We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
10/05/2023
ന്യൂഡല്‍ഹി: നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. പരസ്പരമുള്ള അക്രമങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കപ്പെടും. സംഘട്ടനങ്ങള്‍, അക്രമം, തീവെയ്പ്പ് എന്നിവമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നതും നിരപരാധികളായ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ചിരിക്കുന്നതും വേദനാജനകവും പരിഹരിക്കപ്പെടേണ്ടതുമാണ്. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ഗതാഗതം എന്നിവ നിരോധിച്ചതുമൂലം പ്രശ്‌നബാധിത പ്രദേശങ്ങളിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ പുറംലോകത്തിന് അപ്രാപ്യമാകുന്നു. മലമുകളിലുള്ള ഗോത്രവിഭാഗങ്ങളും താഴ്‌വരകളിലെ മൈതേയ് സമൂഹവും തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങിയതിൻ്റെ പിന്നില്‍ സര്‍ക്കാരുകളുടെ ബോധപൂര്‍വ്വമായ നീതിനിഷേധം ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ഉടമസ്ഥ ആധികാരികതയുടെ പേരില്‍ കാലങ്ങളായി മലയോരമേഖലയില്‍ തുടരുന്ന അനീതിയ്‌ക്കെതിരെയുള്ള പ്രതികരണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്.
മണിപ്പൂരിലെ സമാധാനത്തിനും ഐക്യത്തിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തുന്നതിനുമായി രാജ്യത്തുടനീളം ക്രൈസ്തവ അല്മായ പ്രസ്ഥാനങ്ങളും വിശ്വാസിസമൂഹവും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് ലെയ്റ്റി കൗണ്‍സില്‍ ആഹ്വാനം ചെയ്തു. മണിപ്പൂര്‍ ജനസംഖ്യയുടെ 42 ശതമാനം ക്രൈസ്തവരാണ്. സിബിസിഐ നോര്‍ത്ത് ഈസ്റ്റ് റീജിയണിൻ്റെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങള്‍ക്കും ലെയ്റ്റി കൗണ്‍സില്‍ പിന്തുണ നല്‍കുന്നുവെന്ന് റീജിയണല്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജി. പി. അമല്‍രാജില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയശേഷം വി.സി.സെബാസ്റ്റിയന്‍ അറിയിച്ചു.