി നമ്മെ ബന്ധിപ്പിക്കുന്ന കണ്ണികൾ മുറിച്ചുകളയുകയും എന്താണ് ഉപകാരപ്രദവും അടിയന്തരവും എന്നുമാത്രം കണക്കാക്കി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന നമ്മുടേതുപോലെയുള്ള ഒരു കാലഘട്ടത്തിൽ അതു സവിശേഷമായി അനുസ്മരിക്കുന്നത് ഏറെ പ്രസക്തമാണ്. നിർഭാഗ്യവശാൽ മതപരമായ സമീപനങ്ങളിലും ഈ മനോഭാവം ഉണ്ട്. പൗരസ്ത്യ ക്രൈസ്തവർ നമ്മെ ആത്മീയതയുടെ പ്രാചീനവും നിത്യനൂതനമായ സ്രോതസുകളിൽ നിന്നു നുകരാൻ അനുവദിക്കുന്നു; സഭയ്ക്കു ചലനാത്മകത പകരുന്ന പുത്തൻ ഉറവകളായി അതു മാറുകയാണ്. അതുകൊണ്ടു റോമിലെ മെത്രാൻ എന്ന നിലയിൽ സീറോമലബാർ കത്തോലിക്കാസഭാംഗങ്ങളായ നിങ്ങളെ, മഹത്തായ ആരാധനാപരവും ആത്മീയവും സാംസ്കാരികവുമായ നിങ്ങളുടെ പൈതൃകം എന്നും ഏറെ തിളക്കത്തോടെ പ്രകാശിതമാകുന്നതിനുവേണ്ടി, നിങ്ങൾ എവിടെയായാലും നിങ്ങളുടെ സ്വയംഭരണാവകാശമുള്ള സഭയോടു ചേർന്നുനില്ക്കാൻ നിങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. മധ്യപൂർവദേശത്തുള്ള നിങ്ങളുടെ എല്ലാ കുടിയേറ്റക്കാരുടെമേലും ഭരണാധികാരം ലഭിക്കുന്നതിനായി ചോദിക്കാൻ മേജർ ആർച്ചുബിഷപ്പിനോടു ഞാൻ പറഞ്ഞിട്ടുണ്ട്. ഈ ഭരണാവകാശത്തിനായി രേഖാമൂലം ആവശ്യപ്പെടാനാണ് ഞാൻ പറഞ്ഞത്, എന്നാൽ ആ അധികാരം ഇന്നു നിങ്ങൾക്കു ഞാൻ നല്കുന്നു; അത് നിങ്ങൾക്ക് വിനിയോഗിച്ചു തുടങ്ങാവുന്നതാണ്. അതു രേഖാമൂലം ആക്കേണ്ടതുണ്ട്, പക്ഷേ നിങ്ങൾക്ക് ഇന്നുമുതൽ അതു വിനിയോഗിക്കാം. ഞാൻ നിങ്ങളെ മറികടക്കാനല്ല, സഹായിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്;കാരണം നിങ്ങളുടെ സഭയുടെ സ്വയംഭരണാവകാശ സ്വഭാവമനുസരിച്ച് നിങ്ങൾ നേരിടുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും ശ്രദ്ധയോടെ വിലയിരുത്തുന്നതിനുമാത്രമല്ല മേജർ ആർച്ചുബിഷപ്പിൻ്റെയും സിനഡിൻ്റെയും നിർദ്ദേശത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ട്, ഉത്തരവാദിത്തത്തോടും സുവിശേഷധീരതയോടുംകൂടി അവയെ നേരിടുന്നതിനുവേണ്ട ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും നിങ്ങൾക്ക് അധികാരമുണ്ട്. ഇതാണ് സഭ ആവശ്യപ്പെടുന്നത്; പത്രോസിനെ കൂടാതെ, മേജർ ആർച്ചുബിഷപ്പിനെ കൂടാതെ സഭയില്ല.

