x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

24/08/2023

കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം

എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും കൂട്ടായ്മയുടെ ഈ സന്ദേശം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു:

പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. പ്രശ്നപരിഹാരത്തിനുള്ള അവസാന മാർഗ്ഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് സിറിൽ വാസിലിനെ പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ചത്. എന്നാൽ പൊന്തിഫിക്കൽ ഡെലഗേറ്റിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് കത്തോലിക്കാ കൂട്ടായ്മയിൽ തുടരാനാകാത്ത സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഏറെ ദുഃഖകരമായ ഈ സാഹചര്യത്തിൽ നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്മ നിങ്ങളിലാരും നഷ്ടപ്പെടുത്തരുതെന്ന് ഞങ്ങൾ ഹൃദയപ്പൂർവം ആഗ്രഹിക്കുന്നു. ഇതിനായി സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത നിങ്ങൾ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണം.

എറണാകുളം-അങ്കമാലി അതിരൂപതാ അംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡ് സന്നദ്ധമാണ്. സംഭാഷണം സുഗമമാക്കാൻ മാർ ബോസ്കോ പുത്തൂർ (കൺവീനർ), ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് ചിറ്റൂപ്പറമ്പിൽ സിഎംഐ, മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിന്നുള്ള അഞ്ച് ബിഷപ്പുമാരാണ് ചർച്ചയ്ക്ക് തുടക്കമിടുന്നത്. ചർച്ചകൾക്കുള്ള നിർദ്ദേശങ്ങൾ ഇവയാണ്:

1. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ പൊന്തിഫിക്കൽ ഡെലഗേറ്റിൻ്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും കീഴിലായതിനാൽ പേപ്പൽ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിൻ്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ കഴിയൂ.
2. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തന്ന ഉദ്ബോധനം അനുസരിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം.
3. ഏകീകൃത കുർബാനയർപ്പണരീതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കത്തീഡ്രൽ ബസിലിക്ക, പരിശീലനകേന്ദ്രങ്ങൾ, സന്യാസ ഭവനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം ആരംഭിക്കേണ്ടതാണ്.
4. ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിനുവേണ്ടി ബോധവത്കരണത്തിനായി നിശ്ചിതസമയം ആഗ്രഹിക്കുന്ന ഇടവകകൾ കാനോനികമായ ഒഴിവ് (CCEO 1538) വാങ്ങേണ്ടതാണ്.
5. ഏകീകൃത വിശുദ്ധ കുർബാനയർപ്പിക്കുന്ന വൈദികർക്കും അപ്രകാരം അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ല.
6. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളോ സ്ഥാപനങ്ങളോ സന്ദർശിക്കുന്ന മെത്രാൻമാർക്ക് വിശുദ്ധ കുർബാന ഏകീകൃത
രീതിയിൽ അർപ്പിക്കുന്നതിന് തടസ്സമുണ്ടാകരുത്. ഇത്തരം അവസരങ്ങളിൽ എല്ലാ ഇടവക വൈദികരും അതത് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
7. വിശുദ്ധ കുർബാനയർപ്പണങ്ങളിൽ പരിശുദ്ധ മാർപാപ്പ, മേജർ ആർച്ച്ബിഷപ്പ്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ പേരുകൾ അനുസ്മരിക്കേണ്ടതാണ്.

പ്രിയ വൈദിക സഹോദരങ്ങളേ, പരിശുദ്ധ പിതാവ് തൻ്റെ പ്രത്യേക പ്രതിനിധിയായ പൊന്തിഫിക്കൽ ഡെലഗേറ്റിലൂടെ നമ്മോട് ആവശ്യപ്പെട്ട വിധേയത്വം തിരസ്കരിക്കുന്നത് വേദനാജനകമായ നടപടികളിലേക്ക് നയിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം. എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവ് ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിനും നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിനും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ മാധ്യസ്ഥ്യത്തിനും നിങ്ങളെ ഭരമേല്പിക്കുന്നു.

(സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിൻ്റെ മൂന്നാം സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാരും ചേർന്ന് പ്രസിദ്ധീകരിക്കുന്നത്)

Related Updates


east