We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/02/2023
കാക്കനാട്: സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം യുവജനതയെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഫെബ്രുവരി 5-ാം തീയതി ഞായറാഴ്ച്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ വെച്ച് നടത്തിയ സീറോമലബാർ യൂത്ത് മൂവ്മെന്റിന്‍റെ (എസ്.എം.വൈ.എം.) ഗ്ലോബൽ സിൻഡിക്കേറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കേണ്ടത് ആ മനുഷ്യസ്നേഹിയുടെ കരുതലും, സ്നേഹവും ജീവിച്ചുകൊണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. ആധുനിക സാമൂഹിക സമ്പർക്ക മാധ്യമങ്ങളുടെ ഉപയോഗത്തിൽ ജാഗ്രതയുള്ളവരാകണമെന്നും ഇത്തരം മാധ്യമങ്ങളെ അപരന്‍റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും യുവതീയുവാക്കളെ കർദിനാൾ ഓർമിപ്പിച്ചു.
എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡൻ്റ് അരുൺ ഡേവിസ് കല്ലേലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള സീറോമലബാർ യുവജനങ്ങളെ ഒരുമിപ്പിക്കുന്ന യുവജനസംഘടനയായി സീറോമലബാർ യൂത്ത് മൂവ്മെൻ്റ് വളരുമെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മാർ പണ്ടാരശ്ശേരിൽ പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ ഡയറക്‌ടർ ഫാ. ജേക്കബ് ചക്കാത്ര ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ആനിമേറ്റർ സി. ജിൻസി ചാക്കോ എം.എസ്.എം.ഐ, ഗ്ലോബൽ സെക്രട്ടറി വിനോദ് റിച്ചാർഡ്സൺ, ജോസ്‌മോൻ കെ ഫ്രാൻസിസ്, കേരളാ റീജിയൻ പ്രസിഡൻ്റ് വിശാഖ് തോമസ്, സിജോ അമ്പാട്ട്, കൺവീനർ സാം സണ്ണി എന്നിവർ പ്രസംഗിച്ചു.