 

ഈ ലക്ഷ്യത്തോടെ, ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ടു, സഭയുടെ നന്മയ്ക്ക് അപകടം വരുത്തിക്കൊണ്ടുപോലും, വിട്ടുവീഴ്ചയില്ലാതെ കടുംപിടുത്തത്തിനുള്ള പ്രലോഭനം ഉണ്ടാക്കുന്ന ആപത്തിനെക്കുറിച്ചു മുന്നറിയിപ്പുനല്കിക്കൊണ്ട് അടുത്തകാലത്തായി ഞാൻ വിശ്വാസികൾക്കു കത്തുകളും വീഡിയോസന്ദേശവും അയക്കുകയുണ്ടായി. ഈ പ്രലോഭനം മുളയെടുക്കുന്നതു തേന്റതല്ലാത്ത മറ്റൊരു ചിന്താരീതിയെയും ശ്രദ്ധിക്കാത്ത, സ്വയം മാനദണ്ഢമാക്കുന്ന ശൈലിയിൽനിന്നുമാണ്. സ്പാനിഷ് ഭാഷയിൽ സ്വയം മാനദണ്ഢമാക്കുന്ന ശൈലിയെ ഞങ്ങൾ ഇങ്ങനെ വിവരിക്കാറുണ്ട്: "ഞാൻ, എനിക്ക്, എൻ്റെകൂടെ, എനിക്കുവേണ്ടി, എല്ലാം എനിക്കുവേണ്ടി'. ഇവിടെയാണ് പിശാച്, ഭിന്നിപ്പിക്കുന്നവൻ, യഥാർഥത്തിൽ നിലനില്ക്കുന്നവനായ അവൻ, നുഴഞ്ഞുകയറി, നമ്മുടെ കർത്താവു മരിക്കുന്നതിനുമുമ്പു പ്രകടിപ്പിച്ച, വിഭജനമോ കൂട്ടായ്മയുടെ തകർച്ചയോ ഇല്ലാതെ, അവിടുത്തെ ശിഷ്യരായ നമ്മൾ ഒന്നാകണം (യോഹ. 17:21) എന്ന ഏറ്റവും ഹൃദയസ്പർശിയായ ആഗ്രഹത്തെ തകിടംമറിക്കുന്നത്. ഇക്കാരണത്താൽ, ഐക്യം നിലനിറുത്തുക എന്നതു കേവലം ഒരു നല്ല ഉപദേശം മാത്രമല്ല, കർത്തവ്യമാണ്; പ്രത്യേകിച്ചും അനുസരണ വാഗ്ദാനംചെയ്തിട്ടുള്ളതും, പെരുമാറ്റത്തിൽ ഉപവിയും ശാന്തതയും വിശ്വാസികൾ പ്രതീക്ഷിക്കുന്നതുമായ വൈദികരുടെ കാര്യത്തിൽ. ആദരണീയ മേജർ ആർച്ചുബിഷപ്പ്, കൂട്ടായ്മ പരിപാലിക്കുന്നതിനു നിശ്ചയ ദാർഢ്യ ത്തോടെ നമുക്കു പ്രവർത്തിക്കുകയും കാർക്കശ്യത്തിലേക്കും ഭിന്നിപ്പിലേക്കും നയിക്കുന്ന ലൗകികതയാൽ പ്രലോഭിക്കപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാർ, തങ്ങളെ സ്നേഹിക്കുകയും തങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്ന വലിയ കുടുംബത്തിൻ്റെ ഭാഗമാണു തങ്ങളെന്നു തിരിച്ചറിയുന്നതിനായി അക്ഷീണം പ്രാർഥിക്കുകയും ചെയ്യാം. ഒരിക്കൽ അനുതപിക്കുമ്പോൾ അവർക്കു തിരികെപ്രവേശിക്കുന്നതിനു (cf. സുവിശേഷത്തിൻ്റെ ആനന്ദം, 46) ഒരു തടസവും ഉണ്ടാകാതിരിക്കാൻ ധൂർത്തപുത്രൻ്റെ ഉപമയിലെ പിതാവിനെപ്പോലെ നമുക്കു വാതിലുകൾ തുറന്നുതന്നെയിടാം; നമ്മുടെ ഹൃദയങ്ങളും തുറന്നിടാം; നാം അവർക്കുവേണ്ടി കാത്തിരിക്കുന്നു. ഭയം കൂടാതെ നമുക്ക് ഒരുമിച്ചുവരികയും ചർച്ചചെയ്യുകയും ചെയ്യാം, അതു നല്ലതാണ്; എന്നാൽ എല്ലാറ്റിനുമുപരി, ഭിന്നതകളെ അനുരഞ്ജിപ്പിക്കുകയും സംഘർഷങ്ങളെ ഐക്യത്തിലേക്കു തിരികെ കൊണ്ടുവരികയും