അടുത്തകാലത്തായി ഹോളിവുഡ് സിനിമകള്‍ക്കെല്ലാം ഒരു ബൈബിള്‍ ടച്ച് തോന്നുന്നുണ്ടോ, പുറത്ത് വരുന്ന സിനിമാ വാര്‍ത്തകളെക്കുറിച്ച് കേള്‍ക്കുന്നവരില്‍ പെട്ടെന്ന് ഉയരുന്നൊരു ചോദ്യമാണിത്. ‘ദി ചോസന്‍’ എന്ന പരമ്പരയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് ബൈബിള്‍ കഥകള്‍ക്ക് വലിയൊരു വിപണിയുണ്ടെന്ന് ഹോളിവുഡ് ഫിലിം നിര്‍മാതാക്കള്‍ക്ക് ബോധ്യമായിത്തുടങ്ങിയെന്ന് സാരം. അതുകൊണ്ട് തന്നെ വമ്പന്‍ സ്റ്റുഡിയോകള്‍ ഇപ്പോള്‍ ബൈബിള്‍ കഥാപാത്രങ്ങളെത്തേടി ഇറങ്ങിയിരിക്കുന്നു. ബൈബിള്‍ പശ്ചാത്തലമായി ഇനി വരാനിരിക്കുന്ന പ്രൊജക്ടുകളേതൊക്കെയെന്ന് നോക്കാം.
പാഷന്‍ ഓഫ് ക്രൈസ്റ്റ്-റിസറക്ഷന്‍
പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമാണ് ആദ്യമായി എടുത്ത് കാട്ടാനുള്ളത്. മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ഇതേപേരുളള ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. യേശുവിന്റെ മരണം മുതല്‍ പുനരുത്ഥാനം വരെയുള്ള മൂന്ന് ദിവസങ്ങളിലെ സംഭവങ്ങളാണ് പ്രമേയം. ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണിത്.
ആദ്യഭാഗം അവസാനിക്കുന്നത് യേശുവിന്റെ മൃതസംസ്‌കാരത്തിലാണ്. രണ്ടാം ഭാഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുരിശുമരണത്തിനും ഉത്ഥാനത്തിനും ഇടയിലുള്ള മൂന്ന് ദിവസങ്ങളിലാണ്. ഈ സമയത്ത് യേശുവിന്റെ ആത്മാവ് എവിടെയായിരുന്നു, എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കാതല്‍. ആദ്യ ഭാഗത്തില്‍ കണ്ട സാത്താന്റെ സാന്നിധ്യം രണ്ടാം ഭാഗത്തിലും ഉണ്ടാകും. നന്മയും തിന്മയും തമ്മിലുള്ള ആത്മീയയുദ്ധം സിനിമയുടെ ഭാഗമാകുമെന്ന് മെല്‍ ഗിബ്‌സണ്‍ സൂചിപ്പിച്ചിട്ടുണ്ട്. മരണം മുതല്‍ പുനരുത്ഥാനം വരെയുള്ള ഓരോ നിമിഷവും വളരെ വിശദമായി വിശകലനം ചെയ്യാനാണ് സംവിധായകന്റെ തീരുമാനം. വിശ്വാസികള്‍ക്ക് ആത്മീയകാഴ്ചപ്പാട് നല്‍കുന്നതിനൊപ്പം തന്നെ സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന ദൃശ്യവിസ്മയവും പ്രതീക്ഷിക്കാം.
ദാനിയേല്‍
പ്രവാചകനായ ദാനിയേലിന്റെ ജീവിതം ആസ്പദമാക്കി ‘ദാനിയേല്‍’ (Daniel) എന്നൊരു സിനിമ വരുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രം പുറത്തെത്തുമെന്നാണ് കരുതുന്നത്. അന്‍വെയില്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഡാനിയേല്‍ കൂമാന്‍, മാത്യു കൂമാന്‍ എന്നീ സഹോദരങ്ങളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് ചിത്രം ‘അലാഡിനിലൂടെ’ ശ്രദ്ധേയനായ മിന മസൂദ് ആണ് ദാനിയേലായി വേഷമിടുന്നത്. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ പ്രധാന സംഭവങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജറുസലേമിന്റെ പതനവും ദാനിയേലിനെയും സുഹൃത്തുക്കളെയും ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോകുന്നതും നെബുക്കദ്‌നസര്‍ രാജാവിന്റെ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കുന്നതും സിംഹക്കുഴിയിലെ ദാനിയേലിന്റെ അതിജീവനവുമെല്ലാം സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യയിലാണ് ചിത്രീകരിച്ചത്.
