We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar28/07/2026
കുവൈറ്റിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്ത ഒരു പേരാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ലത്തീഫ് സാഹിബിന്റേത് ( Latheef Sahib). വര്‍ഷങ്ങള്‍ക്കു മുന്‍പ് കുവൈറ്റ് അബ്ബാസിയയിലെ സാധാരണക്കാരായ അനേകം വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ പോലും സാഹചര്യമില്ലാതിരുന്ന കാലത്ത്, കത്തോലിക്കരായ അനേകം പേര്‍ക്ക് അതിനുള്ള അവസരം വര്‍ഷങ്ങളോളം ലഭിച്ചത് മുസ്ലിം സമുദായത്തില്‍ പെട്ട ലത്തീഫ് സാഹിബിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുമൂലമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അന്തരിച്ച ലത്തീഫ് സാഹിബിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട്, 27 വര്‍ഷങ്ങള്‍ കുവൈറ്റില്‍ ജീവിച്ച ബിജോയ് എസ്. പാലക്കുന്നേല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാണ്.
ഏറ്റവും കൂടുതല്‍ മലയാളികളും പ്രത്യേകിച്ച് കത്തോലിക്കരും ഉണ്ടായിരുന്ന ഒരു സ്ഥലം കൂടിയാണ് അബ്ബാസിയ. അന്ന് ഒരു വിശുദ്ധകുര്‍ബാന കാണണമെങ്കില്‍ 50 കിലോമീറ്റര്‍ അകലെയുള്ള കുവൈറ്റ് സിറ്റിയില്‍ എത്തണം. അവിടുത്തെ സാധാരണക്കാരായ സീറോമലബാര്‍ വിശ്വാസികളില്‍ ചിലര്‍ക്ക് ഇക്കാമയും സ്വന്തമായി വാഹനവും ഇല്ലാതിരുന്നതിനാല്‍ ദൂരെയുള്ള കുവൈറ്റ് സിറ്റിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. നിയമപരമായ പേപ്പറുകള്‍ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കേരളത്തില്‍ പോകുവാന്‍ കഴിയാത്തവരും ഇവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കത്തോലിക്കരായ പലരും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിട്ട് വര്‍ഷ ങ്ങളായിരുന്നു. ഈ വിവരം അന്നത്തെ കുവൈറ്റ് അപ്പസ്‌തോലിക് വികാരിയേറ്റിന്റെ ചുമതല വഹിച്ചിരുന്ന ബിഷപ് കമില്ലോ വെല്ലിനെ അറിയിച്ചു.
പരസ്യമായ രീതിയിലുള്ള ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പണം അന്ന് ആ നാട്ടില്‍ സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ കെട്ടിടങ്ങളുടെ ബേസ്മെന്റ് ഹാളുകള്‍ ആണ് ഇതിനുവേണ്ടി കൂടുതലും അന്വേഷിച്ചത്. ബിഷപ് തന്നെ നേരിട്ട് ബെയ്‌സ്‌മെന്റ് ഹാളുകള്‍ അന്വേഷിച്ചെങ്കിലും പലവിധ കാരണങ്ങള്‍ക്കൊണ്ട് ശരിയായില്ല. ആ സമയത്താണ് ബിജോയ് പാലക്കുന്നേലും രണ്ടു സുഹൃത്തുക്കളും കൂടി ലത്തീഫ് സാഹിബിനെ സമീപിച്ചത്. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ റിഥം ഓഡിറ്റോറിയത്തിന്റെ കെയര്‍ടേക്കര്‍ ആയിരുന്നു അക്കാലത്ത് (2008) ലത്തീഫ് സാഹിബ്.
സീറോമലബാര്‍ അസോസിയേഷന്റെ ചില പ്രോഗ്രാമുകള്‍ ഈ ഹാളില്‍ നടത്തിയതുകൊണ്ട് അദ്ദേഹവുമായി പരിചയവും ഇവര്‍ക്ക് ഉണ്ടായിരുന്നു. കത്തോലിക്ക വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും, അതില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് ഒരുമിച്ചു കൂടുന്നതിനും ഒരു സ്ഥലം ശരിയാക്കി തരണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ലത്തീഫ് സാഹിബ് സന്തോഷത്തോടെ, ധൈര്യസമേതം കെഎംസിസിയുടെ ഹാള്‍ നല്‍കി. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ ഒമ്പതുവരെയായിരുന്നു സമയം. ആ ബെയ്‌സ്‌മെന്റ് ഹാളിനുള്ള എഗ്രിമെന്റ് എഴുതിയത് കുവൈറ്റിലെ അന്നത്തെ സീറോമലബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ബിജോയിയും ലത്തീഫ് സാഹിബും തമ്മിലായിരുന്നു. രഹസ്യസ്വഭാവത്തോടെയാണ് അവിടെ അന്ന് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്.