ചെയ്യുന്ന പരിശുദ്ധാത്മാവിൻ്റെ പ്രകാശം തർക്കങ്ങൾ പരിഹരിക്കുന്നതിനായി നമുക്കു പ്രാർഥിക്കാം. ഒരു കാര്യം ഉറപ്പാണ്: അഹങ്കാരവും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും അസൂയയും കർത്താവിൽനിന്നുള്ളതല്ല; അവ ഒരിക്കലും യോജിപ്പിലേക്കും സമാധാനത്തിലേക്കും നയിക്കില്ല. നമുക്കിടയിലെ അവിടത്തെ സാന്നിധ്യത്തിൻ്റെ പരമോന്നത രൂപമായ, സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും കൂദാശയായ പരിശുദ്ധ കുർബാനയോട്, അതിൻ്റെ അർപ്പണത്തെക്കുറിച്ചുള്ള വിശദാംശങ്ങളെക്കുറിച്ചുള്ള തർക്കംമൂലം കാണിക്കുന്ന കടുത്ത അനാദരവ് ക്രൈസ്തവവിശ്വാസത്തിനു വിരുദ്ധമായ പ്രവൃത്തിയാണ്. നമ്മെ വഴിനയിക്കേണ്ട മാനദണ്ഡം,പരിശുദ്ധാത്മാവിൽനിന്നു വരുന്ന യഥാർഥ ആത്മീയതയുടെ മാനദണ്ഡമായ കൂട്ടായ്മയാണ്: ഇത് ഐക്യത്തിനായുള്ള നമ്മുടെ സമർപ്പണത്തെയും നമുക്കു ലഭിച്ച ദാനങ്ങളോടുള്ള വിശ്വസ്തവും വിനയാന്വിതവും ആദരപൂർവകവുമായ സമീപനത്തെയുംകുറിച്ച് ആത്മപരിശോധന നടത്താൻ നമ്മോട് ആവശ്യപ്പെടുന്നു. ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ നിരുത്സാഹമോ നിസഹായതാബോധമോ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സഹോദരീസഹോദരന്മാരേ, നമുക്കു പ്രത്യാശകെടുത്താതെയും ക്ഷമകാണിക്കുന്നതിൽ തളർന്നുപോകാതെയും വിദ്വേഷം ഊട്ടിവളർത്തുന്ന മുൻവിധികളാൽ അടച്ചുപൂട്ടപ്പെടാതെയുമിരിക്കാം. പിന്നെയോ, കർത്താവു നമ്മെ ഏല്പ്പിച്ചിരിക്കുന്ന വിശാലമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച്, അവിശ്വാസികൾക്കു ഇടർച്ചയാകാതെ, ലോകത്തിൽ അവിടത്തെ സാന്നിധ്യത്തിൻ്റെ അടയാളമാകുന്നതിനുള്ള വിളിയെക്കുറിച്ചു ചിന്തിക്കാം. തീരുമാനങ്ങൾ എടുക്കുമ്പോൾ ഇന്ത്യയിലും പുറത്തുമുള്ള പാവങ്ങളെയും പരിത്യക്തരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും അസ്തിത്വപ്രതിസന്ധി നേരിടുന്നവരെയുംകുറിച്ചു നമുക്കു ചിന്തിക്കാം. പ്രത്യാശയുടെയും സാന്ത്വനത്തിൻ്റെയും അടയാളങ്ങൾക്കായി കാത്തിരിക്കുന്ന വേദന അനുഭവിക്കുന്നവരെ നമുക്കു കണക്കിലെടുക്കാം. പലസ്ഥലത്തും ക്രൈസ്തവരുടെ ജീവിതം വലിയ ബുദ്ധിമുട്ടിലാണെന്ന് എനിക്കറിയാം; എന്നാൽ ക്രൈസ്തവരായ നാം തിന്മയോടു പ്രതികരിക്കുന്നത് നന്മ കൊണ്ടാണ് എന്നതും എല്ലാ വിശ്വാസികൾക്കുമൊപ്പം നാം മാനവകുലത്തിൻ്റെ നന്മക്കായി അക്ഷീണം പ്രയത്നിക്കുന്നു എന്നതുമാണ് നമ്മുടെ വ്യത്യാസം.