ലൗ ഇന്‍ ദി ഡിസേര്‍ട്ട്
അബ്രാഹാമിന്റെ മകന്‍ ഇസഹാക്കിന്റെയും ഭാര്യ റബേക്കയുടെയും മനോഹരമായ പ്രണയകഥയും വിവാഹവും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ലൗ ഇന്‍ ദി ഡിസേര്‍ട്ട്’ (Love in the Desert). ബൈബിളിലെ ഉല്പത്തി പുസ്തകം 24-ാം അധ്യായത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വയോവൃദ്ധനായ അബ്രാഹാം തന്റെ മകന്‍ ഇസഹാക്കിന് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ തന്റെ വിശ്വസ്ത ദാസനായ ഏലിയാസറിനെ ദൂരദേശത്തേക്ക് അയക്കുന്നു. കഠിനമായ മരുഭൂമി യാത്രയ്ക്കിടയില്‍ ദൈവിക ഇടപെടലിലൂടെ റബേക്കയെ കണ്ടെത്തുന്നതും, തുടര്‍ന്ന് ഇസഹാക്കും റബേക്കയും തമ്മിലുള്ള കൂടിക്കാഴ്ചയും വിവാഹവുമാണ് സിനിമയുടെ ഇതിവൃത്തം. ആധുനിക കാലത്തെ പ്രണയ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി, കുടുംബത്തിന്റെ അനുഗ്രഹത്തോടും ദൈവനിശ്ചയത്തോടും കൂടിയുള്ള വിവാഹബന്ധത്തിന്റെ പ്രാധാന്യം ഈ സിനിമ അടിവരയിടുന്നു.
പ്രശസ്ത സിനിമാ നിര്‍മ്മാതാവായ ജോണ്‍ ക്രിസ്റ്റഫറാണ് സംവിധാനം. പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തെ ആധാരമാക്കി സാറാ ഹാമില്‍ട്ടണ്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ വന്യമായ സൗന്ദര്യവും പകല്‍ വെളിച്ചത്തിലെ ദൃശ്യങ്ങളും പകര്‍ത്താന്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ഛായാഗ്രഹകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ബൈബിള്‍ കാലഘട്ടത്തിലെ മരുഭൂമി ജീവിതം, വേഷവിധാനം, സംസ്‌കാരം എന്നിവ ഒട്ടും ചോര്‍ന്നുപോകാതെ വളരെ തന്മയത്വത്തോടെയാണ് ഈ സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. കേവലം ഒരു പ്രണയകഥ എന്നതിലുപരി, ദൈവഹിതത്തിന് കീഴടങ്ങുന്നതും വിശ്വാസത്തോടെ കാത്തിരിക്കുന്നതും എങ്ങനെയെന്നും ഈ ചിത്രം കാണിച്ചുതരുന്നു. ബൈബിള്‍ അധിഷ്ഠിത സിനിമകള്‍ നിര്‍മ്മിക്കുന്ന പ്രശസ്ത സ്റ്റുഡിയോകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2026 ജൂലൈ മാസത്തില്‍ ഈ ചിത്രം പ്രതീക്ഷിക്കാം.
എ ലൈഫ് ഓഫ് ജീസസ്
പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസീസി ക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കി പുതിയൊരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍പത്തെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി ലളിതവും ആധുനികവുമായ രീതിയിലായിരിക്കും ഈ ചിത്രം ഒരുങ്ങുക. ‘എ ലൈഫ് ഓഫ് ജീസസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഷുസാകു എന്‍ഡോയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ക്രിസ്തുവിന്റെ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും ഈ സിനിമ.
ദി ജീസസ് ഫിലിം
1979-ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ‘ദി ജീസസ് ഫിലിം’ (The Jesus Film) അത്യാധുനിക സാങ്കേതിക വിദ്യയോടെ പുനര്‍നിര്‍മിക്കുന്നു. ഹോളിവുഡ് നിലവാരത്തിലുള്ള ത്രിഡി ആനിമേഷന്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാര്‍ വാര്‍സ് പോലുള്ള വമ്പന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച പ്രഗത്ഭരായ കലാകാരന്മാരാണ് ഇതിന് പിന്നില്‍.
