We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
21/07/2023
കാക്കനാട്: മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൻ്റെ വേദനിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് അതിഹീനവും മനുഷ്യത്വരഹിതവുമായ രീതിയിൽ യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഇതുപോലെ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു എന്ന് ലളിതവത്കരിക്കുന്ന മണിപ്പൂർ മുഖ്യമന്ത്രിയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും മൗനാനുവാദം നൽകുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അതിക്രൂരവും ലജ്‌ജാകരവുമായ കുറ്റകൃത്യം നടത്തിയവർക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ ഗ്ലോബൽ മാതൃവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ ആവശ്യപ്പെട്ടു.
ഭാരതാംബയുടെ മാനം കവർന്നിട്ടും ഭരണാധികാരികൾ നിഷ്‌ക്രിയത്വം തുടരുന്നത് അപമാനകരമാണ്. ഇത്തരം ഹീനമായ പ്രവർത്തികൾക്കെതിരെ ഭാരതത്തിൻ്റെ മനഃസാക്ഷി ഉണരണമെന്നും കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇരയായ സഹോദരിമാർക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടായ നഷ്ട്ടം അവരുടെ മാത്രമല്ല ഭാരതീയരായ നാം ഒരോരുത്തരുടേതുമാണ്. രാജ്യമെമ്പാടും ഈ ക്രൂരതക്കെതിരെ പ്രതിഷേധമുയർത്തണമെന്നും ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടാതിരിക്കാൻ നിയമപാലകരും ബന്ധപ്പെട്ട അധികാരികളും ജാഗ്രത പുലർത്തണമെന്നും സീറോമലബാർ മാതൃവേദി അഭ്യർത്ഥിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ആനിമേറ്റർ സി. ജീസ സി.എം.സി, പ്രസിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു, ട്രഷറർ സൗമ്യ സേവ്യർ, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജെയ്ക്കബ്, ആൻസി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ഡിംബിൾ ജോസ്, ഷീജ ബാബു, മാതൃവേദി സെനറ്റ് അംഗങ്ങൾ എന്നിവർ പ്രതിഷേധയോഗത്തിന് നേതൃത്വം നൽകി.