കുടുംബരൂപീകരണം, മതബോധനം എന്നീ മേഖലകളിൽ നിങ്ങളുടെ സഭ പുലർത്തുന്ന പ്രതിബദ്ധതയ്ക്കുനന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നതോടൊപ്പം യുവജനങ്ങളെയും ദൈവവിളികളെയും ലക്ഷ്യമാക്കിയുള്ള നിങ്ങളുടെ അജപാലനപ്രവർത്തനങ്ങളെ ഞാൻ പിന്തുണക്കുന്നു. പ്രാർഥനയിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്; എൻ്റെ ഹൃദയത്തിൽ എല്ലാദിവസവും നിങ്ങളെ സംവഹിക്കുകയും ചെയ്യുന്നു. എൻ്റെ ഈ പ്രോത്സാഹനം നിങ്ങളുടെ സഹോദരീസഹോദരന്മാരിലേക്കും എത്തിക്കുക.

നമ്മെ സ്നേഹിക്കുകയും നമ്മെ ഒന്നാക്കുകയുംചെയ്യുന്ന, അൾത്താരയ്ക്കുചുറ്റും നാം ഒരു കുടുംബമായി ഐക്യത്തിൽ ആകണമെന്ന് ആഗ്രഹിക്കുന്ന, ക്രൂശിതനും ഉത്ഥാനം ചെയ്തവനുമായ ഈശോയിലേക്കു നമുക്ക് ഒരുമിച്ചു നോക്കാം. തോമ്മാശ്ലീഹായെപ്പോലെ നമുക്ക് അവിടത്തെ മുറിവുകളിലേക്കു നോക്കാം. വിശക്കുന്നവൻ്റെയും ദാഹിക്കുന്നവൻ്റെയും പരിത്യക്തൻ്റെയും തടവറയിലും ആശുപത്രികളിലും തെരുവോരങ്ങളിലും കഴിയുന്നവരുടെയും ശരീരങ്ങളിൽ ഇന്നു നാം അതു കാണുന്നു. ഈ സഹോദരീസഹോദരന്മാരെ നാം ആർദ്രതയോടെ സ്പർശിക്കുമ്പോൾ ജീവിക്കുന്ന ദൈവത്തെ നമുക്കിടയിലേക്ക് നാം സ്വാഗതംചെയ്യുകയാണ്. അപ്പസ്തോലന്മാരെ സ്തബ്ധരാക്കുകയും പ്രത്യാശയില്ലാത്ത കുറ്റബോധത്തിലേക്ക് എറിയപ്പെടാൻ കാരണവുമായിരുന്ന ഈശോയുടെ മുറിവുകളിലേക്കു തോമ്മാശ്ലീഹായെപ്പോലെ നമുക്കു നോക്കുകയും ആ മുറിവുകളിൽനിന്നാണ് കർത്താവ് ക്ഷമയുടെയും കരുണയുടെയും നീർച്ചാലുകൾ പ്രവഹിപ്പിച്ചത് എന്നതു മനസിലാക്കുകയും ചെയ്യാം. ഒരു വലിയ ഹൃദയം; എല്ലായ്പ്പോഴും ഒരു വലിയ ഹൃദയം! അവയെക്കുറിച്ച് ധ്യാനിക്കുകയും തൻ്റെ സംശയങ്ങളും ഭയങ്ങളും അവിടുത്തെ മഹത്ത്വ ത്തിനുമുന്നിൽ അപ്രത്യക്ഷമായത് കാണുകയും ചെയ്തപ്പോൾ തോമ്മാശ്ലീഹായ്ക്ക് എത്ര വലിയ വിസ്മയമായിരിക്കും ഉണ്ടായത്! പ്രത്യാശ ജനിപ്പിക്കുന്ന വിസ്മയമാണത്; പുറത്തേക്കിറങ്ങാൻ, പുതിയ അതിർത്തി കൾ മറികടക്കാൻ, അങ്ങനെ വിശ്വാസത്തിൽ നിങ്ങളുടെ പിതാവാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച വിസ്മയം! എല്ലാ തടസ്സങ്ങളെയും മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന വിശ്വാസത്തിൻ്റെ ഈ വിസ്മയം നമുക്കും വളർത്തിയെടുക്കാം.

