x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

13/09/2023

സിനഡ് കമ്മിറ്റിയുടെ ചർച്ചയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കരുത്: സീറോമലബാർസഭ പി.ആർ.ഒ

ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നപരിഹാരത്തിനായി സീറോമലബാർ സഭാസിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. ചർച്ചകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കൃത്യമായി അറിയിച്ചിരുന്നതാണ്. എന്നാൽ, സിനഡുസമിതിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടു.

ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിൽ നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിൻ്റെ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് ചർച്ചകളുടെ പ്രാരംഭമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. ഈ വസ്തുത സിനഡുസമ്മേളനത്തിലും തുടർന്നുള്ള ചർച്ചകളിലും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മെത്രാന്മാരുടെ സമിതിക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുകയില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അറിയിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റിൻ്റെ പരിഗണനക്കായി നൽകിയ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളും ബന്ധപ്പെട്ടവരെ അതാത് സമയങ്ങളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നടത്തിയ ചർച്ചകളിൽ അന്തിമമായ തീരുമാനം ഇനിയും രൂപപ്പെട്ടിട്ടില്ല എന്ന് അറിയിക്കുന്നു. ആയതിനാൽ, വാസ്തവവിരുദ്ധമായ പ്രചരണങ്ങൾ നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർ അത്തരം നടപടികളിൽനിന്നും പിന്മാറേണ്ടതാണ്.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിൻ്റെ നിർദ്ദേശപ്രകാരം 2023 ജനുവരി മാസത്തിൽ നടന്ന സിനഡ് നിയോഗിച്ച ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ നേതൃത്വത്തിലുള്ള ആറംഗ മെത്രാൻ സമിതിയും തുടർചർച്ചകൾക്കായി നിയോഗിക്കപ്പെട്ട അല്മായപ്രമുഖരും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയുണ്ടായി. പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ഒന്നാംഘട്ട ദൗത്യപൂർത്തീകരണത്തിനുശേഷം നടന്ന ഓഗസ്റ്റ് മാസത്തിലെ സിനഡിൽ അദ്ദേഹത്തിന്റെ ദൗത്യങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡു തീരുമാനിച്ചിരുന്നു. മാർ ബോസ്കോ പുത്തൂർ പിതാവിൻ്റെ നേതൃത്വത്തിൽ 9 മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി പതിനാറു തവണ ചർച്ചകൾ നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും ഫൊറോനാ വികാരിമാരുമായും വൈദിക സമിതി (Presbyteral Council) അംഗങ്ങളുമായും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളുമായും വിവിധ അല്മായ സംഘടനാ പ്രതിനിധികളുമായും വിശദമായ ചർച്ചകൾ നടന്നു.

ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ തുടർന്നത്. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശ്ലൈഹികസിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ ആത്യന്തികമായി നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണം എങ്ങനെ നടപ്പിൽ വരുത്തണം എന്നത് മാത്രമായിരുന്നു ചർച്ചാവിഷയം. ഏതെങ്കിലും ഒരു രൂപതയിൽ ഇതു നടപ്പിലാക്കാൻ പ്രതിസന്ധി നേരിടുന്നു എന്നതു മേല്പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. ഈ സത്യം മനസിലാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ചുള്ള സിനഡു തീരുമാനം നടപ്പിലാക്കി സഭാകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കത്തോലിക്കാ സഭാകൂട്ടായ്മയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും നിക്ഷിപ്തതാല്പര്യങ്ങൾ മനസ്സിലാക്കി എല്ലാവരും ഉണർന്നുപ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിപ്രായാന്തരങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും ഇടപെടലുകളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ അഭിപ്രായസമന്വയത്തിനായി പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ സഭയുടെ മനസ്സു തിരിച്ചറിഞ്ഞ് എല്ലാവരും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Updates


east