x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

28/07/2026

അള്‍ത്താരയിലെ രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികം; വെറുപ്പിനെ തോല്‍പ്പിച്ച ക്ഷമയുടെ സാക്ഷ്യവുമായി ഫാ. ഹാമലിന്റെ സഹോദരി

ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തില്‍ അള്‍ത്താരയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ഫാ. ഷാക് ഹാമലിന്റെ പത്താം ചരമവാര്‍ഷികത്തില്‍ ഫാ. ഹാമലിന്റെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പിനെ അതിജീവിച്ച ക്ഷമയുടെ അസാധാരണ കഥ ശ്രദ്ധ നേടുന്നു. രാജ്യവും സഭയും ഒന്നുചേര്‍ന്നാചരിച്ച പത്താം വാര്‍ഷികാചരണത്തില്‍ ക്രൈസ്തവ ക്ഷമയുടെ ജീവിക്കുന്ന സാക്ഷ്യമായി മാറിയ, കൊല്ലപ്പെട്ട വൈദികന്റെ സഹോദരി 86-കാരിയായ റോസ്ലിന്‍ ഹാമലും പങ്കുചേര്‍ന്നു. സഹോദരന്റെ വിയോഗത്തിന്റെ അഗാധമായ ദുഃഖത്തിനിടയിലും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയെ അന്വേഷിച്ചു കണ്ടെത്തിയ റോസ്ലിന്‍ നാസെറയോട് ചേര്‍ന്ന് ‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരുന്നു. തന്റെ സഹോദരനില്‍ നിന്നുള്ള ക്ഷമയുടെ സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോസ്‌ലിന്‍ പറയുന്നു.

 ‘എന്റെ അഗാധമായ വേദന മനസ്സിലാക്കാന്‍ തന്റെ മകന്റെ അക്രമം കാരണം അതിലേറെ വേദന അനുഭവിക്കുന്ന ആ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,’ റോസ്ലിന്‍ പങ്കുവച്ചു.  2017-ല്‍ കെര്‍മിഷിന്റെ വീട്ടില്‍ ആദ്യമായി ചെന്നപ്പോള്‍, ‘എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് ആ അമ്മ റോസ്ലിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. പതുക്കെ വളര്‍ന്ന ഈ ആത്മബന്ധം 2025-ല്‍ ‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ എന്ന പുസ്തക രചനയിലേക്ക് നയിച്ചു.

2016 ജൂലൈ 26-നാണ് ഫ്രാന്‍സിലെ  സെന്റ്-എറ്റിയെന്‍-ദു-റൂവ്രേയിലെ ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനിടെയാണ് രണ്ട് ഐസിസ് ഭീകരര്‍  85-കാരനായ ഫാ. ഷാക് ഹാമലിനെ കൊലപ്പെടുത്തിയത്.  ഫാ. ഹാമല്‍ രക്തസാക്ഷിത്വം വരിച്ച അതേ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ദിവ്യബലിയില്‍ ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ജീന്‍ മാര്‍ക്ക് അവെലിന്‍, റൂവെന്‍ ആര്‍ച്ചുബിഷപ് ഡൊമിനിക് ലെബ്രുന്‍, പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദൈവാലയത്തില്‍ സംഭവിച്ച ഈ ദുരന്തം സമൂഹത്തെ വിഭാഗീയതയിലേക്കും അക്രമത്തിലേക്കും നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ നമ്മള്‍ ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് നിന്ന് ഇതിനെ നേരിടുമെന്നും കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാന്ദ് ഇതിനോടനുബന്ധിച്ച് പുറപ്പെടുവിച്ച  വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 2012 മുതല്‍ 2017 വരെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്നു ഒലാന്ദ്. ഫാ. ഷാക് ഹാമലിനെ തങ്ങള്‍ ഒരിക്കലും മറക്കുകയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എക്‌സില്‍ കുറിച്ചു.ഫാ. ഹാമല്‍ ഉയര്‍ത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ക്ക് രാജ്യം പ്രണാമമര്‍പ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭജനവും വെറുപ്പും വിതയ്ക്കാന്‍ ശ്രമിച്ച ഭീകരതയുടെ  മുന്നില്‍ സ്‌നേഹത്തിന്റെയും നിരുപാധികമായ ക്ഷമയുടെയും ക്രിസ്തീയ സാക്ഷ്യം ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുന്ന വേദിയായി ഫാ. ഹാമലിന്റെ രക്തസാക്ഷിത്വത്തിന്റെ പത്താംവാര്‍ഷികാചരണം മാറി.

Related Updates


east