പത്രോസിൻ്റെയും പൗലോസിൻ്റെയും നഗരമായ റോമിലെ മാർത്തോമ്മായുടെ മക്കളായ, റോമിലെ പ്രിയ സീറോമലബാർ വിശ്വാസികളേ, നിങ്ങൾക്ക് ഒരു പ്രത്യേക ദൗത്യം നിറവേറ്റാനുണ്ട്. ഉപവിയുടെ സാർവത്രികകൂട്ടായ്മയിൽ അധ്യക്ഷ്യം വഹിക്കുന്ന (cf. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസിൻ്റെ റോമാക്കാർക്കുള്ള കത്ത്) ഈ സഭയിൽനിന്നു, കേരളത്തിൽ മാത്രമല്ല ഭാരതത്തിലും ലോകം മുഴുവനിലും നിങ്ങളുടെ സഭയിലെ ഐക്യത്തിനുവേണ്ടി പ്രാർഥിക്കാനും പ്രത്യേക വിധത്തിൽ സഹകരിക്കുവാനുംവേണ്ടി നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവവിളികളുടെ നിധിശേഖരമാണ് കേരളം! അത് അങ്ങനെ തുടരാൻ നമുക്കു പ്രാർഥിക്കാം.

ആദരണീയ മേജർ ആർച്ചുബിഷപ്, അ ങ്ങയുടെ സഹോദരനിർവിശേഷമായ സന്ദർശനത്തിനു നന്ദി. അതിൽ എനിക്ക് ഏറെ ആനന്ദമുണ്ട്. പ്രിയ സഹോദരീ സഹോദരന്മാരേ, ഹൃദയത്തിൻ്റെ അഗാധതയിൽനിന്നു ഞാൻ നിങ്ങളെ ആശീർവദിക്കുകയും പരിശുദ്ധ കന്യകാമറിയത്തിനും മാർത്തോമ്മാശ്ലീഹായ്ക്കും നിങ്ങളുടെ വിശുദ്ധർക്കും രക്തസാക്ഷികൾക്കും ഞാൻ നിങ്ങളെ ഭരമേൽപ്പിക്കുകയും ചെയ്യുന്നതോടൊപ്പം എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുതേ എന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. എല്ലാവർക്കും നന്ദി, ഒത്തിരി നന്ദി.

(കൺസിസ്റ്ററി ഹാൾ, 2024 മെയ് 13,തിങ്കൾ)

 

Related Updates


east