വിശുദ്ധ കുര്‍ബാനയ്ക്ക് യാതൊരുവിധത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ആ സമയം സമീപത്തുള്ള ഹാളുകളിലെ പ്രോഗ്രാമുകള്‍ ഒഴിവാക്കുകയും ചെയ്തു. ഹാളും അവിടേക്ക് നടന്നുവരുന്ന വഴിയുമെല്ലാം കുര്‍ബാന അര്‍പ്പണത്തിന് മുമ്പ് തന്നെ വൃത്തിയാക്കി ഇടുമായിരുന്നു ലത്തീഫ് സാഹിബ്. അന്നത്തെ കെഎംസിസിയുടെ ഭാരവാഹികളുടെ പൂര്‍ണ പിന്തുണയും ഈ ഹാള്‍ വിട്ടുനല്‍കുന്നതിന് ഉണ്ടായിരുന്നു.
200 പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളില്‍ 650 പേര്‍ വരെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. ആളുകളുടെ എണ്ണം വര്‍ധിച്ചു വന്നപ്പോള്‍ കയറി നില്‍ക്കാന്‍ സ്വന്തം കിടപ്പുമുറിപോലും വിട്ടുകൊടുക്കുമായിരുന്നു ലത്തീഫ്. മറ്റെവിടെയും കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ആ കിടപ്പു മുറിയില്‍ തന്നെ വൈദികന് കുമ്പസാരിപ്പിക്കാനുള്ള സൗകര്യങ്ങള്‍ പലപ്പോഴും ഒരുക്കിക്കൊടുത്തിരുന്നു എന്ന് ബിജോയ് ശാലോം ന്യൂസിനോടു പറഞ്ഞു. 2008-ല്‍ തുടങ്ങി 10 വര്‍ഷം ലത്തീഫ് സാഹിബിന്റെ സഹായത്തോടെ ബേസ്‌മെന്റില്‍ കുര്‍ബാനകള്‍ മുമ്പോട്ടുപോയി. അന്നത്തെ വേദപാഠ ക്ലാസുകളില്‍ സംബന്ധിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ വൈദികനാണ്. രണ്ടു പേര്‍ കന്യാസ്ത്രീകളായി. മൂന്നു പേര്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തോടൊപ്പം സഭയും വളരുകയായിരുന്നു ഈ കാലഘട്ടത്തില്‍.
ലത്തീഫ് സാഹിബിന്റെ സഹായങ്ങള്‍ക്കുള്ള നന്ദിസൂചകമായി സീറോ മലബാര്‍ അസോസിയേഷന്‍ അദ്ദേഹത്തെ ഒരിക്കല്‍ ആദരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സാഹിബിന്റെ മറുപടി മറ്റൊന്നായിരുന്നു. അക്കാലത്ത് വീട്ടുജോലിക്കായി എത്തുന്നവര്‍ കുവൈറ്റികളുടെ പീഡനങ്ങള്‍ മൂലം ഒളിച്ചോടി പോകാറുണ്ടായിരുന്നു. അങ്ങനെ ഇന്ത്യന്‍ എംബസിയില്‍ എത്തുന്നവരെ താമസിപ്പിക്കാന്‍ കെഎംസിസിയുടെ കെട്ടിടങ്ങള്‍ അന്നത്തെ അംബാസിഡര്‍ ഉപയോഗിച്ചിരുന്നു. ”നിങ്ങള്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതി, അത് എനിക്കുള്ള ഗിഫ്റ്റായിട്ട് സ്വീകരിച്ചുകൊള്ളാം.” ഇതായിരുന്നു ലത്തീഫ്.
’11 വര്‍ഷമായി നാട്ടില്‍ പോയിട്ട്. അതിലേറെയായി ഒരു വിശുദ്ധ കുര്‍ബാന കൂടിയിട്ട്, ഇത് ചെയ്തു തന്നവരെ ദൈവം അനുഗ്രഹിക്കും.’ വിശുദ്ധ കുര്‍ബാന ആരംഭിച്ച് രണ്ടാമത്തെ ആഴ്ച പള്ളിയില്‍ വന്ന ഒരാള്‍ നിറകണ്ണുകളോടെ പറഞ്ഞ അനുഭവവും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഒരു മാതൃകയാണ് ലത്തീഫ് സാഹിബ്.. ആ വലിയ മനസിനും ഓര്‍മ്മകള്‍ക്കും പ്രണാമം… പ്രാര്‍ത്ഥനകള്‍.