ഈ വര്‍ഷം ക്രിസ്മസിന് ഈ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കിയാണ് തിരക്കഥ. ‘മുലാന്‍’, ‘ദ ലയണ്‍ കിംഗ്’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഡൊമിനിക് കരോള ആണ് ഇത് സംവിധാനം ചെയ്യുന്നത്. യേശു ജീവിച്ചിരുന്ന കാലത്തെ കെട്ടിടങ്ങള്‍, വസ്ത്രങ്ങള്‍, ഭൂപ്രകൃതി എന്നിവ അതേപടി പകര്‍ത്താന്‍ പുരാവസ്തു ഗവേഷകരുടെയും ചരിത്രകാരന്മാരുടെയും സഹായം അണിയറശില്പികള്‍ തേടിയിരുന്നു. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ക്രിസ്തുവിന്റെ കഥാനുഭവങ്ങളില്‍ പ്രേക്ഷകര്‍ക്ക് നേരിട്ട് പങ്കാളികളാകാന്‍ കഴിയുന്ന രീതിയിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളാണ് ഇതിനൊപ്പം ഒരുക്കിയത്. ആദ്യഘട്ടത്തില്‍ 100-ലധികം ഭാഷകളില്‍ ചിത്രം ലഭ്യമാകും. പടിപടിയായി ഇത് ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
ഡേവിഡ്
ദാവീദ് രാജാവിന്റെ കഥ പറയുന്ന ആനിമേഷന്‍ ചിത്രമാണിത്. ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, ദാവീദിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത വശങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സംവിധായകന്‍ ബ്രെന്റ് ഡാസിന്റെ വാക്കുകള്‍. അഭിഷേകം, സാവൂള്‍ രാജാവുമായുള്ള ബന്ധം, അദ്ദേഹത്തിന്റെ ആത്മീയത എന്നിവയ്ക്ക് സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഗായകനായ ഫില്‍ വിക്കാം ദാവീദിന് ശബ്ദം നല്‍കിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം മാര്‍ച്ച് 12 മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.
ഹൗസ് ഓഫ് ഡേവിഡ്
ആമസോണ്‍ MGM സ്റ്റുഡിയോസും വണ്ടര്‍ പ്രോജക്റ്റും ചേര്‍ന്ന് ദാവീദ് രാജാവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ബിഗ് ബജറ്റ് വെബ് സീരീസാണ് ‘ഹൗസ് ഓഫ് ഡേവിഡ്’ (House of David). കഴിഞ്ഞവര്‍ഷം ഫെബ്രുവരി 27-നാണ് ഈ പരമ്പര പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മൈക്കല്‍ ഇസ്‌കന്ദര്‍ ആണ് ദാവീദായി അഭിനയിക്കുന്നത്. സാവൂള്‍ രാജാവിന്റെ പതനവും, ഇസ്രായേലിന്റെ രാജാവായി ദാവീദ് ഉയര്‍ന്നു വരുന്നതുമാണ് പരമ്പരയുടെ ഇതിവൃത്തം. ‘ദ ചോസണ്‍’ എന്ന പ്രശസ്ത സീരീസിന്റെ സംവിധായകന്‍ ഡള്ളസ് ജെങ്കിന്‍സ് ഈ പ്രോജക്റ്റിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നുണ്ട്. ജോണ്‍ എര്‍വിന്‍ ആണ് ക്രിയേറ്റര്‍. ഒന്നാം ഭാഗം സൂപ്പര്‍ഹിറ്റ് ആയതിനുശേഷം, രണ്ടാം സീസണിന്റെ റിലീസ് മാര്‍ച്ച് 27-ന് ഉണ്ടാകുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പൗലോസ് അപ്പസ്തോലന്‍ (Apostle Paul)
പ്രശസ്ത നടന്‍ ഹഗ് ജാക്മാന്‍ അപ്പസ്തോലനായ പൗലോസിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ദീര്‍ഘനാളായി ചര്‍ച്ചയിലുണ്ട്. വാര്‍ണര്‍ ബ്രദേഴ്സ് ആണ് ഇതിന് പിന്നില്‍. പൗലോസിന്റെ മനംമാറ്റവും ക്രിസ്തുവിനെ പ്രഘോഷിക്കാനായി അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇതിവൃത്തം. മാറ്റം വരുത്തിയ തിരക്കഥയുമായി ഈ ചിത്രം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
അതെ, ഹോളിവുഡിലും അന്താരാഷ്ട്ര തലത്തിലും ബൈബിള്‍ പ്രമേയമാക്കി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒട്ടേറെ ചിത്രങ്ങളുണ്ട്. എല്ലാ കാലഘട്ടത്തെക്കാളും ബൈബിളും ക്രിസ്തുവും കൂടുതലായി ജനങ്ങളിലേക്കിറങ്ങി വരുന്നു എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവെന്ത്?
-ജെയ്മോന്‍ കുമരകം




Corehub Solutions Pvt. Ltd