x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

06/10/2023

സിനഡ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൻ്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, സിനഡൽ സമ്മേളനത്തെ പരിശുദ്ധാത്മാവാണ് നയിക്കേണ്ടതെന്നും, ഇതൊരു പാർലമെന്‍ററി സമ്മേളനമല്ലെന്നും, പരസ്പരം തുറന്ന മനസ്സോടെ ശ്രവിച്ച് മുന്നോട്ട് പോകണമെന്നും ഓർമ്മിപ്പിച്ചു.

പടിഞ്ഞാറൻ നാടുകളിലെ സഭയിൽ സിനഡൽ സഭ എന്ന ചിന്ത നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ്, സിനഡിനായുള്ള സെക്രെട്ടറിയേറ്റ് സൃഷ്‌ടിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായെ അനുസ്മരിച്ചുകൊണ്ടാണ് മെത്രാന്മാരുടെ സിനഡിൻ്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ തുടക്കം കുറിച്ചത്. കഴിഞ്ഞ അറുപത് വർഷങ്ങളുടെ സിനഡൽ യാത്രയ്ക്ക് ശേഷമാണ് സിനഡാലിറ്റി എന്ന ആശയത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സിനഡിലേക്ക് നാം വന്നിരിക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.

സിനഡ് എന്നത് ഒരു പാർലമെന്‍റോ , ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി നടത്തുന്ന സുഹൃത്തുക്കളുടെ ഒരു ഒത്തുചേരലോ അല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സിനഡിനെ നയിക്കുന്നത് നാമല്ലെന്നും, നമുക്കിടയിലായിരുന്നുകൊണ്ട് പരിശുദ്ധാത്മാവാണ് സിനഡൽ പ്രവർത്തനങ്ങളെ നയിക്കേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നമുക്കിടയിൽ പരിശുദ്ധാത്മാവ് ഉണ്ടെങ്കിൽ ഇതൊരു നല്ല സിനഡായിരിക്കുമെന്നും, എന്നാൽ മാനുഷികമോ വ്യക്തിപരമോ ആശയപരമോ ആയ താല്പര്യങ്ങൾ മാത്രം മുൻനിർത്തി മുന്നോട്ട് പോകാനുള്ള ശ്രമങ്ങളാണ് ഉള്ളതെങ്കിൽ ഇതൊരു സിനഡായിരിക്കില്ലെന്നും മറിച്ച് ഒരു പാർലമെന്‍ററി സമ്മേളനം മാത്രമായിരിക്കുമെന്നും പാപ്പാ മുന്നറിയിപ്പ് നൽകി. പരിശുധാത്മാവിനെക്കുറിച്ച് വിശുദ്ധ ബേസിൽ എഴുതിയ വിചിന്തനം സിനഡിൽ പങ്കെടുക്കുന്നവർക്ക് നൽകിയിരുന്നത് ആത്മാവിൻ്റെ ഈ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാണെന്ന് പാപ്പാ വിശദീകരിച്ചു.

വിവിധ സ്വരങ്ങളുടെ ഐക്യത്തോടെ പരിശുദ്ധാത്മാവു നയിക്കുന്ന ഒരു സഭ എന്ന രീതിയിലായിരിക്കണം നാം സഭയെക്കുറിച്ച് മനസ്സിലാക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഓരോ വ്യക്തികൾക്കും ക്രൈസ്തവസമൂഹങ്ങൾക്കും അവരവരുടേതായ പ്രത്യേകതകൾ ഉണ്ടായിരിക്കാമെങ്കിലും, അവയെ ഒരുമിച്ച് ശരിയായ സംഗീതമാക്കി മാറ്റുന്നത് പരിശുദ്ധാത്മാവാണ്. ഒരു അമ്മയെപ്പോലെ നമ്മെ കൈപിടിച്ച് നടത്തുന്നതും നമ്മെ ആശ്വസിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. സഭയെ സംരക്ഷിക്കുന്നതും ഇതേ ആത്മാവാണ്. ഈ ആത്മാവിൻ്റെ വിവിധങ്ങളായ സ്വരങ്ങൾ ശ്രവിക്കുകയും മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടതിൻ്റെ ആവശ്യമുണ്ടെന്നും പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു. നമ്മെ വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്. ഈ ആത്മാവിനെ ദുഃഖിപ്പിക്കരുതെന്നും, ദൈവശാസ്ത്രചിന്തകളിൽ പ്രാധാന്യം നൽകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

മാധ്യമപ്രവർത്തകർ ചെയ്യുന്ന സേവനങ്ങളുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞ പാപ്പാ, പരിശുദ്ധാത്മാവിലുള്ള ജീവിതത്തിൻ്റെ പ്രതിഫലനമായുള്ള ആശയങ്ങൾ നൽകേണ്ടതിനെക്കുറിച്ച് ഓർമ്മിപ്പിച്ചു. കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിൻ്റെ അവസരത്തിൽ, വിവാഹമോചിതർക്ക് വിശുദ്ധകുർബാന നൽകുവാനുള്ള തീരുമാനത്തിനായാണ് അതെന്ന് പറഞ്ഞവരുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, ഇപ്പോൾ നടക്കുന്ന സിനഡിൽ സ്ത്രീകൾക്ക് പൗരോഹിത്യം അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യപ്പെടുമെന്ന് ഊഹാപോഹങ്ങൾ നടത്തുന്നവരുണ്ടെന്ന് പറഞ്ഞു. മറ്റുള്ളവരെ ശ്രവിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ സിനഡിൽ ശ്രദ്ധ നൽകുന്നത്.

സിനഡുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ചത്വരത്തിൽ രാവിലെ ഒൻപത് മണിക്ക് അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രസംഗത്തിലും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം സിനഡിൽ ഉണ്ടാകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

രണ്ടു ഭാഗങ്ങളായി നടക്കുന്ന സിനഡിൻ്റെ ഒന്നാം ഭാഗമാണ് ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ വച്ച് നടക്കുന്നത്. 2024 ഒക്ടോബറിലായിരിക്കും രണ്ടാം ഭാഗം സമ്മേളനങ്ങൾ നടക്കുക.

 

Related Updates


east